ദോഹ: വീട്ടുവേലക്കാരികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികളിൽ മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ അഫേഴ്‌സ് മന്ത്രാലയം നിയമിക്കുന്ന ഉദ്യോഗസ്ഥർ അടുത്ത മാസം മുതൽ പരിശോധന നടത്തും. രാജ്യത്തെ ലേബർ നിയമങ്ങൾ കൃത്യമായി അനുസരിച്ചാണോ വീട്ടുവേലക്കാരികളെ ഏജൻസികൾ റിക്രൂട്ട് ചെയ്യുന്നതെന്ന് ഉറപ്പുവരുത്താനാണ് പരിശോധനയെന്ന് മന്ത്രാലയം വ്യക്തമാക്കി. അടുത്ത മാസം മുതൽ ഇത്തരത്തിൽ പരിശോധന ആരംഭിക്കും.

വീട്ടുവേലക്കാരികളുടെ നിയമനം സംബന്ധിച്ച് സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നും ഒട്ടേറെ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കർശനമാക്കുന്നതെന്ന് മന്ത്രാലയം വെളിപ്പെടുത്തി. ഏജൻസികൾ ഈടാക്കുന്ന അമിത ഫീസ്, ഒളിച്ചോടുന്ന വീട്ടുവേലക്കാരികൾ, ഒരു സ്‌പോൺസറെ വിട്ടു ജോലിക്കാരി പോയാൽ പകരത്തിന് ആളെ നിയമിക്കുന്നതിൽ ഏജൻസി വരുത്തുന്ന വീഴ്ച തുടങ്ങിയവയാണ് ഇതു സംബന്ധിച്ച് മന്ത്രാലയത്തിന് ലഭിക്കുന്ന പരാതികൾ. മന്ത്രാലയം നിഷ്‌ക്കർഷിച്ചിരിക്കുന്ന ഗൈഡ് ലൈനുകൾക്കനുസരിച്ചാണോ ഏജൻസികൾ പ്രവർത്തിക്കുന്നതെന്ന് ഒരു മാസം നീണ്ടു നിൽക്കുന്ന ഈ പരിശോധനയിൽ ഉറപ്പാക്കും. ഇതിൽ വീട്ടുവീഴ്ച നടത്തിയെന്നു കണ്ടെത്തുന്ന ഏജൻസികളുടെ ലൈസൻസ് റദ്ദാക്കുമെന്നും മുന്നറിയിപ്പുണ്ട്.

വീട്ടുവേലക്കാരികളെ നൽകുന്ന ഏജൻസികൾ സംബന്ധിച്ച് ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ ബോധിപ്പിക്കാനായി മിനിസ്ട്രി ഹോട്ട്‌ലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 8006611 എന്ന നമ്പരിൽ വിളിച്ച് ഇതുസംബന്ധിച്ച പരാതി സമർപ്പിക്കാം. വീട്ടുവേലയ്ക്ക് തൊഴിലാളികളെ കൊണ്ടുവരുമ്പോൾ അവരെ താത്ക്കാലികമായി താമസിപ്പിക്കുന്ന സ്ഥലം, അവർക്ക് നൽകുന്ന ശമ്പളം, ആനുകൂല്യങ്ങൾ, കമ്പനി സംബന്ധിച്ച വിവരങ്ങൾ എന്നിവയെല്ലാം തൊഴിൽ മന്ത്രാലയം പരിശോധനയ്ക്ക് വിധേയമാക്കും.