ഒമാനിൽ പുതിയ തൊഴിൽ നിയമം ഉടൻ പ്രാബല്യത്തിൽ വരും. തൊഴിലാളികൾക്ക് കൂടുതൽ അവകാശങ്ങൾ ഉറപ്പാക്കുന്ന നിയമത്തിന്റെ അന്തിമ മിനുക്കുപണികളിലാണ് മാനവ വിഭവശേഷി മന്ത്രാലയം. തൊഴിലാളികൾക്ക് കൂടുതൽ അവകാശങ്ങൾ നൽകുന്നതിനൊപ്പം തൊഴിലുടമകളുടെ താൽപര്യവും കണക്കിലെടുത്തായിരുക്കും നിയമനിർമ്മാണം പൂർത്തിയാക്കുക.

രാജ്യത്ത് നിലനിൽക്കുന്ന രണ്ടുവർഷത്തെ എൻ.ഒ.സി സമ്പ്രദായത്തിനും വിസാ നിരോധനത്തിനും മാറ്റംവരുത്തില്ലെന്ന് അധികൃതർ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി മാറുന്നതുവരെ ഈ നയം തുടരാനാണ് തീരുമാനം. ഈ നിയമത്തിലൂടെ രാജ്യത്തെ തൊഴിൽമേഖലയിൽ മുന്നേറ്റമുണ്ടാക്കാനും ലക്ഷ്യമിടുന്നുണ്ട്. വിദഗ്ധരായ പ്രവാസി തൊഴിലാളികൾ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് കമ്പനികൾ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ പുതിയ തൊഴിലാളികളെ നിയമിച്ച് പരിശീലനം നൽകുകയാണ് വേണ്ടതെന്ന് അധികൃതർ മറുപടി നൽകി.

പ്രവാസികൾ തൊഴിൽ പരിചയം ലഭിക്കുമ്പോൾ പുതിയ തൊഴിലിടങ്ങളിലേക്ക് മാറുന്നത് കമ്പനികൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. ഇതിനൊരു പരിഹാരം എന്ന നലിയിലാണ് എൻ.ഒ.സി നിയമം കൊണ്ടുവരുന്നത്. കൂടാതെ രാജ്യത്തെ സ്വദേശികളായ തൊഴിൽ രഹിതർക്ക് ഇതിലൂടെ തൊഴിൽ ലഭ്യമാക്കാനുള്ള വഴിയും ഈ നിയമത്തിലൂടെ കൈവരുമെന്നും അധികൃതർ വ്യക്തമാക്കുന്നു.