തിരുവനന്തപുരം: പകൽ താപനില ക്രമാതീതമായി ഉയരുന്നതിനാൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നത് ഒഴിവാക്കാൻ ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവിറക്കി. ഇതനുസരിച്ച് ഏപ്രിൽ 30 വരെ പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് പന്ത്രണ്ട് മുതൽ മൂന്ന് വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂറായി നിജപ്പെടുത്തണം.

രാവിലെയും ഉച്ചയ്ക്ക് ശേഷവുമുള്ള ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്ക്ക് 12ന് അവസാനിക്കുകയും വൈകീട്ട് 3ന് ആരംഭിക്കുകയും ചെയ്യും. 1958 ലെ കേരള മിനിമം വേതന ചട്ടം 24(3) പ്രകാരമാണ് ഉത്തരവ്. ജില്ലാ ലേബർ ആഫീസർമാർ തൊഴിലിടങ്ങളിൽ നേരിട്ട് പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ കമ്മീഷണർ നിർദേശിച്ചിട്ടുണ്ട്്.