മനാമ: ബഹ്റിനിലെ ഹിദ്ദിൽ പ്രവർത്തിക്കുന്ന ക്ലീനിങ് മാൻപവർ ഏജൻസി ക്യാമ്പിൽ തൊഴിലാളികളും കമ്പനി അധികൃതരും ഏറ്റുമുട്ടി.അവധി ദിവസം തൊഴിലാളികൾ പുറത്ത് പോകുന്നത് തടഞ്ഞ അധികൃതരുടെ ശ്രമം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കു തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തെ തുടർന്ന് തൊഴിലാളികളെയും കന്പനി സൂപ്പർവൈസറെയും പൊലീസ് അറസ്റ്റു ചെയ്തു.

വെള്ളിയാഴ്ച ക്യാന്പിൽ നിന്നും തൊഴിലാളികൾപുറത്തു പോകാതിരിക്കാനായി വാതിൽപൂട്ടി താക്കോലുംകൊണ്ടു കന്പനി അധികൃതർ സ്ഥലം വിടാനൊരുങ്ങിയപ്പോൾ ഏതാനും തൊഴിലാളികൾ അത് ചോദ്യം ചെയ്യുകയുണ്ടായി. ഇതേതുടർന്ന് കമ്പനി മാനേജ്‌മെന്റിലെ ചില ജീവനക്കാരും തൊഴിലാളികളും തമ്മിൽ പിടിവലി നടക്കുകയും ഒടുവിൽ സംഘട്ടനത്തിൽ കലാശിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

തൊഴിലാളികൾക്ക് കൃത്യമായ ശന്പളം നൽകാതിരിക്കൽ, ഓവർടൈമിങ്ങിൽ കൃത്രിമം, ശന്പളം വൈകിപ്പിക്കൽ തുടങ്ങി ഒട്ടനവധി പ്രശ്ങ്ങൾ തൊഴിലാളികൾ നേരിടുന്നുണ്ടെന്ന് ഇവിടുത്തെ തൊഴിലാളികൾ മുന്പും പരാതിപ്പെട്ടിരുന്നു. ശന്പളം കൃത്യമായി ലഭിക്കാത്തതിനാൽ നിരവധി തൊഴിലാളികൾ നാട്ടിലേയ്ക്ക് മടങ്ങിയിട്ടുമുണ്ട്. വെള്ളിയാഴ്ച തൊഴിലാളികൾക്ക്അവധി കൊടുക്കുന്നില്ലെന്നതും സി.പി.ആർ അടക്കമുള്ള രേഖകൾ കന്പനി അധികൃതർ പിടിച്ചുവെയ്ക്കുന്നു എന്നും ആരോപണം ഉയരുന്നുണ്ട്

ബഹ്‌റിനിലെ പല സ്ഥാപനങ്ങൾക്കും ക്ലീനിങ് ജോലിക്കാരെ വിതരണം ചെയ്യുന്ന ഈ ഏജൻസി സ്ഥാപനങ്ങളിൽ നിന്ന് കൃത്യമായി പണം വാങ്ങുന്നുണ്ടെങ്കിലും തൊഴിലാളികൾക്ക് കൊടുക്കുന്ന തുച്ഛമായ ശന്പളം പോലും ഒന്നോ രണ്ടോ മാസം വൈകിയാണ് തരുന്നതെന്നും ഒരു തൊഴിലാളി ആരോപിക്കുന്ന മലയാളികൾ അടക്കമുള്ള നിരവധി ഇന്ത്യക്കാരും ബംഗ്ലാദേശി സ്വദേശികളുമാണ് ഇവരുടെ കീഴിൽ ജോലി ചെയ്യുന്നത്.