- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിൽ ലഡാക്ക് യാത്ര നടത്തിയ നാല് യുവാക്കൾ തിരിച്ചെത്തി; ഇന്ത്യയിലെ 18 സംസ്ഥാനങ്ങൾ പിന്നിട്ട യാത്ര വ്യത്യസ്ത അനുഭവമെന്ന് സുഹൃത്തുക്കൾ
മട്ടന്നൂർ : മട്ടന്നൂരിൽ നിന്നും രണ്ട് ബൈക്കുകളിലായി ലഡാക്കിൽ പര്യടനം നടത്തിയ സംഘം യാത്ര വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തി. ഒരു മാസം നീണ്ട യാത്രയിൽ എണ്ണായിരത്തിലേറെ കിലോമീറ്ററുകളാണ് സംഘം സഞ്ചരിച്ചത്. മലപ്പട്ടം കൊളപ്പയിലെ എ.കെ.അശ്വന്ത് (22), സഹപാഠികളായ ശ്രീകണ്ഠപുരം സ്വദേശികളായ മിഥുൻ മോഹൻ (23), രാംദേവ് (22), ആദം കുട്ടി (22) എന്നിവരാണ് ലഡാക്ക് യാത്ര നടത്തിയത്.
ഇന്ത്യയെ അറിയുക എന്ന ലക്ഷ്യമിട്ടാണ് ഇവർ കഴിഞ്ഞ മാസം നാലിന് ശ്രീകണ്ഠപുരത്തു നിന്നും സാഹസിക യാത്ര ആരംഭിച്ചത്. മൈസൂർ, ബംഗലൂരു, ഹൈദ്രബാദ്, ഭോപ്പാൽ, ആഗ്ര, ഡൽഹി, അമൃത് സർ, ശ്രീനഗർ, ജമ്മു വഴി ലഡാക്കിലെ ഇന്ത്യൻ അതിർത്തിയായ ഖർദുൻഗ്ല പാസ്സിൽ എത്തി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയായ ഈ ചുരം പാത,17, 982 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. നിലവിൽ മൈനസ് 10 ഡിഗ്രിയാണിവിടത്തെ അന്തരീക്ഷ ഊഷ്മാവ്.
ഇന്ത്യയിലെ 18 സംസ്ഥാനങ്ങൾ പിന്നിട്ടായിരുന്നു യാത്ര. പ്രതിദിനം 400 കിലോമീറ്ററിലധികം സഞ്ചരിച്ചു. ടെൻഡ് കെട്ടിയാണ് താമസിച്ചിരുന്നത്. എവിടെയും മോശം അനുഭവം നേരിടേണ്ടി വന്നിട്ടില്ല. ഈ കോവിഡ്കാലത്തു ജനങ്ങൾ ഒറ്റപ്പെട്ടു നിൽക്കുമ്പോഴും ഭാഷയുടെയും സംസ്കാരത്തിന്റെയും അതിർവരമ്പുകൾ ലംഘിച്ച് ഊഷ്മള സ്വീകരണമാണ് പലയിടത്തും ലഭിച്ചതെന്ന് ഇവർ പറയുന്നു. അത്യന്തം ക്ലേശം നിറഞ്ഞതും ഉദ്വേഗജനകവുമായിരുന്നു യാത്ര. വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ഭക്ഷണവും സംസ്കാരവും അടുത്തറിയാൻ സാധിച്ച ഈ യാത്രയിലൂടെ ലഭിച്ചത് അമൂല്യമായ അനുഭവസമ്പത്തായിരുന്നുവെന്ന് നാൽവർ സംഘം പറയുന്നു.
തിരികെ മണാലി, കുളു, ജയ്പൂർ, അഹമ്മദാബാദ്, മുംബൈ, പൂണെ, ഗോവ, മംഗ്ളൂര് വഴിയാണ് ഇവർ മടങ്ങിയത്.ഇന്ത്യയുടെ ഭൂമി ശാസ്ത്രവും, ഇന്ത്യൻ സൈന്യത്തിന്റെ സേവനങ്ങളും നേരിട്ടറിയാൻ ഈ യാത്രയിലൂടെ സാധിച്ചതും വേറിട്ട അനുഭവമായി. സൈന്യത്തിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലുള്ള ലഡാക്കിലെ നിബിഡ വനത്തിലൂടെയും മഞ്ഞുമലകളിലൂടെയുമുള്ള യാത്ര വേറിട്ട അനുഭവമായി. തുടർന്നുള്ളസാഹസിക യാത്രയ്ക്കുമുള്ള ധൈര്യവും ശക്തിയുമാണ് യാത്രയിലൂടെ നേടിയതെന്നും പര്യടന സംഘം പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ