ർത്തവ ദിനങ്ങളിൽ സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാത്തതിനെ ചോദ്യം ചെയ്തുകൊണ്ട് തമിഴ്‌നാട് ഹൈക്കോടതിയിൽ പൊതുതാത്പര്യഹർജി. ശബരിമലയിൽ സ്ത്രീകളെ വിലക്കുന്നതെന്തിന് എന്ന് സുപ്രീം കോടതി പരാമർശമുണ്ടായതിന്റെ പശ്ചാത്തലത്തിൽ ഈ കേസും രാജ്യവ്യാപകമായ ശ്രദ്ധ നേടുകയാണ്.

1947-ലെ തമിഴ്‌നാട് ക്ഷേത്രപ്രവേശന നിയമത്തിലെ വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ടാണ് വില്ലുപുരം സ്വദേശിയായ എസ്. ആരതി പൊതുതാത്പര്യ ഹർജി നൽകിയത്. 'ആ പ്രത്യേക ദിവസങ്ങളിൽ സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കാൻ പാടില്ല' എന്ന വ്യവസ്ഥ ഭരണഘടന ഉറപ്പുനൽകുന്ന പൗര സ്വാതന്ത്ര്യത്തിനെതിരാണെന്നും വിവേചനപരമാണെന്നും ഹർജിക്കാരി വാദിക്കുന്നു.

ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സിന്റെ നിയന്ത്രണത്തിലുള്ള ഏത് ക്ഷേത്രത്തിലും പ്രവേശിക്കാൻ ഹിന്ദു പുരുഷന്മാരെപ്പോലെ ഹിന്ദു സ്ത്രീകൾക്കും സ്വാതന്ത്ര്യമുണ്ടെന്ന് ആരതി പറയുന്നു. ശാരീരികമായ ഏതെങ്കിലു അവസ്ഥകളിൽ സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാതിരിക്കാൻ ഒരു നിയമവും പറയുന്നില്ലെന്നും ഹർജിക്കാരി ബോധിപ്പിക്കുന്നു.

പുരുഷന്മാരുടെ കാര്യത്തിൽ ഇത്തരത്തിലുള്ള യാതൊരു നിയന്ത്രണങ്ങളുമില്ല. അതുപോലെ തന്നെ സ്ത്രീകളുടെ കാര്യത്തിലും നിയന്ത്രണങ്ങൾ പാടില്ല. 'ആ പ്രത്യേക ദിവസങ്ങളിൽ' എന്നാണ് നിയമത്തിൽ പറഞ്ഞിട്ടുള്ളത്. അത് ഏതാണെന്ന് വ്യക്തമാക്കിയിട്ടുമില്ലെന്ന് ആരതി അവകാശപ്പെടുന്നു.

ജസ്റ്റിസുമാരായ ടി.എസ്. ശിവജ്ഞാനം, പുഷ്പ സത്യനാരായണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഹർജി ഏപ്രിലിലേക്ക് മാറ്റിയെങ്കിലും സർക്കാരിന് നോട്ടീസ് അയക്കാൻ കോടതി തയ്യാറായിട്ടില്ല. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി സമാനമായൊരു കേസ് പരിഗണിക്കുന്നതിനാലാണ് ഇത്.

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നതിന് കാരണമാരാഞ്ഞുകൊണ്ട് സുപ്രീം കോടതി കഴിഞ്ഞയാഴ്ച കേരളത്തിന് നോട്ടീസ് നൽകിയിരുന്നു. ആർത്തവമുള്ള സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കരുതെന്ന ആചാരത്തിന് പിന്നിലെ വസ്തുത വിശദീകരിക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ഈ കേസ് പരിഗണനയിൽ ഇരിക്കുന്നതിനാൽ, തീരുമാനം അതിനുശേഷമേ ഉണ്ടാകൂ എന്ന് തമിഴ്‌നാട് ഹൈക്കോടതി വ്യക്തമാക്കി.