ആലുവ: ആലുവയിൽ +2 വിദ്യാർത്ഥിക്കൊപ്പം ഒളിച്ചോടിയ വീട്ടമ്മ അറസ്റ്റിൽ. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ യുവതിയാണ് അയൽവാസിയായ വിദ്യാർത്ഥിക്കൊപ്പം ഒളിച്ചോടിയത്.

കൊച്ചിയിൽ നിന്നാണ് നീറിക്കോട് സ്വദേശിയായ യുവതിയെയും പതിനേഴുകാരനായ വിദ്യാർത്ഥിയെയും പൊലീസ് പിടികൂടിയത്. ഏറെ നാളായി വിദ്യാർത്ഥിയുമായി പ്രണയത്തിലായിരുന്ന യുവതി കുട്ടിയെ ഉപേക്ഷിച്ച് ഒളിച്ചോടുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥിയുടെ പിതാവും പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടയിൽ ഇവരെ പൊലീസ് കൊച്ചിയിൽ കണ്ടെത്തുകയായിരുന്നു. ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

നീണ്ടനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും നാടുവിടാൻ തീരുമാനിച്ചത്. കുട്ടിയെ ഉപേക്ഷിച്ച് യുവതിയും പയ്യനും വേളാങ്കണ്ണിയിലേക്ക് കടക്കുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് വേളാങ്കണ്ണിയിലെത്തി അന്വേഷിച്ചെങ്കിലും ഇവരെ പൊലീസിന് കണ്ടെത്താനായില്ല. ഇവിടെ വച്ച് ഇവർ വിവാഹിതരായതായും സൂചനയുണ്ട്. എറണാകുളത്ത് ഹോം നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് എത്തിയപ്പോഴാണ് ആലുവ വെസ്റ്റ് എസ്‌ഐ അനിൽകുമാറും സംഘവും ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

വിദ്യാർത്ഥിയെ ജുവനൈൽ വെൽഫെയർ കമ്മറ്റി മുൻപാകെ ഹാജരാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. എന്നാൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ചൂഷണം ചെയ്‌തെന്ന കേസിൽ യുവതിയെ ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.