മീ ടൂ ക്യാംപയിനും മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമൻ ഇൻ കളക്ടീവിന്റെ വാർത്താ സമ്മേളനത്തിനും പിന്നാലെ സിനിമാ മേഖലയിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയും ഈ മേഖലയിൽ വർഷങ്ങളായി നിലനിൽക്കുന്ന അസമത്വവും അനീതിയും അവസാനിപ്പിക്കണമെന്നും പറഞ്ഞുകൊണ്ടുള്ള ചർച്ചകളും ചൂടുപിടിക്കുകയുമാണ്.

ഈ അവസരത്തിലാണ് അതേ മേഖലയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജോലി ചെയ്യുന്ന സഹസംവിധായിക കൂടിയായ യുവതി വ്യത്യസ്ഥ നിലപാടുമായി രംഗത്തെത്തിയത്. സിനിമാ മേഖലയിൽ താൻ പത്തു വർഷമായി ജോലി ചെയ്യുകയാണെന്നും ഇതേ വരെ മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ഐഷ സുൽത്താന പറയുന്നു.

മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങൾ തന്നോട് വളരെ മാന്യമായാണ് പെരുമാറിയിട്ടുള്ളതെന്നും മറ്റുള്ള ആളുകളോട് നമ്മൾ എങ്ങനെ പെരുമാറുന്നുവോ അതാണ് നമുക്ക് തിരിച്ച് കിട്ടുന്നതെന്നും ഐഷ പറയുന്നു. തന്റെ ഫേസ്‌ബുക്ക് പോജിലൂടെയാണ് ഐഷ അഭിപ്രായം തുറന്നുപറഞ്ഞത്.

ഐഷ സുൽത്താനയുടെ ഫേസ്‌ബുക്ക് കുറിപ്പ്

എനിക്ക് ചിലത് പറയാനുണ്ട്: ഞാൻ 2008ൽ ആണ് ലക്ഷദ്വീപിൽ നിന്നും കേരളത്തിൽ എത്തുന്നത് അന്ന് മുതൽ ഞാൻ ചാനലുകളിൽ വർക് ചെയ്തത് തുടങ്ങി. ആർജെ, വിജെ, മോഡലിങ്, ആക്ടിങ്, പ്രോഗ്രാം പ്രൊഡ്യൂസർ പിന്നെ സ്വന്തമായി ഒരു അഡ്വടൈസിങ് ഫേം കൂടി ഓപ്പൺ ചെയ്തു, അതിനു ശേഷമാണ് ഞാൻ അസിസ്റ്റന്റ് ഡയറക്ടർ ആയ് ജോലി ചെയ്യാൻ തുടങ്ങിയത്.

2008 മുതൽ ഈ ദിവസം വരെ രാത്രിയും പകലും ഞാൻ വർക്കേ ചെയ്തിരുന്നത് ആണുങ്ങളുടെ കൂടെ ആണ്, എന്റെ ഓഫിസിലെ സ്റ്റാഫ് എല്ലാം തന്നെ ആണുങ്ങൾ ആയിരുന്നു... ഇപ്പോഴും ഞാൻ വർക്ക് ചെയ്യുന്നത് ഡയറക്ഷൻ വിഭാഗത്തിൽ ആണ്, ഒട്ടുമുക്കാൽ ദിവസങ്ങളിലും പകലും രാത്രിയും ഷൂട്ടിൽ ഞാൻ മാത്രമായിരിക്കും ഒരു പെൺകുട്ടി ആ ലൊക്കേഷനിൽ ഉണ്ടാവുന്നത്, ഇത് ഇത്രയും ഞാൻ ആദ്യമേ പറഞ്ഞത് ഇനി കാര്യത്തിലേക്ക് കടക്കാം.

രണ്ട് പെൺകുട്ടികൾ സഹ സംവിധാനം ചെയ്യാൻ ചെന്നപ്പോൾ ലൊക്കേഷനിൽ വെച്ച് അവർക്ക് ദുരനുഭവങ്ങൾ ഉണ്ടായി എന്നും പറഞ്ഞു വാർത്തകൾ കണ്ടിരുന്നു, ചേച്ചിമാരെ അനിയത്തിമ്മാരെ പുതിയ സഹ സംവിധായികമാരെ നിങ്ങളെ പോലെ തന്നെ ഒരു പെൺകുട്ടിയാണ് ഞാനും, ഇന്നുവരെ എനിക് ഒരു ദുരനുഭവം പോലും ലൊക്കേഷനിൽ ഉണ്ടായിട്ടില്ല, ഇതേ ആണുങ്ങളുടെ കൂടെയാ ഞാനും വർക്ക് ചെയ്യുന്നത്, ഞാൻ വർക്ക് ചെയ്ത സിനിമകളിലെ സംവിധായകർ എന്നോട് ആദരവോട് കൂടിയാണ് ഇത്രവരെ എന്നോട് പെരുമാറിയത്, കൂടെ വർക് ചെയ്യുന്ന അസിസ്റ്റ്ന്റ് അസോസിയേറ്റ് ഒക്കെ വളരെ നല്ല രീതിയിൽ ആണ് പെരുമാറുന്നത്.

ഈ സഹ സംവിധായിക പറഞ്ഞപോലെ പ്രശ്‌നക്കാർ ആണ് ഇക്കൂട്ടർ എങ്കിൽ ഒരു ലൊക്കേഷനിൽ വെച്ചെങ്കിലും എനിക്കും ഒരു ദുരനുഭവം വന്നേനെ അല്ലേ? ലാൽജോസ് സാറിന്റെ ലൊക്കേഷനിൽ സാറിന്റെ അസിസ്റ്റന്റിനെ സാർ എന്നും ഇപ്പോഴും കൂടെ ചേർത്തുനിർത്തിട്ടെ ഉള്ളൂ ആണിനെയും പെണ്ണിനെയും തുല്യമായിട്ടെ സാർ കണ്ടിട്ടുള്ളൂ,...

സേതു സാറിന്റെ ലൊക്കേഷനിൽ ഒരുപാട് ആദരവോടെയാണ് സാർ എന്നോട് സംസാരിച്ചിരുന്നത്, പെരുമാറിയിരുന്നത്...ശരത് സാറിന്റെ ലൊക്കേഷനിൽ ഹോസ്പിറ്റാലിറ്റി അത്രയും കൂടുതൽ ആയിരുന്നു...വെളിപാടിന്റെ പുസ്തകം ചെയ്യുമ്പോൾ ഞാൻ ക്രൗഡ് കൺട്രോൾ ചെയ്യുന്നത് കണ്ടിട്ട് എന്നോട് ലാലേട്ടൻ ചോദിച്ചു നീ എവിടെയാ പഠിപ്പിച്ചത് എന്ന്, ഞാൻ പറഞ്ഞു ട്രിവാൻഡ്രം യൂണിവേഴ്‌സിറ്റി കോളേജിൽ ആണെന്ന്,,, 'അതാണ്' എന്ന് ലാലേട്ടൻ പറഞ്ഞു, കൂടാതെ,,, വർക് ചെയ്യാനുള്ള ഈ സ്പിരിറ്റ് നിന്നിൽ ഇപ്പോഴും ഉണ്ടാവണം എന്നുകൂടി കൂട്ടി ചേർത്തു...

പ്രസന്ന മാസ്റ്റർ തമാശയ്ക് ഐഷയ്ക്ക് അഭിനയിചാൽ പോരെ എന്ന് ചോദിച്ചപ്പോൾ ലാലേട്ടൻ കൊടുത്ത മറുപടി 'എന്തിനാ ? അവൾ ചെയ്യുന്ന ജോലി ഭംഗിയായി ചെയ്യുന്നുണ്ട് അത് മതി' എന്ന് ലാലേട്ടൻ പറയുമ്പോൾ എനിക്ക് അവാർഡ് കിട്ടിയ പ്രതീതി ആയിരുന്നു.

ഒരിക്കൽ മമ്മൂക്ക കേൾക്കെ പ്രായത്തിനു മൂത്തൊരാൾ എന്നെ 'എടി നീ പോയി ആ സാധനം എടുത്തോണ്ട് വന്നെ' എന്ന് പറഞ്ഞു, എന്നെ 'എടി നീ' എന്ന് വിളിച്ചതിന് ആ വ്യക്തിയെ മമ്മൂക്ക ഉടനെ വിളിച്ചിട്ട്, 'സഹോദരാ ഐഷയെ പേരുപറഞ്ഞ് വിളിക്കു ഇല്ലേൽ മോളെന്നു വിളിക്ക് റെസ്‌പെക്ട് വുമൻ' എന്ന് പറയുന്നത് ഞാൻ കേട്ടതാണ്...

ഒരുദിവസം ഞാൻ ലൊക്കേഷനിൽ പോവതിരുന്നപ്പോൾ അടുത്തദിവസം ലൊക്കേഷനിൽ എത്തിയ എന്നെ മമ്മൂക്ക വിളിച്ചിട്ട് എന്താണ് ഇന്നലെ വരാതിരുന്നത് എന്ന് ചോദിച്ചു ' ഇന്നലെ കൂെട അധികം വെയിലു കൊണ്ടപ്പോൾ ക്ഷീണം തോന്നിയിട്ട് റസ്റ്റ് എടുത്തതെന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ 'നിന്നെ ഇവിടെ ആരും പെണ്ണായിട്ട് കാണുന്നില്ല അതുകൊണ്ട് എത്ര വെയിൽ ആയാലും മഴ ആയാലും ആണുങ്ങൾ പണിയെടുക്കുന്ന പോലെ നീയും പണിയെടുക്കണം' എന്നാണ് മമ്മൂക്ക പറഞ്ഞത്,,,, ഇതും എനിക്ക് കിട്ടിയൊരു അവാർഡ് ആണ് മമ്മൂക്കയുടെ ഈ വാക്കുകൾ,,, മടിയത്തി ആവാതിരികാൻ പണിയെടുക്കാൻ പ്രേരിപ്പിച്ച ആളാണ് മമ്മൂക്ക....

മോൾ എന്നെ വാപ്പച്ചി എന്ന് വിളിക്ക് എന്ന് പറഞ്ഞ വ്യക്തിയാണ് നടൻ സിദ്ദിഖ് (എന്റെ വാപ്പചി). ഇനി ഒപ്പം വർക് ചെയ്ത അസിസ്റ്റ്ന്റ് അസോസിയേറ്റ് ഇവരിൽ നിന്നൊന്നും ഇന്നുവരെയും ഒരു നോട്ടം കൊണ്ട് പോലും എനിക്ക് ഒരു അസസ്ഥതയും ഇത് വരെ ഉണ്ടായിട്ടില്ല യൂണിറ്റിലെ ചേട്ടന്മാർ പോലും രാത്രി ഷൂട്ട് ചെയ്യുന്ന സമയത്ത് എന്നെ സുരക്ഷിതയാക്കാനേ ശ്രമിച്ചിട്ടുള്ളൂ...

ഇത് എന്റെ അനുഭവം ആണ്... ഞാൻ മനസ്സിലാക്കിയ ഒരു സത്യം നമ്മൾ എന്ത് എങ്ങനെ പെരുമാറുന്നു എന്നത് പോലെ ഇരിക്കും തിരിച്ചുള്ള ആളുകളുടെ പെരുമാറ്റം,,, ആ സഹോദരി പറഞ്ഞൊരു കാര്യം വീടിൽ നിന്നും എന്ത് വിശ്വസിച്ചാണ് സിനിമയിൽ സഹസംവിധായിക ആവാൻ ഇറങ്ങാൻ സാധിക്കുക, ഇങ്ങനെ ഇത്രയും മോശമായല്ലേ ആണുങ്ങൾ പെരുമാറുന്നതെന്ന്:

ഇതിന് ഒരു സഹ സംവിധായിക ആയ ഞാൻ സഹോദരിക്ക് തരുന്ന മറുപടി : Attitude, behavior, self respect, dedication ഇത് നാലും നമ്മളിൽ കറക്ട് ആയാൽ നമ്മൾക്ക് എവിടെയും ആദരവ് കിട്ടും... ഇത് എന്റെ അനുഭവം കൊണ്ട് പറയുന്നതാണ്...