- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറവൂരിൽ വീടിന് തീപിടിച്ചു യുവതി മരിച്ചു; മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ; സഹോദരിയെ കാണാനില്ല; സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്
പറവൂർ: വീടിനു തീപിടിച്ചു യുവതി മരിച്ചു. ചൊവ്വാഴ്ച വൈകിട്ടു മൂന്ന് മണിയോടെ പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെ വീടിനാണു തീപിടിച്ചത്. ശിവാനന്ദന്റെ 2 പെൺമക്കളിൽ ഒരാളാണു മരിച്ചത്. സഹോദരിമാരിൽ ഒരാളെ കാണാനില്ല.
മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു.ആരാണു മരിച്ചതെന്നു വ്യക്തമായിട്ടില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു പൊലീസ് പറയുന്നു.
ശിവാനന്ദൻ, ഭാര്യ ജിജി, പെൺമക്കളായ വിസ്മയ (25), ജിത്തു (22) എന്നിവരാണു വീട്ടിൽ താമസിക്കുന്നത്. രണ്ടാമത്തെ മകൾ ജിത്തു കുറച്ചുനാളായി മനോദൗർബല്യത്തിനു ചികിത്സയിലാണ്.
ഡോക്ടറെ കാണാൻ ശിവാനന്ദനും ജിജിയും രാവിലെ 11ന് ആലുവയിൽ പോയ സമയത്തായിരുന്നു സംഭവം. 12 മണിയോടെ മൂത്ത മകൾ വിസ്മയ ഇവരെ വിളിച്ച് എപ്പോൾ വരുമെന്നു തിരക്കി. 2 മണിക്കു വീണ്ടും വിളിച്ചു വീട്ടിൽ കുഴപ്പമില്ലെന്നു പറഞ്ഞു.
മൂന്ന് മണിയോടെ വീടിനകത്തു നിന്നു പുക ഉയരുന്നതു കണ്ട അയൽവാസികളാണു വിവരം പൊലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചത്. പൊലീസും ഫയർഫോഴ്സും എത്തിയപ്പോൾ വീടിന്റെ ഗേറ്റ് അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. മുൻവശത്തെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. വീടിന്റെ 2 മുറികൾ പൂർണമായി കത്തി. അതിൽ ഒന്നിലാണു മൃതദേഹം കണ്ടെത്തിയത്.
മുറിയുടെ വാതിലിന്റെ കട്ടിളയിൽ രക്തം വീണിരുന്നു. മണ്ണെണ്ണയുടെ ഗന്ധവും ഉണ്ടായിരുന്നു. മൃതദേഹത്തിലെ മാലയുടെ ലോക്കറ്റ് നോക്കി മൂത്തമകൾ വിസ്മയയാണു മരിച്ചതെന്നു മാതാപിതാക്കൾ പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു. ഇരുചക്ര വാഹനത്തിൽ മത്സ്യവിൽപന നടത്തുന്നയാളാണു ശിവാനന്ദൻ. വിസ്മയ ബിബിഎയും ജിത്തു ബിഎസ്സിയും പൂർത്തിയാക്കിയവരാണ്.
ഒരാഴ്ച മുൻപു ശിവാനന്ദനെ വീട്ടിൽ പൂട്ടിയിട്ടു ജിത്തു പുറത്തേക്ക് ഇറങ്ങിപ്പോയിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു ജിത്തുവുമായി അടുപ്പമുള്ള ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. വിസ്മയയുടെ മൊബൈൽ ഫോൺ വീട്ടിൽനിന്നു കാണാതായിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്. വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം എറണാകുളം മെഡിക്കൽ കോളജിലേക്കു മാറ്റി.
മറുനാടന് മലയാളി ബ്യൂറോ