- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞിന് മഞ്ഞനിറമുണ്ടെന്നും ഡോക്ടറെ കാണിക്കണമെന്നും നഴ്സ്; ഏറെ നേരമായിട്ടും കാണാതായതോടെ തിരയൽ; നവജാതശിശുവിനെ കണ്ടെത്തിയത് ആശുപത്രിക്ക് അടുത്തെ ഹോട്ടലിന് അരികിൽ നിന്ന്; കോട്ടയം മെഡിക്കൽ കോളേജിൽ നാടകീയ രംഗങ്ങൾ; മിന്നൽ വേഗത്തിൽ കുട്ടിയെ കണ്ടെത്തിയ പൊലീസിന് കൈയടി
കോട്ടയം: നഴ്സിന്റെ വേഷത്തിൽ എത്തി കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാതശിശുവിനെ കടത്തി കൊണ്ടുപോയി. ഗൈനക്കോളജി വാർഡിലാണ് സംഭവം. പുറത്തറിഞ്ഞ് ഒരുമണിക്കൂറിനകം കുഞ്ഞിനെ ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിന് സമീപത്തുനിന്ന് കണ്ടെത്തിയത് കുഞ്ഞിന്റെ അമ്മയ്ക്കും ബന്ധുക്കൾക്കും ആശ്വാസമാവുകയും ചെയ്തു. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ് മൂന്ന് ദിവസം മാത്രം പ്രായമുള്ള കുട്ടിയെ കടത്തിക്കൊണ്ടുപോയതെന്നാണ് പ്രാഥമിക നിഗമനം.
പൊലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ മിനിറ്റുകൾക്കകം കുഞ്ഞിനെ കണ്ടെത്തി അമ്മയെ തിരികെ ഏൽപ്പിച്ചു. സംഭവം പുറത്തറിഞ്ഞതോടെ പൊലീസ് ആശുപത്രി പരിസരത്തും മറ്റും അന്വേഷണം വ്യാപകമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ആശുപത്രിക്ക് സമീപത്തുള്ള ഹോട്ടലിന് മുന്നിൽനിന്ന് കുട്ടിയെ കണ്ടെത്തിയത്. ഉടൻ പൊലീസ് കുട്ടിയെ തിരികെ ആശുപത്രിയിലേക്ക് മാറ്റി.
കുഞ്ഞിനെയുമായി തിരിച്ചെത്തിയ പൊലീസിനെ നാട്ടുകാർ കയ്യടിയോടെയാണ് വരവേറ്റത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ നേഴ്സിന്റെ വേഷത്തിലെത്തിയ യുവതി കുഞ്ഞിന്റെ മഞ്ഞനിറവുമായി ബന്ധപ്പെട്ട് ഡോക്ടറെ കാണിക്കണമെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെയാണ് കുട്ടിയുടെ അമ്മ നഴ്സിങ് സ്റ്റേഷനിലെത്തി കാര്യങ്ങൾ തിരക്കിയപ്പോൾ നഴ്സുമാരാരും കുഞ്ഞിനെ ആവശ്യപ്പെട്ട് ചെന്നിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെ പരിഭ്രാന്തരായ കുഞ്ഞിന്റെ അമ്മയും ബന്ധുക്കളും ബഹളം വയ്ക്കുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. ഉടൻ തന്നെ പൊലീസെത്തി അന്വേഷിച്ചതോടെയാണ് കുട്ടിയെ കണ്ടെത്താൻ ആയത്.
.കോട്ടയം ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ഊർജ്ജിതമായ അന്വേഷണമാണ് കുഞ്ഞിനെ അതിവേഗം കണ്ടെത്താനായത്. ഇളം റോസ് നിറത്തിലുള്ള ചുരിദാർ ധരിച്ച സ്ത്രീ കുട്ടിയേയും എടുത്ത് ആശുപത്രിക്ക് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
ഈ സ്ത്രീ ഇതിനുമുമ്പും വേഷംമാറി ആശുപത്രി പരിസരത്ത് വന്നിട്ടുണ്ടെന്ന് ആശുപത്രി അധികൃതരും സമീപമുള്ള ദൃക്സാക്ഷികളും പറഞ്ഞു. അതേസമയം ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ