- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കാൻ വനിതാ ഗ്രാമപ്പഞ്ചായത്ത് അംഗവും; ജനങ്ങളുടെ കയ്യടി വാങ്ങി മെമ്പർ ബിന്ദു
പാലോട് : കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കാൻ സന്നദ്ധപ്രവർത്തകർക്കൊപ്പം കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചുകൊണ്ട് വനിതാ ഗ്രാമപ്പഞ്ചായത്ത് അംഗവും. പെരിങ്ങമ്മല പഞ്ചായത്തിലെ കൊല്ലരുകോണം വാർഡ് അംഗം ബിന്ദു സുരേഷാണ് വയോധികയായ വീട്ടമ്മയുടെ ശവസംസ്കാരത്തിന് ആശ്രയമായത്.
പെരിങ്ങമ്മല പ്ലാമൂട് സ്വദേശിനിയുടെ സംസ്കാരച്ചടങ്ങുകൾക്കാണ് ഗ്രാമപ്പഞ്ചായത്തംഗം സന്നദ്ധപ്രവർത്തകർക്കൊപ്പം മുന്നിട്ടിറങ്ങിയത്. കോവിഡ് ബാധിച്ച് മരണം സംഭവിച്ച വയോധികയുടെ ശവസംസ്കാരം എങ്ങനെ നടത്തുമെന്ന ആകുലതകൾക്കിടയിലാണ് പൊതുശ്മശാനമായ ശാന്തികുടീരത്തിലെത്തിച്ച് സംസ്കരിക്കാൻ തീരുമാനിച്ചത്. പി.പി.ഇ. കിറ്റ് ധരിച്ച് മൂന്നുപേർക്കൊപ്പം ബിന്ദുവും സംസ്കാരച്ചടങ്ങുകളിൽ ഒപ്പം ചേർന്നു.
സംവരണ വാർഡായ പെരിങ്ങമ്മല കൊല്ലരുകോണത്തുനിന്നാണ് കന്നിയങ്കത്തിൽ ബിന്ദു പഞ്ചായത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. കോവിഡ് ബാധിതർക്കും, ക്വാറന്റീനിൽ കഴിയുന്നവർക്കും താങ്ങായി ഒപ്പമുണ്ട് ബിന്ദു. അവശർക്ക് കൃത്യസമയങ്ങളിൽ ഭക്ഷണമെത്തിക്കുക, വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങൾ അണുവിമുക്തമാക്കുക, സർക്കാരിന്റെ ആനുകൂല്യങ്ങൾ കൃത്യമായി അർഹർക്കെത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലെല്ലാം മുന്നണിപ്പോരാളിയാണ് ബിന്ദു.
തിരഞ്ഞെടുപ്പുരംഗത്ത് എത്തുന്നതിനു മുൻപ് പഠനകാലത്തും വിവാഹശേഷം ടാപ്പിങ് തൊഴിലാളിയായ ഭർത്താവ് സുരേഷുമൊത്തും സാമൂഹികപ്രവർത്തനരംഗങ്ങളിലും സജീവമായിരുന്നു ബിന്ദു.