മോസ്‌കോ: സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന ചോര മണക്കുന്ന ചിത്രം കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്.  മുൻ ഭർത്താവിന്റെ ശരീരം മൂർച്ഛയേറിയ കത്തിയുപയോഗിച്ച് കുത്തി പരുക്കേൽപിച്ച ശേഷം സെൽഫിയെടുത്ത് യുവതി. എന്നിട്ടും കഴിഞ്ഞില്ല, ഭീകരമായ സെൽഫി എടുത്ത് സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്ത ശേഷം യുവതി എഴുതിയ കുറിപ്പും അതിലും ഞെട്ടിക്കുന്ന ഒന്നായിരുന്നു.

'ഞാനെന്റെ ഭർത്താവിനെ കുത്തി. മൂന്നു മണിക്കൂറായി അത് സംഭവിച്ചിട്ട്. ഇപ്പോഴാണ് എല്ലാം വൃത്തിയാക്കി കഴിഞ്ഞത്. ഇപ്പോഴെന്നെ കണ്ടാൽ ഒരു മൃഗത്തിനെ പോലെ തോന്നുന്നില്ലേ' ?. ഇതായിരുന്നു യുവതിയുടെ വാക്കുകൾ. റഷ്യൻ സ്വദേശിയായ ഓൾഗ വോറിയെന്ന 25കാരിയാണ് ക്രൂര കൃത്യത്തിലെ നായിക. മുൻ ഭർത്താവായിരുന്ന ഒലെഗ് സ്മിർനോവിനെ കത്തി ഉപയോഗിച്ച് പരുക്കേൽപ്പിച്ചതിന് പിന്നാലെ ഇവർ പൊലീസ് പിടിയിലാകുകയും ചെയ്തിരുന്നു.

എന്നാൽ മദ്യപിച്ച് ലക്കുകെട്ട ശേഷം മുൻ ഭർത്താവ് തന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമം നടത്തിയെന്നും സ്വയ രക്ഷയ്ക്ക് വേണ്ടിയാണ് താൻ കത്തി കൊണ്ട് തിരിച്ച് അക്രമിച്ചതെന്നും ഓൾഗ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

പൊലീസെത്തുമ്പോൾ ഇരുവരും മദ്യലഹരിയിലായിരുന്നു. ഇവർക്ക് രണ്ടു വയസുള്ള കുട്ടിയുണ്ട്. കുട്ടിയെ നോക്കാൻ മുൻ ഭർത്താവിന്റെ വസതിയിലെത്താനും ഓൾഗയ്ക്ക് അനുമതിയുണ്ടായിരുന്നു.

കുട്ടിയെ നോക്കാനായി വീട്ടിലെത്തിയപ്പോൾ ഇവർ മദ്യപിക്കുകയും ശേഷമുണ്ടായ തർക്കത്തിനിടയിൽ ഒലെഗയ്ക്ക് കുത്തേൽക്കുകയുമായിരുന്നു. ഒലെഗയുടെ വയറിനാണ് കുത്തേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒലെഗ സുഖം പ്രാപിച്ച്   വരികയാണ്. പിടിയിലായതിന് പിന്നാലെ ഓൾഗയോട് രാജ്യം വിട്ട് പോകരുതെന്ന് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.