- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺസുലേറ്റിൽ ഡോളർ എത്തിക്കുന്നത് സ്വപ്ന വഴി; വിദേശത്ത് കടത്തുക ഷൗക്രി; ബാഗ് കൈപ്പറ്റിയെന്ന് കസ്റ്റംസ് സംശയിക്കുന്ന മലപ്പുറത്തുകാരൻ ലോക കേരളാ സഭയിലെ പ്രത്യേക ക്ഷണിതാവ്; ലാഫിറും സ്പീക്കറും തമ്മിലെ അടുപ്പത്തിന് മറ്റൊരു തെളിവ് കൂടി മറുനാടൻ പുറത്തു വിടുന്നു; ശ്രീരാമകൃഷ്ണനെ വിശദമായി ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസികളും
തിരുവനന്തപുരം: ഡോളർ കടത്തുമായി ബന്ധപ്പെട്ട കേസിൽ സ്പീക്കർ ശ്രീരാമകൃഷ്ണന് കുരുക്കു മുറുകും. കസ്റ്റംസ് ചോദ്യം ചെയ്ത ലാഫിർ മുഹമ്മദിന് ലോക കേരള സഭയുമായുള്ള ബന്ധമാണ് ഇതിന് കാരണം. ഗൾഫിലെ സാങ്കേതിക, വിദ്യാഭ്യാസ മേഖലയിൽ സ്പീക്കർക്ക് നിക്ഷേപം ഉണ്ടെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനുള്ള നീക്കം, ഇതിനിടെയാണ് ലാഫിർ മുഹമ്മദിന്റെ കേരളാ ലോക്‌സഭാ ബന്ധവും പുറത്തു വരുന്നത്. ഇതോടെ സ്പീക്കറും ലാഫിറുമായുള്ള ബന്ധത്തിന് മറ്റൊരു തെളിവ് കൂടി കിട്ടുകയാണ്.
കേരളസമൂഹവും സംസ്‌കാരവും ലോകമാകെ വ്യാപിക്കുകയാണ്. ഈ തിരിച്ചറിവാണ് ലോക കേരളസഭ രൂപീകരിക്കുന്നതിനുള്ള പ്രേരണ. ലോക കേരളത്തിന് നേതൃത്വം കൊടുക്കുക എന്ന കടമ നിർവഹിക്കുകയാണ് സഭ രൂപീകരണത്തിലൂടെ സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നാ.ിരുന്നു അവകാശ വാദം. കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യൻ പൗരന്മാരായ കേരളീയരുടെ പൊതുവേദിയാണ് ലേക കേരള സഭ. കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്‌കാരത്തിന്റെ വികസനത്തിനു പ്രവർത്തിക്കുകയുമാണ് ലോക കേരള സഭയുടെ ലക്ഷ്യമെന്നും വിശദീകരിച്ചിരുന്നു. ഈ സഭയിൽ പ്രത്യേക ക്ഷണിതാവാണ് ലാഫിർ മുഹമ്മദ്.
പ്രത്യേക ക്ഷണിതാവാണ് ലാഫിർ മുഹമ്മദ്. പട്ടികയിൽ ഒമാനിൽ നിന്നുള്ള പ്രവാസികളിൽ ആദ്യ പേരുകാരൻ. ഡോളർ കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷും പി.എസ്. സരിത്തും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രവാസികളായ രണ്ടു മലയാളികളെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തത്. ഇതിൽ ലാഫിർ പല നിർണ്ണായക വിവരങ്ങളും നൽകിയെന്നാണ് സൂചന. സ്വപ്നയുടെയും സരിത്തിന്റെയും മൊഴി പ്രകാരം ഇവിടെ നിന്ന് യുഎഇ കോൺസുലേറ്റിലെ ഉന്നതൻ വഴി ദുബായിലെത്തിച്ച ഡോളർ ഇവർ രണ്ടുമാണ് ഏറ്റുവാങ്ങിയത്. ഇത് കേസ് അന്വേഷണത്തിൽ ഏറെ നിർണ്ണായകമാണ്.
ദുബായിൽ വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപം നടത്തുന്നതിനും മറ്റു ചില വ്യവസായ നിക്ഷേപങ്ങൾക്കും ഇടനിലക്കാരാണ് ഇരുവരുമെന്നാണു കസ്റ്റംസ് കണ്ടെത്തിയത്. ലൈഫ്മിഷൻ കരാറിന്റെ പ്രത്യുപകാരമായി യൂണിടാക് ഉടമ നൽകിയ 3.80 കോടി രൂപയിൽ 3.15 കോടി രൂപയാണു ഡോളറാക്കി കടത്തിയത്. ഇതു പലർക്കുമുള്ള വിഹിതമാണെന്നാണു ഇ.ഡി. സംശയിക്കുന്നു. പല പ്രവാസി ബിസിനസുകളിലും കേരളത്തിലെ രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ളവരുടെ കള്ളപ്പണമുണ്ടെന്നാണു വിവരം.
താൻ വഴിയാണു ഡോളർ കോൺസുലേറ്റിൽ എത്തിച്ചിരുന്നതെന്നാണു സ്വപ്നയുടെ മൊഴി. കോൺസുലേറ്റിലെ ചീഫ് അക്കൗണ്ടന്റ് ഖാലിദ് മുഹമ്മദലി ഷൗക്രി നയതന്ത്ര ചാനൽ വഴിയാണു ഡോളർ കടത്തിയത്. പലതവണ ഷൗക്രിയെ താനും സരിത്തും അനുഗമിച്ചിരുന്നതായി സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. അവിടെവച്ചു ഷൗക്രിയിൽ നിന്നു ബാഗ് കൈപ്പറ്റുകയാണു രീതി. സ്വർണ്ണക്കടത്തു പ്രതികളുടെ സഹായത്തോടെയാണു ഉന്നതരുടെ കള്ളപ്പണം ഡോളറാക്കി വെളുപ്പിച്ചു വിദേശത്തേക്കു കടത്തിയത്.
വിദേശ ഐ.ടി. കമ്പനികളിലും സ്റ്റാർട്ടപുകളിലും വിദ്യാഭ്യാസരംഗത്തുമാണു കള്ളപ്പണം നിക്ഷേപിക്കുന്നത്. ഹവാല സുരക്ഷിതമല്ലാത്തതിനാലാണു ഡോളറാക്കി കടത്തുന്നത്. അതിനായി ഇടനിലക്കാരും സംരംഭകരുമുണ്ട്. ഉന്നതരുടെ പണമായതിനാൽ, ഏതു സർക്കാർ വന്നാലും അന്വേഷണ ഭീഷണിയില്ലെന്നായിരുന്നു മൊഴി. കേസുമായി ബന്ധപ്പെട്ട് സ്പീക്കറുടെ സുഹൃത്തായ നാസ് അബ്ദുള്ള എന്ന നാസിനെ കഴിഞ്ഞയാഴ്ച കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിൽ നാസിന്റെ സിംകാർഡ് ശ്രീരാമകൃഷ്ണൻ ഉപയോഗിച്ചിരുന്നതായും ഇതുപയോഗിച്ച് സ്പീക്കർ പ്രതികളെ വിളിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
വിവരം സ്പീക്കർ സമ്മതിക്കുകയും ചെയ്തിരുന്നു. തന്റെ സ്വകാര്യ ആവശ്യങ്ങൾക്കാണ് നാസിന്റെ സിംകാർഡ് ഉപയോഗിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സ്വപ്നയെയും മറ്റും വിളിച്ചിരിക്കാമെന്നും പറഞ്ഞിരുന്നു. എന്നാൽ ജൂൺ 30 ന് സ്വർണ്ണക്കടത്ത് കണ്ടെത്തിയ ശേഷം ഈ സിംകാർഡ് ഉപയോഗിച്ചിട്ടില്ല എന്നതാണ് സംശയാസ്പദമായി മാറിയിരിക്കുന്നത്. സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ഉഗാണ്ടൻ സന്ദർശനത്തിലും വിവാദം ഉയർന്നിരുന്നു. ഫോൺ വിളിയും വ്യവസായ പ്രമുഖനുമായുള്ള സന്ദർശനവും സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ മറുനാടൻ പുറത്ത് വിടുന്നത്. സ്പീക്കേഴ്സ് കോൺഫറൻസിൽ പങ്കെടുക്കാൻ എത്തിയ സ്പീക്കർ അവിടെ നടത്തിയ ഇടപെടലുകൾ എല്ലാം ദുരൂഹമാണ്. സന്ദർശനത്തിനിടക്ക് ഉഗാണ്ടയിലെ ഏറ്റവും വലിയ വ്യവസായി സുധീർ രൂപ്പളെയെ സന്ദർശിക്കുകയും ചെയ്തു. ആഫ്രിക്കയിലെ ഏഴാമത്തെ സമ്പന്നനാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ അടുത്ത് ബിസിനസ്സ് കാര്യങ്ങൾ സംസാരിച്ചു. കൂട്ടികൊണ്ട് പോയത് മലയാളിയായ പാലക്കാട്ടുകാരനായിരുന്നു. ഇയാൾ ആർ എസ് എസിന്റെ മുൻ നേതാവായിരുന്നു.
അന്ന് ഈ പാലക്കാടുകാരൻ പോസ്റ്റ് ഇടുകയും ചെയ്തു. എന്നാൽ പിന്നീട് ഇത് ഡിലീറ്റ് ചെയ്യിക്കുകയും ചെയ്തു. ഇതെല്ലാം സംശയത്തിന് ഇടനൽകുന്നു. ഉഗാണ്ടയിൽ നിന്ന് സ്പീക്കർ ഫോണിൽ സംസാരിച്ചത് ഏറെയും ഒരു നമ്പരിലേക്കായിരുന്നു. മൂന്നു ദിവസം കൊണ്ട് ഏതാണ്ട് എണ്ണായിരം ഇന്ത്യൻ രൂപയാണ് സ്പീക്കർ ഉപയോഗിച്ച ഫോണിന്റെ ബില്ല്. ഉഗാണ്ടയിൽ നിന്നും ഇന്ത്യയിലേക്കും പാശ്ചാത്യ രാജ്യങ്ങളിലേക്കും ഫോൺ നിരക്കുകൾ കുറവാണെന്നിരിക്കെ, ഈ കോളുകളെല്ലാം ഗൾഫിലേക്കാകാം എന്ന സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഉഗാണ്ടയിൽ നിന്ന് ദുബായ് വഴിയായിരുന്നു ശ്രീരാമകൃഷ്ണന്റെ മടക്കം. ഉഗാണ്ടയിൽ നാലു ദിവസം നിന്നപ്പോൾ പ്രവാസി മലയാളിയുടെ ഫോണാണ് ഉപയോഗിച്ചത്. ഇതിന് ഭീമമായ ബിൽ വരികയും ചെയ്തു. സ്പീക്കർക്ക് രഹസ്യ ഫോണുകൾ ഉണ്ടെന്ന വാർത്ത വന്നതിന് പിന്നാലെയാണ് ഈ വിവരങ്ങൾ മറുനാടന് ലഭിച്ചത്.
സ്പീക്കർക്ക് ഔദ്യോഗിക ഫോൺ ഉഗാണ്ടയിലും ഉപയോഗിക്കാം എന്നിരിക്കെ എന്തിനാണ് മറ്റൊരു ഫോൺ ഉപയോഗിച്ചതെന്നും എന്തിനാണ് ഗുജറാത്തിൽ വേരുകളുള്ള ഉഗാണ്ടൻ വ്യവസായിയെ കണ്ടെതെന്നുമുള്ള ചോദ്യങ്ങൾക്ക് വരും ദിവസങ്ങളിൽ സ്പീക്കർ ഉത്തരം നൽകേണ്ടി വരും. ഉഗാണ്ടയിലേക്കുള്ള യാത്രയിലും ദുരൂഹതയുണ്ട്. മൂന്ന് ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് ശ്രീരമാകൃഷ്ണൻ ഉഗാണ്ടയിലേക്ക് പോയത്. സ്പീക്കർ ശ്രീരാമകൃഷ്ണന്റെ വിദേശ യാത്രകളിലെല്ലാം ദുരൂഹത നിറയുകയാണ്. അദ്ദേഹത്തിന്റെ ലണ്ടൻ യാത്രയും കേന്ദ്ര അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്.
യുകെയിലെ മലയാളികളുടെ സംഘടനയായ യുക്മ സംഘടിപ്പിച്ച വള്ളംകളി മത്സരത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം ലണ്ടനിൽ പോയതെന്നാണ് വിവരം. ഔദ്യോഗികമായ ക്ഷണമോ, വിമാന ടിക്കറ്റോ സംഘാടകർ നൽകാതിരുന്നിട്ടും ഈ പരിപാടിയിൽ അദ്ദേഹം പങ്കെടുത്തതിനെക്കുറിച്ചാണ് ഇപ്പോൾ ഏറെ വിവാദമുണ്ടായിരിക്കുന്നത്. ലണ്ടനിൽ നടന്ന പരിപാടിയിൽ കേവലം 15 മിനിറ്റ് നേരം മാത്രമാണ് സ്പീക്കർ പങ്കെടുത്തത്. സമ്മേളന സ്ഥലത്ത് നിന്നും മുങ്ങിയ ശ്രീരാമകൃഷ്ണൻ പിന്നെ നാല് ദിവസം കഴിഞ്ഞാണ് പൊങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.
മറുനാടന് മലയാളി ബ്യൂറോ