- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്‌സൈസ് സ്‌ക്വാഡ് പരിശോധനയിൽ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ; പിടിയിലായത് താമരശ്ശേരി സ്വദേശി ഫൈസൽ
കോഴിക്കോട്: എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡും എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് നടത്തിയ സംയുക്ത വാഹന പരിശോധനയ്ക്കിടെ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ.
കോഴിക്കോട് - താമരശ്ശേരി ദേശീയപാതയിൽ വെച്ച് മഹീന്ദ്ര ജീപ്പിൽ കടത്തിക്കൊണ്ടു പോവുകയായിരുന്ന 50 ഗ്രാം മാരക മയക്കുമരുന്ന് വിഭാഗത്തിൽപെട്ട എം ഡി എം എ (മെത്തലീൻ ഡയോക്‌സി മെത്താംഫീറ്റമിൻ) സഹിതം താമരശ്ശേരി സ്വദേശി പൊന്നോത്ത് വീട്ടിൽ ഫൈസൽ പി (28) യെ ആണ് അറസ്റ്റു ചെയ്തത്.
പ്രതി സഞ്ചരിച്ച ജീപ്പും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം താമരശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. പിടിച്ചെടുത്ത എം ഡി എം എ യ്ക്ക് വിപണിയിൽ രണ്ട് ലക്ഷം രൂപ വില മതിക്കുന്നു. എക്‌സൈസ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വി. ആർ ദേവദാസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ഐ ബി ഇൻസ്‌പെക്ടർ പ്രജിത്ത് എ, പ്രിവന്റീവ് ഓഫീസർ ബിജുമോൻ ടി പി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ദീനദയാൽ എസ് ആർ, സന്ദീപ് എൻ എസ്, അജിത്ത് പി, അനുരാജ് എ, സൈമൺ ടി എം, അരുൺ എ ഡ്രൈവർമാരായ അബ്ദുൽകരീം, പ്രബീഷ് എന്നിവർ ഉണ്ടായിരുന്നു.
ലോക്ക് ഡൗൺ കാരണം മദ്യശാലകൾ അടച്ചിട്ടതിനാൽ മറ്റു ലഹരി വസ്തുക്കളുടെ ഉപഭോഗം വർദ്ധിക്കാനുള്ള സാധ്യതകൾ മനസ്സിലാക്കി എക്‌സൈസ് സ്‌ക്വാഡ് പരിശോധനകൾ കർശനമാക്കിയിരുന്നു. സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തിൽപ്പെടുന്ന ലഹരിവസ്തു മോളി, എക്‌സ്, എക്സ്റ്റസി, എന്ന വിളിപ്പേരുകളിലും അറിയപ്പെടുന്നു. പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന മെത്തലീൻ ഡയോക്‌സി മെത്താം ഫിറ്റമിൻ അഥവാ എം ഡി എം എ എന്ന ലഹരി വസ്തു ഏറ്റവും ചെറിയ തോതിൽ ഉപയോഗിച്ചാൽ പോലും മണിക്കൂറുകളോളം ലഹരി ലഭിക്കുന്ന മാരക ലഹരി വസ്തുവാണ്.
പത്ത് ഗ്രാമോ അതിൽ കൂടുതലോ എം ഡി എം എ കൈവശം വച്ചാൽ തന്നെ പത്ത് മുതൽ ഇരുപത് വർഷം വരെ തടവു ശിക്ഷയോ രണ്ട് ലക്ഷം രൂപ വരെ പിഴശിക്ഷയോ കിട്ടുമെന്ന് എക്‌സൈസ് സ്‌ക്വാഡ് വൃത്തങ്ങൾ അറിയിച്ചു.