കൊച്ചി: കൊച്ചിയിൽ വൻ ലഹരി മരുന്ന് വേട്ട. കാക്കനാട് കേന്ദ്രീകരിച്ച് ഇന്ന് പുലർച്ചെ കസ്റ്റംസും എക്സൈസ് വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.

ഒരു കോടി രൂപയുടെ 100 ഗ്രാം എംഡിഎംഎയുമായി ഏഴംഗ സംഘമാണ് എക്സൈസ് പിടിയിലായത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ട്. കാക്കനാട് ചില ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. ചെന്നൈയിൽ നിന്ന് സാധനം എത്തിച്ച് കോഴിക്കോട്, മലപ്പുറം, കൊച്ചി എന്നിവടങ്ങളിൽ വിൽപന നടത്തുന്ന സംഘമാണ് പിടിയിലായത്.

കുടുംബാംഗങ്ങൾ എന്ന് പറഞ്ഞ് കാറിൽ സഞ്ചരിച്ചിരുന്ന ഇവർ പരിശോധനകൾ ഒഴിവാക്കാനായി മുന്തിയ ഇനം നായ്ക്കളെ ഒപ്പം കൂട്ടിയിരുന്നു. നായ്ക്കളെ കണ്ട് പൊലീസും മറ്റും പരിശോധന ഒഴിവാക്കും. ഇതാദ്യമായാണ് നായ്ക്കളേയും കടത്തിന് ഉപയോഗിക്കുന്നുവെന്ന വിവരം പുറത്താകുന്നത്.

ഇതിന് മുൻപും കൊച്ചിയിലെ ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ച് എക്സൈസ് ലഹരി മരുന്ന് വേട്ട നടത്തിയിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമെന്ന നിലയിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിലായത്. കൂടുതൽ പേർ വരും ദിവസങ്ങളിൽ പിടിയിലാകുമെന്ന് എക്സൈസ് അറിയിച്ചു.

ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു ലഹരി മരുന്ന് ഉപയോഗവും വിതരണവും. പ്രതികൾ ചെന്നൈയിൽ നിന്നും കൊച്ചിയിൽ എത്തിച്ചിരുന്നത് വൻ ലഹരിമരുന്ന് ശേഖരമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. നാല് കിലോ എംഡിഎംഎ വില്പന നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചു.

ഇവരിൽ നിന്നും ലഹരി മരുന്നു വാങ്ങിയവരുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സിനിമാക്കാരും സീരിയിൽ നടീ നടന്മാരും മോഡലുകളും വരെ ലിസ്റ്റിലുണ്ട്. അതേസമയം, കൊച്ചിയിൽ ലഹരി മരുന്നുകൾ പിടികൂടാൻ പൊലീസ് പരിശോധന ശക്തമാക്കിയെന്ന് ഡിസിപി ഐശ്വര്യ ഡോഗ്‌റേ പറഞ്ഞു.