ബ്രിട്ടനിൽ നാളിത് വരെയുണ്ടായ ഏറ്റവും വലിയ ബാങ്കിങ് തട്ടിപ്പുകളിലൊന്നിലെ പ്രതിയാവുകയും 300 മില്യൺ പൗണ്ട് അടിച്ച് മാറ്റുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത പാക്കിസ്ഥാനി ഷാഹിദ് ലുഖ്മാൻ ഇലക്ട്രോണിക് ടാഗോടെ പാസ്‌പോർട്ട് പോലും ഇല്ലാതെ മാഞ്ചസ്റ്ററിൽ നിന്നും വിമാനം കയറി നാട്ടിലെത്തി. 300 മില്യൺ പൗണ്ട് അടിച്ച് മാറ്റിയതിന് ശിക്ഷിക്കപ്പെട്ടിട്ടും ഇയാൾ ഇപ്പോൾ ലാഹോറിലെ ആഡംബര സമുച്ചയത്തിൽ സുഖസമൃദ്ധമായ ജീവിതം നയിക്കുകയാണ്. ഇതിനെ തുടർന്ന് ബോർഡർ പൊലീസിന്റെ നിരുത്തരവാദപരമായ സമീപനത്തെ പഴിച്ച് കോടതി രംഗത്തെത്തുകയും ചെയ്തു.

2011ലായിരുന്നു വെറുമൊരു ഇലക്ട്രോണിക് ടാഗ് ധരിച്ച് ഇയാൾ അധികൃതരെ കബളിപ്പിച്ച് പാസ്‌പോർട്ടില്ലാതെ പാക്കിസ്ഥാനിലേക്ക് കടന്നത്.തട്ടിപ്പിനെ തുടർന്ന് ഇയാളുടെ പാക്കിസ്ഥാനി, ബ്രിട്ടീഷ് പാസ്‌പോർട്ടുകൾ കണ്ട് കെട്ടിയിരുന്നു.തുടർന്ന് മറ്റൊന്ന് കിട്ടാനുള്ള ശ്രമം നടത്തിയതിന്റെ പേരിൽ ഇയാൾ കോടതിയിലെത്തുകയും ചെയ്തിരുന്നു. കോടതി ഇയാളെ തടവ് ശിക്ഷയ്ക്ക് വിധിച്ച് രണ്ടാഴ്ചക്കുള്ളിലായിരുന്നു ഇയാൾ ബോർഡർ സ്റ്റാഫിനെ വെട്ടിച്ച് പാക്കിസ്ഥാനിലേക്ക് മുങ്ങിയത്. ലുഖ്മാനെ പിടികൂടുന്നതിനായി ഒരു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇയാൾ ലാഹോറിൽ ഒരു ഷോപ്പിങ് മാൾ നടത്തി സസുഖം വാഴുകയാണിപ്പോഴും.

കൂടാതെ തന്റേതായ ഫാഷൻ ബോട്ടിക്ക് ആരംഭിച്ച ലുഖ്മാൻ അതിന്റെ ഭാഗമായി സ്വയം മോഡലായി ചില മാഗസിനുകളിലെ ഫോട്ടോ ഷൂട്ടുകളിൽ താരമായി തിളങ്ങുന്നുമുണ്ട്. ലുഖ്മാൻ ഇത്രയ്ക്ക് അനായാസമായി എങ്ങനെയാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് പാക്കിസ്ഥാനിലേക്ക് മുങ്ങിയതെന്ന് ഈ ആഴ്ച ലുഖ്മാന് വേണ്ടിയുള്ള അറസ്റ്റ് വാറണ്ടിനെക്കുറിച്ചുള്ള ഒരു റിവ്യൂ ഹിയറിംഗിനിടെ ജഡ്ജ് ഏൻജല നീൽഡ് അത്ഭുതം പ്രകടിപ്പിച്ചിരുന്നു. ലുഖ്മാനെ യുകെയിലേക്ക് തിരിച്ച് കൊണ്ടു വന്ന് നിയമനടപടികൾക്ക് വിധേയനാക്കാനുള്ള നീക്കത്തിൽ എന്തെങ്കിലും പുരോഗതിയുണ്ടായതായി ഈ ഹിയറിംഗിനിടെ ബോധിപ്പിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.

പാക്കിസ്ഥാനുമായി ബ്രിട്ടന് പ്രതികളെ കൈമാറാനുള്ള എക്ട്രാഡിഷൻ കരാറില്ലെന്നതും പ്രശ്‌നമാകുന്നുണ്ട്. മാഞ്ചസ്റ്ററിലെ മിൻഷുൾ സ്ട്രീറ്റ്ക്രൗൺ കോർട്ടിൽ വച്ച് നടന്ന ഇത് സംബന്ധിച്ച റിവ്യൂ ഹിയറിംഗിൽ ലുഖ്മാനെ തിരിച്ച് കൊണ്ട് വരാൻ ഭാവിയിൽ എന്ത് നടപടിയാണ് സ്വീകരിക്കാൻ പോകുന്നതെന്നതിന്റെ വ്യക്തമായ ചിത്രം നൽകാനും അധികൃതർ പാട് പെട്ടിരുന്നു. മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുമ്പോഴായിരുന്നു ലുഖ്മാൻ ബ്രിട്ടനിൽ തന്റെ പ്രോപ്പർട്ടി സാമ്രാജ്യത്തിന് അടിത്തറയിട്ടിരുന്നത്. അതിന്റെ ഭാഗമായി അയാൾ ഇവിടെ അക്കാലത്ത് തന്റെ ആദ്യ വീട് വാങ്ങുകയായിരുന്നു.

 

തുടർന്ന് ഒരു ബാങ്കിൽ ജോലി ചെയ്തതിന് ശേഷം അയാൾ ലെക്‌സി ഹോൾഡിങ്‌സ് എന്ന കമ്പനി 2000ത്തിൽ സ്വന്തമായി സ്ഥാപിച്ചു. പ്രോപ്പർട്ടി പോൾട്ട്‌ഫോളിയോ ഉണ്ടാക്കാനാഗ്രഹിക്കുന്ന എംപിമാർ, ഫുട്‌ബോളർമാർ, സംരംഭകർ എന്നിവർക്ക് ബ്രിഡ്ജിങ് ഫിനാൻസ് സർവീസ് നൽകുന്ന സ്ഥാപനമായിരുന്നു ഇത്. 2004ൽ യംഗ് എന്റർപ്രണർ ഓഫ് ദി ഇയർ എന്ന പദവി ഏണസ്റ്റ് ആൻഡ് യംഗ് ഇയാൾക്ക് നൽകിയിരുന്നു. ചെഷയറിലെ അഞ്ച് മില്യൺ പൗണ്ട് വസതിയിലായിരുന്നു ലുഖ്മാൻ അക്കാലത്ത് കഴിഞ്ഞത്. ബെന്റ്‌ലെ കാറിലും തന്റെ സ്വന്തം ഗൾഫ്‌സ്ട്രീം ട്രാൻസ് അറ്റ്‌ലാന്റിക് ബിസിനസ് ജെറ്റിലുമായിരുന്നു ഇയാളുടെ സഞ്ചാരം. ബാങ്കുകളിൽ നിന്നും കടമെടുത്ത് ബിസിനസ് നടത്തിയിരുന്ന ഇയാളുടെ ബിസിനസ് നഷ്ടമായപ്പോഴാണ് കടം തിരിച്ചടക്കാനാവാതെ കുടുങ്ങിയത്. അതിൽ നിന്നും രക്ഷപ്പെടാനാണ് പലായനം ചെയ്തിരിക്കുന്നത്.