കോതമംഗലം: നെല്ലിമറ്റത്ത് വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ നേര്യമംഗലം മുഞ്ചക്കൽ ഇബ്രാഹിമിന്റെ മകൾ ലൈല(40)യുടെ മരണം മാരകമായ വിഷം ഉള്ളിൽച്ചെന്നതിനെതുടർന്നെന്ന് സൂചന. ഇന്നലെ ലൈലയുടെ മൃതദ്ദേഹം പോസ്റ്റുമോർട്ടം നടത്തിയിരുന്നു. ഇത് സംബന്ധിച്ച് പൊലീസിന് ലഭിച്ച പ്രാഥമീക റിപ്പോർട്ടിലാണ്് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. വിശദമായ പോസ്റ്റുമോർട്ടും റിപ്പോർട്ടും രാസപരിശോധന ഫലവും ലഭിച്ചാൽ മാത്രമെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയു എന്നാണ് പൊലീസ് നിലപാട്. ഇതോടെ മരണത്തിൽ ദൂരൂഹത വർദ്ധിച്ചിരിക്കുകയാണ്.

ലൈലയോടൊപ്പം ബന്ധുവെന്ന് പറയപ്പെടുന്ന അലിമുത്തിനെയും വീട്ടിൽ അവശനിലയിൽ കണ്ടെത്തിയിരുന്നു. ഇരുവരെയും പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. കളമശേരി മെഡിക്കൽ കോളേജിൽ ചികത്സയിൽക്കഴിയുന്ന അലിമുത്തിനെ കണ്ട്, പൊലീസ് ഇന്നലെ മൊഴിയെടുത്തിരുന്നു. ലൈലക്ക് പനിയായിരുന്നെന്നും ചുക്കും കുരുമുളകും കൽക്കണ്ടവും കൂടി ഇടിച്ച് ചേർത്ത് നൽകിയെന്നും ഈ അവസരത്തിൽ ഇത് താനും കഴിച്ചെന്നും ഇതിനുശേഷമാണ് അസ്വസ്ഥത അനുഭവപ്പെട്ടതെന്നുമാണ് അലുമുത്ത് പൊലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്.

പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമീക സൂചനകളും അലിമുത്തിന്റെ വിവരണവും തമ്മിലുള്ള പൊരുത്തക്കേട് കൂടുതൽ സംശയങ്ങൾക്കിടയാക്കിയിട്ടുണ്ട്. വീട്ടിൽ എലിവിഷവും കൽക്കണ്ടവും ഉണ്ടായിരുന്നെന്നും ഇത് അടുക്കളയിൽ ഒരു തട്ടിലാണ് സൂക്ഷിച്ചിരുന്നതെന്നും മരുന്ന് തയ്യാറാക്കിയപ്പോൾ ഇത് തമ്മിൽ മാറിപ്പോയതാവാമെന്ന് താൻ സംശയിക്കുന്നതായും ഇന്നലെ ലൈലയുടെ ഭർത്താവ് ജോമോൻ മറുനാടനോട് വ്യക്തമാക്കിയിരുന്നു.

പൊലീസിന് മുമ്പാകെയും ജോമോൻ ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ട്. വീട്ടിൽ ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സാധാരണ വിപണിയിൽ ലഭിക്കുന്ന എലിവിഷത്തിലെ വിഷാംശം അല്ല ഇരുവരുടെയും ഉള്ളിൽച്ചെന്നിട്ടുള്ളതെന്ന് പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് സംഭവത്തിൽ കൂടുതൽ സംശയക്കൾക്ക് ഇടയാക്കിയിട്ടുണ്ട്. ലൈലയുടെ ബന്ധുവെന്ന പറയുന്ന അലിമുത്തിനെക്കുറിച്ച് തനിക്ക് കൂടുതലൊന്നും അറിയില്ലെന്നും കഴിഞ്ഞ വ്യാഴാഴ്ച കോതമംഗലം ബസ്റ്റാന്റിൽ വച്ചാണ് ഇയാളെ ആദ്യമായി കാണുന്നതെന്നും ജോമോൻ മറുനാടനോട് വ്യക്തമാക്കിയിരുന്നു.

കോതമംഗലം ബസ്സ്റ്റാന്റിൽ മുഴിഞ്ഞ വേഷത്തിൽ നിന്നിരുന്ന അലിമുത്തുവിനെ കണ്ടപ്പോൾ ഉമ്മയുടെ അകന്ന ബന്ധുവാണെന്നും പറഞ്ഞ് ലൈല പരിചയപ്പെടുത്തിയെന്നും കുറച്ച് ദിവസം വീട്ടിൽ താമസിപ്പിക്കാൻ താൽപര്യപ്പെട്ടെന്നും ഇതിന് താൻ അനുമതി നൽകുകയായിരുന്നെന്നുമാണ് ജോമോന്റെ വിശദീകരണം.ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിനും പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്.വരും ദിവസങ്ങളിൽ സംഭവിച്ചത് എന്താണെന്ന കാര്യത്തിൽ വ്യക്തരുത്താനാവുമെന്നാണ് അന്വേഷക സംഘത്തിന്റെ പ്രതീക്ഷ.ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് പൊലീസ് എത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്.പിന്നാലെ ലൈല മരണപ്പെടുകയായിരുന്നു.

ഇടുക്കി സ്വദേശിയായ ജോമോൻ സ്വകാര്യബസ്സ് ജീവനക്കാരനാണ്.9 വർഷം മുമ്പ് ലൈലയുമായി സ്നേഹത്തിലാവുകയായിരുന്നെന്നും തുടർന്ന് ഒരുമിച്ച് ജീവിച്ചുവരികയായിരുന്നും ജോമോൻ പറഞ്ഞു.മുമ്പ് വിവാഹതിയായ ലൈല ജോമൊനൊപ്പം ജീവിതം ആരംഭിച്ചതോടെ വീട്ടുകാരുമായി സ്വരച്ചേർച്ചയിലായിരുന്നില്ലന്നുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.