കോതമംഗലം: നെല്ലിമറ്റത്തെ ലൈലയുടെ മരണത്തിന് പിന്നിലെ ദുരൂഹതയകറ്റാൻ അടിയന്ത നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.ഉഗ്രവിഷം അകത്തുചെന്നതാണ് മരണത്തിന് കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.ഇതിന് പിന്നാലെയാണ് ലൈലയുടെ മരണത്തിന് ഇടയാക്കിയ സാഹചര്യത്തെക്കുറച്ച് നിലനിൽക്കുന്ന ദൂരൂഹതയകറ്റാൻ നടപടിവേണമെന്ന ആവശ്യം പരക്കെ ഉയരുന്നത്.മരുന്നിൽ കൽക്കണ്ടത്തിന് പകരം എലിവിഷം ചേർത്തിരിക്കാൻ സാധ്യതയെന്നാണ് പൊലീസ് നിഗമനം.കൈപ്പിഴ പറ്റാമെന്നും പൊലീസ് പറയുന്നു. നേര്യമംഗലം മുഞ്ചക്കൽ ഇബ്രാഹിമിന്റെ മകൾ ലൈലയെയും ബന്ധു അലിമുത്തിനെയും കഴിഞ്ഞ മാസം 26-നാണ് അവശനിലയിൽ വീട്ടിൽ കണ്ടെത്തിയത്.

തുടർന്ന് ഊന്നുകൽ സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ ആശുപത്രയിൽ എത്തിച്ചു.ലൈല മരണപ്പെട്ടതായി ആശുപത്രയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു.അലിമുത്തിനെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു.ഇയാൾ ഇപ്പോൾ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു.മരണത്തിന് കാരണമായ ഉഗ്രവിഷം എവിടെ നിന്നും ലഭിച്ചു എന്ന കാര്യം അജ്ഞാതം.എങ്ങിനെ ഉള്ളിലെത്തി എന്നതിലും അവ്യക്തത.ലെലക്ക് പനിയുണ്ടായിരുന്നെന്നും കൽക്കണ്ടവും ചുക്കും മറ്റുംചേർത്ത് മരുന്നുണ്ടാക്കി നൽകിയെന്നും ഇത് തങ്ങൾ രണ്ടുപേരും കഴിച്ചെന്നും പിന്നാലെ അവശത അനുഭവപ്പെട്ടെന്നുമാണ് അലിമുത്ത് പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്.

മരുന്നിൽ കൽക്കണ്ടം ആണെന്ന് കരുതി അലിമുത്ത് എലിവിഷം ചേർത്തിരിക്കാമെന്നാണ് പൊലീസ് അനുമാനം.കൽക്കണ്ടവും എലിവിഷവും ഒറ്റ നോട്ടത്തിൽ തിരിച്ചറിയാമെന്നിരിക്കെ ഇവ തമ്മിൽ മാറിപ്പോയെന്ന വാദം ഒരുതരത്തിലും അംഗികരിക്കാനാവില്ലന്നാണ് നാട്ടുകാരിൽ ഒരു വിഭാഗത്തിന്റെ നിലപാട്.അലിമുത്തിന് കൈപ്പിഴ പറ്റിയിരിക്കാമെന്ന പൊലീസ് നിഗമനവും ഇക്കൂട്ടർ തള്ളിക്കയുകയാണ്.പുറത്തുവന്നിട്ടുള്ളത് മരണത്തിന് പിന്നിലെ യഥാർത്ഥ വസ്തുകൾ അല്ലെന്നും നടന്നത് എന്താണെന്ന് വിശദമായ അന്വേഷണം നടത്തി കണ്ടെത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

വീട്ടിൽ എലിവിഷവും കൽക്കണ്ടവും ഉണ്ടായിരുന്നെന്നും ഇത് അടുക്കളയിൽ ഒരു തട്ടിലാണ് സൂക്ഷിച്ചിരുന്നതെന്നും മരുന്ന് തയ്യാറാക്കിയപ്പോൾ ഇത് തമ്മിൽ മാറിപ്പോയതാവാമെന്ന് താൻ സംശയിക്കുന്നതായും ലൈലയുടെ ഭർത്താവ് ജോമോൻ മറുനാടനോട് വ്യക്തമാക്കിയിരുന്നു.
പൊലീസിന് മുമ്പാകെയും ഈ വിവരം ജോമോൻ വെളിപ്പെടുത്തിയിരുന്നു.വിപണിയിൽ ലഭിക്കുന്ന സാധാരണ എലിവിഷത്തിലെ വിഷാംശം അല്ല ലൈലയുടെ ഉള്ളിൽച്ചെന്നിട്ടുള്ളതെന്ന് പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.ഇത് സംഭവത്തിൽ കൂടുതൽ സംശയക്കൾക്ക് ഇടയാക്കിയിട്ടുണ്ട്.

ലൈലയുടെ ബന്ധുവെന്ന പറയുന്ന അലിമുത്തിനെക്കുറിച്ച് തനിക്ക് കൂടുതലൊന്നും അറിയില്ലെന്നും സംഭവത്തിന് 4 ദിവസം മുമ്പ് കോതമംഗലം ബസ്റ്റാന്റിൽ വച്ചാണ് ഇയാളെ ആദ്യമായി കാണുന്നതെന്നും ജോമോൻ വെളിപ്പെടുത്തിയിരുന്നു.കോതമംഗലം ബസ്സ്റ്റാന്റിൽ മുഴിഞ്ഞ വേഷത്തിൽ നിന്നിരുന്ന അലിമുത്തുവിനെ കണ്ടപ്പോൾ ഉമ്മയുടെ അകന്ന ബന്ധുവാണെന്നും പറഞ്ഞ് ലൈല പരിചയപ്പെടുത്തിയെന്നും കുറച്ച് ദിവസം വീട്ടിൽ താമസിപ്പിക്കാൻ താൽപര്യപ്പെട്ടെന്നും ഇതിന് താൻ അനുമതി നൽകുകയായിരുന്നെന്നുമാണ് ജോമോന്റെ വിശദീകരണം.

ഇടുക്കി സ്വദേശിയായ ജോമോൻ സ്വകാര്യബസ്സ് ജീവനക്കാരനാണ്.9 വർഷം മുമ്പ് ലൈലയുമായി സ്‌നേഹത്തിലാവുകയായിരുന്നെന്നും തുടർന്ന് ഒരുമിച്ച് ജീവിച്ചുവരികയായിരുന്നും ജോമോൻ പറഞ്ഞു.മുമ്പ് വിവാഹതിയായ ലൈല ജോമൊനൊപ്പം ജീവിതം ആരംഭിച്ചതോടെ വീട്ടുകാരുമായി സ്വരച്ചേർച്ചയിലായിരുന്നില്ലന്നുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.