- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചോദ്യംചെയ്യലുമായി സഹകരിച്ചില്ല; ഗൂഢാലോചനയിൽ അടക്കം കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമെന്ന് പൊലീസ്; ആശിഷ് മിശ്രയെ മൂന്നുദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു
ലഖ്നൗ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ വാഹനമിടിച്ചുകയറ്റി കർഷകരെ കൊലപ്പെടുത്തിയെന്ന കേസിൽ ആരോപണ വിധേയനായ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽവിട്ടു. 14 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടതെങ്കിലും മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ച് കോടതി ഉത്തരവിടുകയായിരുന്നു.
കേസിൽ പ്രതിയെ കൂടുതൽ ചോദ്യംചെയ്യേണ്ടതുണ്ടെന്ന് പ്രോലീസ് കോടതിയെ അറിയിച്ചു. ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളിൽ ചോദ്യംചെയ്യൽ ആവശ്യമാണെന്നും പൊലീസ് പറഞ്ഞു. എന്നാൽ ആശിഷ് മിശ്രയെ 12 മണിക്കൂർ പൊലീസ് ചോദ്യംചെയ്തതാണെന്നും ഇനിയും എത്ര സമയമാണ് ചോദ്യംചെയ്യാൻ വേണ്ടതെന്നും പ്രതിഭാഗം ചോദിച്ചു. കസ്റ്റഡി അപേക്ഷയിൽ മതിയായ കാരണം വ്യക്തമാക്കിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ 12 മണിക്കൂർ ചോദ്യംചെയ്തിട്ടും പ്രതി മറുപടി നൽകിയിട്ടില്ലെന്നും ചോദ്യംചെയ്യലുമായി സഹകരിച്ചില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. പക്ഷേ, ഈ വാദം തെറ്റാണെന്നും തന്റെ കക്ഷി എല്ലാചോദ്യങ്ങൾക്കും മറുപടി നൽകിയിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു. പ്രത്യേക അന്വേഷണസംഘം തയ്യാറാക്കിനൽകിയ 40 ചോദ്യങ്ങൾക്കും ആശിഷ് മിശ്ര മറുപടി നൽകിയതായും പ്രതിഭാഗം പറഞ്ഞു. തുടർന്നാണ് പ്രതിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവിട്ടത്.
ലഖിംപുർ ഖേരിയിലെ പ്രതിഷേധക്കാർക്കിടയിലേക്ക് വാഹനമിടിച്ച് കയറ്റി കർഷകരെ കൊലപ്പെടുത്തിയെന്ന കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ ശനിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ആശിഷ് മിശ്രയുടെ അറസ്റ്റ് രേഖപ്പെടുത്താത്തതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
മന്ത്രിയുടെ മകനായതിനാൽ പ്രതിക്ക് വി.ഐ.പി. പരിഗണന ലഭിക്കുന്നതായും ആരോപണമുയർന്നു. ഇതിനുപിന്നാലെയാണ് ആശിഷ് മിശ്ര ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്. തുടർന്ന് മണിക്കൂറുകളോളം ചോദ്യംചെയ്ത ശേഷമാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ന്യൂസ് ഡെസ്ക്