- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഖിംപൂർ ഖേരി സംഭവം: പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പുറത്തുവിട്ട് യു പി പൊലീസ്; തിരിച്ചറിയാൻ സഹായിക്കുന്നവർക്ക് പാരിതോഷികം; അന്വേഷണ പുരോഗതി സുപ്രീംകോടതി ബുധനാഴ്ച പരിശോധിക്കും
ന്യൂഡൽഹി: ലഖിംപൂർ ഖേരിയിൽ കർഷകരടക്കം കൊല ചെയ്യപ്പെട്ട സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പുറത്ത് ഉത്തർപ്രദേശ് പൊലീസ്. പ്രതികളെ തിരിച്ചറിയാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിലെ അന്വേഷണ പുരോഗതി സുപ്രീംകോടതി ബുധനാഴ്ച പരിശോധിക്കാനിരിക്കെയാണ് പൊലീസ് നീക്കം. അതേസമയം, കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ രാജിയും അറസ്റ്റും ആവശ്യപ്പെട്ടുള്ള പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.
കർഷകരെ വാഹനമിടിച്ച് കൊന്ന എസ്.യു.വി വാഹനത്തിൽ ഉണ്ടായിരുന്ന കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പടെ പത്ത് പേരെയാണ് ഇതുവരെ യുപി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത്. കേസിലെ അന്വേഷണ പുരോഗതി യുപി പൊലീസ് ബുധനാഴ്ച ചീഫ് ജസ്റ്റിസ് കോടതിയെ അറിയിക്കും.
കർഷകർക്കുമേൽ വാഹനമിടിച്ചുകയറ്റി സ്ഥലത്ത് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബർ എട്ടിന് കേസ് പരിഗണിക്കവെ യുപി സർക്കാരിന് രൂക്ഷ വിമർശനമാണ് കോടതിയിൽ നിന്ന് കേൾക്കേണ്ടിവന്നത്. കൃത്യമായ അന്വേഷണം നടക്കുമോ എന്നതിൽ സുപ്രീംകോടതി ആശങ്കയും അറിയിച്ചിരുന്നു. സുപ്രീംകോടതി വിമർശനത്തിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ മകൻ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്.
കേസ് യുപി പൊലീസ് തന്നെ അന്വേഷിച്ചാൽ മതിയോ, മറ്റെന്തെങ്കിലും അന്വേഷണ സംവിധാനം വേണോ എന്നതിൽ ഒരുപക്ഷെ കോടതി നാളെ തീരുമാനമെടുത്തേക്കും. ലഖിംപൂർ ഖേരിലെ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് കർഷക സംഘടനകളുടെ ആരോപണം. ഗൂഢാലോചന നടത്തിയത് കേന്ദ്ര മന്ത്രി അജയ് മിശ്രയാണെന്ന ആരോപണവും ഉയർത്തുന്നു.
അജയ് മിശ്ര പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇന്നലെ രാജ്യവ്യാപകമായി കർഷകർ ട്രെയിൻ തടയൽ സമരം നടത്തിയിരുന്നു. ലൗഖ്‌നൗവിൽ 26ന് മഹാപഞ്ചായത്തും സംഘടിപ്പിക്കും. തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കാനിരിക്കെ യു.പിയിലടക്കം കർഷകർ പ്രക്ഷോഭം കടുപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തൽ പല ബിജെപി നേതാക്കൾക്കുമുണ്ട്.
ബിജെപി നേതാവുൾപ്പെടെ നാലുപേർ കൂടി അറസ്റ്റിലായിരുന്നു. സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട പ്രാദേശിക ബിജെപി നേതാവായ സുമിത് ജയ്‌സ്വാൾ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഇയാൾ രക്ഷപെടുന്ന വീഡിയോ ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.
സുമിത്തിനെ കൂടാതെ നന്ദൻ സിങ് ഭിഷ്ട്, ശിശുപാൽ, സത്യപ്രകാശ് ത്രിപാഠി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ത്രിപാഠിയുടെ പക്കൽ നിന്ന് ലൈസൻസുള്ള തോക്കും മൂന്ന് ഉണ്ടകളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. കർഷക സമരക്കാർക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനവ്യൂഹം ഇടിച്ചുകയറി നാല് കർഷകർ ഉൾപ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. ഒരു മാധ്യമപ്രവർത്തകനും മരിച്ചിരുന്നു.
ന്യൂസ് ഡെസ്ക്