പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരങ്ങളും ഫണ്ടു വിനിയോഗത്തിനുള്ള അനുമതിയും നൽകണമെന്ന് വിദഗ്ധ സമിതിയുടെ ശുപാർശ; നിലവിലുള്ള അധികാരം പോലും ഏറ്റെടുത്ത് അഡ്മിനിസ്ട്രേറ്റർ; പ്രഫുൽ പട്ടേൽ പത്തി മടക്കിയില്ലെങ്കിൽ പ്രതിഷേധം ഡൽഹിയിലേക്ക്; ലക്ഷദീപിന് വേണ്ടി വികാരം ശക്തമാകുമ്പോൾ
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: ലക്ഷദ്വീപിൽ തദ്ദേശസ്ഥാപനങ്ങളുടെ അധികാരം ഓരോന്നായി ഇല്ലാതാവുന്നു. ദ്വീപിലെ തദ്ദേശസ്ഥാപനങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്വം നൽകണമെന്ന് കേന്ദ്രസർക്കാർതന്നെ നിയമിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് പൂഴ്‌ത്തി വച്ചാണ് തീരുമാനം. ഈ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിൽ കുടുങ്ങി കിടക്കുകയാണ്. രാജ്യത്തെ ഏറ്റവും മികച്ച പഞ്ചായത്ത് ഓഫീസുകളുള്ള ദ്വീപാണ് ലക്ഷദ്വീപ്.
അഡ്‌മിനിസ്ട്രേറ്ററുടെ തീരുമാനങ്ങൾ ഏകപക്ഷീയമാണെന്നും ജനപ്രതിനിധികളെയും ജനങ്ങളെയുംകൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോയിരുന്നുവെങ്കിൽ ഇപ്പോഴത്തെ വിവാദം ഒഴിവാക്കാമായിരുന്നെന്നും ലക്ഷദ്വീപിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബി. ഹസ്സൻ പറയുന്നു. അതിനിടെ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററുടെ പുത്തൻ പരിഷ്‌കാരങ്ങളിൽ തുടർപ്രക്ഷോഭങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും സർവകക്ഷിയോഗം ചേരും. ദ്വീപിലെ ബിജെപി നേതാക്കാളെയടക്കം ഉൾപ്പെടുത്തി കോർ കമ്മിറ്റി രൂപീകരിക്കും. അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ നേരിൽ കാണാനാണ് നീക്കം.
ഇതിനിടെയാണ് പഞ്ചായത്തുകളുടെ ചിറകരിയാനുള്ള നീക്കവും വിവാദമാകുന്നത്. ലക്ഷദ്വീപിലെ പഞ്ചായത്തുകളെ ശാക്തീകരിക്കാൻ 2016-ലാണ് എസ്.എസ്. മീനാക്ഷിസുന്ദരം അധ്യക്ഷനും മുൻ കില ഡയറക്ടർ ഡോ. പി.പി. ബാലൻ കൺവീനറുമായി വിദഗ്ധസമിതിയെ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം നിയോഗിച്ചത്. പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരങ്ങളും ഫണ്ടു വിനിയോഗത്തിനുള്ള അനുമതിയും നൽകണമെന്നായിരുന്നു പ്രധാന ശുപാർശ. ഇതടക്കമുള്ള വിശദമായ റിപ്പോർട്ട് ഇവർ സമർപ്പിച്ചു. എന്നാൽ ഇതൊന്നും ഇപ്പോൾ ആരും പരിഗണിക്കുന്നില്ല
പകരം നിലവിലുള്ള അധികാരങ്ങൾതന്നെ കവർന്നെടുക്കുകയാണ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ. ദ്വീപിന്റെ ഭാവിയും വികസനവുമായി ബന്ധപ്പെട്ട ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം എന്നീ അഞ്ചു പ്രധാന മേഖലകളിലെ ഫണ്ടുവിനിയോഗം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകി രണ്ടാം യു.പി.എ. സർക്കാരിന്റെ കാലത്ത് തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിൽക്കൂടുതൽ ആനുകൂല്യങ്ങൾ നൽകണമെന്നാണ് പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ വിദഗ്ധസമിതി ആവശ്യപ്പെട്ടത്.
എന്നാൽ ഈ അഞ്ചു മേഖലകളിലെയും ഫണ്ടു വിനിയോഗം മെയ് അഞ്ചിന്റെ ഓർഡിനൻസിലൂടെ അഡ്‌മിനിസ്ട്രേറ്റർ പിടിച്ചെടുത്തു. ഇതോടെ ഈ ശുപാർശ തന്നെ കാറ്റിൽ പറത്തുന്ന തീരുമാനമായി ഇതു മാറി. ദ്വീപിൽ ആകെ 10 ഗ്രാമപ്പഞ്ചായത്തുകളും 10 ഗ്രാമസഭകളും ഒരു ജില്ലാപഞ്ചായത്തുമാണുള്ളത്. ജനങ്ങൾക്ക് മാതൃകാപരമായി പ്രവർത്തിക്കാൻ ഇതുപോലൊരു സംവിധാനം രാജ്യത്ത് മറ്റൊരിടത്തുമില്ലെന്നും പഞ്ചായത്തീ രാജ് മന്ത്രാലയം സീനിയർ കൺസൾട്ടന്റ് ഡോ. പി.പി. ബാലൻ അഭിപ്രായപ്പെട്ടിരുന്നു.
ഏതായാലും അഡ്‌മിനിസ്‌ട്രേറ്റർക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. അനുകൂല നിലപാടുണ്ടായില്ലെങ്കിൽ വിവിധ സംഘടനകളുടെ പിന്തുണയോടെ ഡൽഹിയിലേക്ക് പ്രതിഷേധം നീട്ടാനാണ് തീരുമാനം. നാളെ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലെത്തുമെന്നാണ് സൂചന. അതേ സമയം കളക്ടറുടെ കോലം കത്തിച്ച 12 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അതേ സമയം തീരദേശ മേഖലയിൽ സുരക്ഷ വർധിപ്പിച്ച് ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോർപറേഷന്റെ ഉത്തരവ്. ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് സുരക്ഷ ലെവൽ 2 ആക്കി വർധിപ്പിച്ചത്.
സംശയാസ്പദ സാഹചര്യത്തിൽ എന്തെങ്കിലും കണ്ടാൽ അധികൃതരെ അറിയിക്കാൻ നിർദ്ദേശം അടക്കമാണ് ഉത്തരവ്. അറിയിപ്പ് ഉണ്ടാകും വരെ ലെവൽ 2 സുരക്ഷ തുടരുമെന്നും ഉത്തരവിൽ പറയുന്നു. പ്രതിഷേധക്കാരെ ഭയപ്പെടുത്താനാണ് ഈ തീരുമാനം എന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ