- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കപ്പൽ യാത്ര ദുസഹമാക്കുന്ന സെക്യൂരിറ്റിൽ ലെവൽ ടൂ; അത്യാസന്ന നിലിയിലെ രോഗിക്ക് എയർ ആംബുലൻസ് കിട്ടണമെങ്കിൽ കുറഞ്ഞത് ആറു മണിക്കൂർ വേണ്ടി വരും; നിർമ്മാണത്തിനും വിലക്ക്; ദ്വീപുകളിലേക്കുള്ള യാത്രയ്ക്കും എഡിഎം അനുമതി നിർബന്ധം; ടൂറിസം വളർത്താൻ എത്തിയവർ ഇപ്പോൾ ചെയ്യുന്നത് എല്ലാം തകർക്കൽ; ലക്ഷദീപിൽ കാര്യങ്ങൾ അടിയന്തരവാസ്ഥയ്ക്ക് സമാനം
കൊച്ചി: ലക്ഷദ്വീപിലേക്കുള്ള യാത്രാ നിയന്ത്രണം കർശനമാക്കി അഡ്‌മിനിസ്‌ട്രേഷൻ സർക്കുലർ പുറത്തിറങ്ങാൻ കാരണം രാഷ്ട്രീയ ഇടപെടലുകളോടുള്ള ഭയം. ഞായറാഴ്ച മുതൽ ദ്വീപുകളിലേക്കു യാത്ര ചെയ്യാൻ അഡീഷനൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങണം. സന്ദർശന വീസയിൽ എത്തിയിട്ടുള്ളവർക്ക് ഒരാഴ്ച കൂടി ദ്വീപിൽ തുടരാം. ആർക്കെങ്കിലും കൂടുതൽ ദിവസം ദ്വീപിൽ തുടരണമെങ്കിൽ എഡിഎമ്മിന്റെ അനുമതി വാങ്ങിയിരിക്കണമെന്നും സർക്കുലറിൽ പറയുന്നു.
ടൂറിസത്തിലൂടെ ലക്ഷദീപിനെ നേട്ടത്തിലേക്ക് എത്തിക്കാനാണ് ശ്രമമെന്നാണ് ഭരണ കൂടം പറയുന്നത്. എന്നാൽ ആരും ലക്ഷദീപിലെത്താത്ത തരത്തിൽ എല്ലാ വാതിലും കെട്ടിയടയ്ക്കുകയാണ് ഭരണകൂടം. പ്രതിഷേധത്തിന്റെ സ്വരം പുറം ലോകത്ത് എത്താതിരിക്കാനുള്ള പഴയ അടിയന്തരവാസ്ഥ തന്ത്രം. അതു തന്നെയാണ് ലക്ഷദീപിൽ ഇപ്പോൾ നടപ്പാക്കുന്നത്. ഇതിനെതിരെ വലിയ അമർശം ദ്വീപ് നിവാസികൾക്കിടയിൽ പുകയുന്നുണ്ട്.
കോവിഡിന്റെ മറവിലാണ് ലക്ഷദ്വീപിലേക്കുള്ള യാത്രകൾക്ക് ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിഷേധവുമായി കേരളത്തിൽനിന്നുള്ള എംപിമാരുടെ സംഘം ലക്ഷദ്വീപിലേക്കു പോകുമെന്ന് അറിയിച്ചിരുന്നു. ഇതിന് അനുമതി തേടുമെന്നും വ്യക്തമാക്കിയിരുന്നു. ഇത്തരം രാഷ്ട്രീയ ഇടപെടലുകൾ ലക്ഷദീപിൽ പ്രതിഷേധം ശക്തമാക്കും. ഇതോടൊപ്പം അവിടെ സംഭവിക്കുന്നത് പുറംലോകത്ത് എത്തുകയും ചെയ്യും. ഇത് തടയുകയാണ് ലക്ഷ്യം. ഇതിന് വേണ്ടിയാണ് യാത്രാ നിയന്ത്രണങ്ങൾ.
ദ്വീപിൽനിന്ന് മടങ്ങുന്നവരുടെ പാസ്, റജിസ്‌ട്രേഷൻ ഓഫിസറോ പൊലീസോ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരോ ക്യാൻസൽ ചെയ്യുന്നതിനും നിർദേശിച്ചിട്ടുണ്ട്. വീണ്ടും ദ്വീപിലേക്കു വരണമെങ്കിൽ പുതിയതായി പാസിന് എഡിഎമ്മിന് അപേക്ഷ നൽകണം. എല്ലാ പ്രവേശന അപേക്ഷകളും നിശ്ചിത വകുപ്പു തലവന്മാർ, ഡപ്യൂട്ടി കലക്ടർ, ബ്ലോക് ഡവലപ്‌മെന്റ് ഓഫിസർ എന്നിവർ വഴി എഡിഎമ്മിന് സമർപ്പിക്കണം എന്നും നിർദേശിച്ചിട്ടുണ്ട്. അഡ്‌മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതെന്നാണ് വിവരം.
കപ്പൽയാത്ര ദുസ്സഹമാകുന്ന രീതിയിൽ അതിജാഗ്രത നിർദേശമായ സെക്യൂരിറ്റി ലെവൽ രണ്ട് പുറപ്പെടുവിച്ചു. അടിയന്തരഘട്ടത്തിൽ രോഗികളെ കൊച്ചിയിലേക്കുൾപ്പടെ എയർ ആംബുലൻസിൽ മാറ്റാൻ രേഖാമൂലമുള്ള അനുമതിവേണമെന്ന ഉത്തരവിറങ്ങി. കല്‌പേനിയിലെ പുതിയ ആശുപത്രിയുടേതടക്കം ദ്വീപുകളിലെ എല്ലാ നിർമ്മാണപ്രവർത്തനങ്ങളും നിർത്തിവെക്കാനും തീരുമാനിച്ചു.ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപ്പറേഷനാണ് അതിജാഗ്രത നിർദേശമായ സെക്യൂരിറ്റി ലെവൽ രണ്ട് പുറപ്പെടുവിച്ചത്. സംശയകരമായ എന്തും റിപ്പോർട്ട് ചെയ്യാനാണ് ഉത്തരവ്. ദ്വീപുകളിലും കപ്പലുകളിലുമുൾപ്പടെ എല്ലാ പ്രവേശനകവാടങ്ങളിലും 24 മണിക്കൂറും കർശന സുരക്ഷാപരിശോധന നടത്തും.
എയർ ആംബുലൻസിന് ഇനി മെഡിക്കൽ ഓഫീസറുടെ രേഖാമൂലമുള്ള അറിയിപ്പുണ്ടാകണം. ഇത് മെഡിക്കൽ ഡയറക്ടറടക്കമുള്ള നാലംഗസമിതിക്ക് ഇ-മെയിൽ അയച്ച് അവർ അംഗീകരിക്കണം. പുതിയ ഉത്തരവോടെ അത്യാസന്നനിലയിലുള്ള രോഗിയെപ്പോലും ആശുപത്രിയിലേക്ക് മാറ്റാൻ ചുരുങ്ങിയത് ആറുമണിക്കൂറിലധികം കാത്തിരിക്കേണ്ടിവരും. ആശുപത്രികളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും നിർമ്മാണങ്ങൾ തടഞ്ഞാണ് പൊതുമരാമത്ത് വകുപ്പിന് ഭരണകൂടം ഉത്തരവ് നൽകിയത്. കല്‌പേനിയിലെ 50 കിടക്കകളിലധികമുള്ള ആശുപത്രിയുടെ നിർമ്മാണം ഇതോടെ നിലച്ചു. ദ്വീപിലെ നിർമ്മാണപ്രവർത്തനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിൽനിന്നും ഇനി സാമഗ്രികൾ നൽകില്ല. കരാർ ഏറ്റെടുക്കുന്നവർ മുഴുവൻ തുകയും ചെലവാക്കി നിർമ്മാണം പൂർത്തിയാക്കണമെന്നാണ് ഉത്തരവ്.
അതിനിടെ അഡ്‌മിനിസ്ട്രേറ്റർക്കും കളക്ടർക്കുമെതിരേ കവരത്തി വില്ലേജ് പഞ്ചായത്ത് മൂന്ന് പ്രമേയങ്ങൾ ഐകകണ്‌ഠ്യേന പാസാക്കി. പത്രസമ്മേളത്തിൽ കിൽത്താൻ ദ്വീപുകാരെ അപമാനിച്ച കളക്ടർ അസ്‌കർ അലിയുടെ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി. രാഷ്ട്രീയമേലാളന്മാർക്ക് ദല്ലാൾപ്പണി ചെയ്യരുതെന്നും ഐ.എ.എസിന്റെ മാന്യത കൈവിടരുതെന്നും കളക്ടറോട് ആവശ്യപ്പെട്ടു. ദ്വീപുവാസികൾക്കെതിരേയുള്ള കള്ളക്കേസുകൾ പിൻവലിക്കുക, സുപ്രീകോടതി സമിതിയുടെ നിർദേശപ്രകാരം അതത് ദ്വീപുകളിലെ പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുമായി ആലോചിച്ചു മാത്രം പരിഷ്‌കാരങ്ങൾ നടപ്പാക്കുക, വിവാദ പരിഷ്‌കാരങ്ങൾ പിൻവലിക്കുക തുടങ്ങിയവയാണ് പ്രമേയത്തിലെ ആവശ്യം.
മറുനാടന് മലയാളി ബ്യൂറോ