കവരത്തി: ലക്ഷദ്വീപിലെ വികസന കാര്യങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. എട്ട് ദ്വീപുകളിലാണ് മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചത്. വികസന പദ്ധതികളുടെ പുരോഗതി ഉദ്യോഗസ്ഥർ വിലയിരുത്തി അഡ്‌മിനിസ്‌ട്രേഷന് റിപ്പോർട്ട് നൽകണം.

ഓരോ ദ്വീപിലെയും ജനപ്രതിനിധികളുമായി ഉദ്യോഗസ്ഥർ സംസാരിച്ച ശേഷമായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക. ലക്ഷദ്വീപിൽ നടപ്പിലാക്കുന്ന വികസനപ്രവർത്തനങ്ങൾ ജനപ്രതിനിധികളുമായി ചർച്ച ചെയ്യുന്നില്ലെന്ന പരാതികൾക്കിടയെയാണ് അഡ്‌മിനിസ്‌ട്രേഷന്റെ പുതിയ നടപടി. അതേസമയം, കോവിഡ് രൂക്ഷമായ ലക്ഷദ്വീപിൽ ലോക്ഡൗൺ ഒരാഴ്‌ച്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

അതേസമയം, ലക്ഷദ്വീപ് വിഷയത്തിൽ ദ്വീപ് നിവാസികളുടെ ആശങ്കകൾ പരിഹരിച്ചതിന് ശേഷമേ തുടർനടപടികൾ സ്വീകരിക്കുവെന്ന് കേന്ദ്രം ഉറപ്പ് നൽകി. അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടികളെ കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയതായി ലക്ഷദ്വീപ് എംപി പിപി മുഹമ്മദ് ഫൈസൽ അറിയിച്ചു. മന്ത്രിയുടെ ഉറപ്പ് വിശ്വാസത്തിലെടുക്കുന്നുവെന്നും കേന്ദ്രത്തിന്റെ നീക്കങ്ങൾക്കനുസരിച്ചാകും തുടർ പ്രതിഷേധങ്ങൾ തീരുമാനിക്കുകയെന്നും എംപി വ്യക്തമാക്കി. കേരള നിയമസഭ പ്രമേയം പാസാക്കിയത് ലക്ഷദ്വീപുകാരുടെ ശുഭാപ്തി വിശ്വാസം കൂട്ടി എന്നും എംപി പറഞ്ഞു.

അതേസമയം വിഷയത്തിൽ എ പി അബ്ദുള്ളക്കുട്ടി അമിത്ഷായുമായി കൂടിക്കാഴ്‌ച്ച നടത്തി. ക്ഷദ്വീപ് ജനതയെ ദ്രോഹിക്കില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ ഉറപ്പ് നൽകിയെന്ന് ബിജെപി. ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി. അഡ്‌മിനിസ്ട്രേറ്റർ ഇറക്കിയ ഉത്തരവ് അതേപടി നടപ്പാക്കില്ല. ജനങ്ങളുടെ അഭിപ്രായങ്ങൾ അനുസരിച്ച് തീരുമാനങ്ങൾ നടപ്പിലാക്കുമെന്ന് അമിത് ഷാ ഉറപ്പ് നൽകിയതായി അബ്ദുള്ളക്കുട്ടി പറഞ്ഞു.

ലക്ഷദ്വീപിൽ അഡ്‌മിനിസ്ട്രേറ്റർ നടപ്പാക്കിയ പരിഷ്‌കാരങ്ങൾ സംബന്ധിച്ച് വലിയ രീതിയിൽ ആശങ്കകൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി. സംസ്ഥാന നേതൃത്വവും ലക്ഷദ്വീപിന്റെ ചുമതലയുമുള്ള ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടിയും ഡൽഹിയിലെത്തി കേന്ദ്ര നേതൃത്വത്തെ കണ്ടത്. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയ ഇവർ ആശങ്കകൾ പങ്കുവെച്ചിരുന്നു. തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ഇവർ കൂടിക്കാഴ്ച നടത്തി.

ലക്ഷദ്വീപിലെ ജനങ്ങളെ ദ്രോഹിക്കുന്ന നടപടി ഉണ്ടാകില്ലെന്നാണ് അമിത് ഷാ നൽകുന്ന ഉറപ്പെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്. നിലവിൽ ഇറക്കിയിരിക്കുന്ന വിജ്ഞാപനങ്ങൾ അതേപടി നടപ്പാക്കില്ല. ജനങ്ങളുടെ ആശങ്കകൾ ദൂരീകരിച്ചുകൊണ്ടുള്ള നടപടികൾ മാത്രമേ ഉണ്ടാകൂ എന്ന ഉറപ്പാണ് നേതാക്കൾക്ക് നൽകിയിരിക്കുന്നത്.

പരിഷ്‌കാരങ്ങളിൽ ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഇതിൽ ആശങ്കയുണ്ടെന്ന വവരമാണ് ബിജെപി. ലക്ഷദ്വീപ് ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോടും സംസാരിച്ചിരുന്നില്ല, എന്നാൽ ഇന്ന് തനിക്ക് ആശ്വാസത്തിന്റെ ദിവസമാണെന്നും ദേശീയ നേതാക്കൾ എല്ലാക്കാര്യത്തിലും ഉറപ്പ് നൽകിയെന്നും ലക്ഷദ്വീപ് ബിജെപി. അധ്യക്ഷൻ അബ്ദുൾ ഖാദർ ഹാജി പറഞ്ഞു.