മിനികോയ്: ലക്ഷദീപിൽ ജനങ്ങളുടെ പ്രതിരോധം തുടങ്ങി. സേവ് ലക്ഷദ്വീപ് ഫോറം രൂപീകരിച്ച ശേഷമുള്ള ആദ്യ ബഹുജന പ്രക്ഷോഭമാണ് തുടങ്ങിയത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ ദ്വീപുവാസികൾ ഒറ്റക്കെട്ടായി ഇന്നു 12 മണിക്കൂർ നിരാഹാരമിരിക്കും. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കാതെ സ്വന്തം വീടുകളിൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണു സമരം. വീടുകളിൽ കറുത്ത കൊടിയും പോസ്റ്ററുകളും സ്ഥാപിക്കും. മെഡിക്കൽ ഷോപ്പ് ഒഴികെയുള്ള സ്ഥാപനങ്ങൾ അടച്ചിടും. കക്ഷിരാഷ്ട്രീയത്തിനതീതമായി, മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി സമരം നടത്തുന്നത് ദ്വീപിൽ ആദ്യമാണ്. ഒരു പതിറ്റാണ്ടിനു ശേഷമാണു ദ്വീപിൽ ഹർത്താലിനു തുല്യമായ സമരമുറ പരീക്ഷിക്കപ്പെടുന്നതും.

അതിനിടെ തദ്ദേശീയരല്ലാത്തവർ ലക്ഷദ്വീപിൽനിന്നു മടങ്ങണമെന്ന ഉത്തരവ് കർശനമായി നടപ്പാക്കാൻ തീരുമാനിച്ചതോടെ മലയാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ കൂട്ടത്തോടെ ലക്ഷദീപിൽ നിന്ന് മടങ്ങുകയാണ്. പുറംനാട്ടുകാരായ പതിനായിരത്തിലേറെ പേരാണു വിവിധ ജോലികളുമായി ബന്ധപ്പെട്ടു ദ്വീപിലുണ്ടായിരുന്നത്. കേരളത്തിനു പുറമേ, തമിഴ്‌നാട്, ബംഗാൾ, ഒഡീഷ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഇതിൽ ഉൾപ്പെടുന്നു. കെട്ടിട നിർമ്മാണം, തെങ്ങുകയറ്റം, മുടിവെട്ട്, തയ്യൽ തുടങ്ങിയവയാണ് പ്രധാന ജോലികൾ.

ശനിയാഴ്ച കവരത്തിയിൽ നിന്നു കൊച്ചിക്കു പുറപ്പെട്ട കപ്പലിൽ ഏറെയും അതിഥിത്തൊഴിലാളികളായിരുന്നു. മറ്റു നാട്ടുകാരെ പുറത്താക്കുന്നതിനു പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും ദ്വീപ് ജനതയെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണിതെന്നും സേവ് ലക്ഷദ്വീപ് ഫോറം ആരോപിച്ചു. കഴിഞ്ഞ മാസം 29നാണ് ലക്ഷദ്വീപ് യാത്രയ്ക്കു നിയന്ത്രണം കർശനമാക്കിയത്. ഇതു പ്രകാരം എഡിഎം വഴി മാത്രമായിരിക്കും ദ്വീപിലേക്കു പ്രവേശനാനുമതി. നേരത്തേ അനുമതി ലഭിച്ച് ദ്വീപിലെത്തിയവർക്ക് മടങ്ങാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു.

തൊഴിലാളികൾക്ക് 3 മാസമാണ് പെർമിറ്റ് കാലാവധി. മുൻപ് 6 മാസം വരെ നൽകിയിരുന്നെങ്കിലും ഇടക്കാലത്ത് മൂന്നാക്കി. ഈ വർഷം ആദ്യം വരെ കവരത്തിയിൽ മാത്രം അയ്യായിരത്തോളം അതിഥിത്തൊഴിലാളികൾ ഉണ്ടായിരുന്നു.

യുഡിഎഫ് എംപിമാർ ഇന്നു ധർണ നടത്തും

ലക്ഷദ്വീപുകാർക്കെതിരെ കേന്ദ്രസർക്കാർ നടപ്പാക്കുന്ന ജനദ്രോഹനടപടികളിൽ പ്രതിഷേധിച്ച് കൊച്ചിയിലെ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ ഓഫിസിനു മുന്നിൽ കേരളത്തിലെ യുഡിഎഫ് എംപിമാർ ഇന്നു ധർണ നടത്തും.

ജനങ്ങളുടെ സ്വാതന്ത്ര്യത്തെയും അഭിപ്രായത്തെയും മാനിക്കാതെ അഡ്‌മിനിസ്‌ട്രേറ്റർ നടപ്പാക്കുന്ന നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണു ധർണ. ഒരു ജനതയെ ഒന്നാകെ അടിച്ചമർത്താനുള്ള ശ്രമം നടക്കുമ്പോൾ ദ്വീപ് ജനതയെ ചേർത്തുനിർത്താനുള്ള ഉത്തരവാദിത്തം കേരളത്തിനുണ്ടെന്നു യുഡിഎഫ് എംപിമാരുടെ കൺവീനർ ആന്റോ ആന്റണി പറഞ്ഞു.