കവരത്തി: തന്റെ കടയിൽ നിന്നും ബിജെപിക്കാർക്ക് സാധനങ്ങൾ നൽകില്ലെന്ന നോട്ടീസ് പതിച്ച് ലക്ഷദ്വീപിലെ കച്ചവടക്കാരൻ. 'ഈ കടയിൽ നിന്നും ബിജെപിക്കാർക്ക് ഒരു സാധനവും നൽകില്ല' എന്ന് കാർഡ്ബോർഡിൽ എഴുതി കടക്ക് മുന്നിൽ സ്ഥാപിക്കുകയായിരുന്നു. 3 എഫ് എന്ന സ്റ്റോറാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്.

പുതിയ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടിലിന്റെ ജനവിരുദ്ധ നയങ്ങൾ കാരണം ഇതിനകം ലക്ഷദ്വീപിൽ ബിജെപിക്കെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് ഇത്തരമൊരു നടപടി. ഒപ്പം ലക്ഷദ്വീപ് ബിജെപിയിൽ നിന്നും നേതാക്കളുടേയും പ്രവർത്തകരുടേയും കൂട്ടരാജിയും നടക്കുന്നുണ്ട്.

ചെത്തിലാത്ത് ബിജെപിയിൽ നിന്നും പ്രസിഡണ്ട് ആമിന ഉൾപ്പെടെ എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൽ ഹമീദ്.എംപി, നൗഷാദ് പള്ളിച്ചപുര, മുല്ലക്കോയാ, ഉമ്മുൽ കുലുസ് സൗഭാഗ്യ വീട്, തുടങ്ങിയവർ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ബിത്ര ബിജെപി പ്രസിഡന്റ് ഹമീദ് കാക്കയില്ലവും ബിജെപി അംഗത്വം രാജിവെക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ലക്ഷദ്വീപ് ജനതയോട് ബിജെപി നേതാക്കൾ കാണിക്കുന്ന അവഗണന, ഐഷാ സുൽത്താനക്ക് നേരെയുള്ള ബിജെപി ഘടകത്തിന്റെ നടപടി എന്നിവയിൽ പ്രതിഷേധിച്ചാണ് രാജി.