കണ്ണുർ: കേരളവുമായി ഏറെ വൈകാരിക ബന്ധമുള്ള നാടാണ് ലക്ഷദ്വീപ്. കേരളത്തിലെ തുറമുഖങ്ങളുമായാണ് ദ്വീപ് ജനതയ്ക്ക് വാണിജ്യ-വ്യാപാര ബന്ധങ്ങളുള്ളത്. അത് മംഗ്‌ളൂരിലേക്കു മാറ്റാനുള്ള ശ്രമം ബഹുജന പ്രക്ഷോഭത്തിലുടെ തടയുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.

അഴീക്കൽ തുറമുഖത്തിൽ നിന്നും ഈ മാസം അവസാനം തന്നെ ചരക്ക് കപ്പൽ സർവീസ് നടത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ അറിയിച്ചു. ചരക്ക് ഗതാഗതം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ച് കപ്പൽ കമ്പിനികൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ബേപ്പൂരും അഴിക്കലുമാണ് അവർ സർവീസ് നടത്താൻ സന്നദ്ധത പ്രകടിപ്പിച്ചിത്.

അഴീക്കൽ തുറമുഖത്തെ വികസനം അതിവേഗത്തിൽ പൂർത്തിയാക്കാനാണ് സർക്കാരിന്റെ ശ്രമം.നിലവിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ നിലവിലുള്ള സൗകര്യങ്ങൾ വിപുലീകരിച്ച് ഈ മാസം അവസാനത്തോടെ ചരക്ക് കപ്പൽ സർവീസ് ആരംഭിക്കുമെന്ന് അഹ്മ്മദ് ദേവർ കോവിൽ പറഞ്ഞു.

വടക്കൻ കേരളത്തിലെ വികസനത്തിൽ ഒരു മുതൽക്കൂട്ടാണ് അഴീക്കൽ തുറമുഖം. ചരക്ക് കപ്പൽ ഗതാഗതം ഇതുവരെ പൂർണ്ണ തോതിൽ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. പ്രധാനമായും കസ്റ്റംസ്, എമിഗ്രേഷൻ ചെക്ക്‌പോയിന്റ് എന്നിവയുമായി ബന്ധപ്പെട്ട ചില തടസങ്ങൾ ഉണ്ട്. അത് എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തി. ഭാവിയിൽ യാത്ര കപ്പുകൾക്കടക്കം വരാനുള്ള സാഹചര്യം ഉണ്ടാവണം. അഴീക്കലിൽ ഡ്രഡ്ജിങ്ങ് നടത്തി കപ്പലുകളുടെ സഞ്ചാരം സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കും.

ബാർജിന്റെ നീളം കൂട്ടൽ അടക്കം നിരവധി പ്രശ്‌നങ്ങളുണ്ട്. അതിന് പരിഹാരം കാണണമെന്നും മന്ത്രി പറഞ്ഞു. എംഎ‍ൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ്, എം.പ്രകാശൻ, എ.ഡി.എം ഇ പി മേഴ്‌സി എന്നിവർ മന്ത്രിയൊടൊപ്പമുണ്ടായിരുന്നു.