കൊച്ചി: ലക്ഷദ്വീപ് ജനതയ്‌ക്കെതിരെ അഡ്‌മിനിസ്‌ട്രേറ്റർ തുടരുന്നത് കടുത്ത നിലപാടുകൾ തന്നെ. കടലിനോട് ചേർന്ന് മത്സ്യ തൊഴിലാളികൾ വിശ്രമത്തിനായി ഉണ്ടാക്കിയ കുടിലുകളെ സർക്കാർ ഭൂമി കൈവശപ്പെടുത്താനുള്ള നീക്കമാണ് അഡ്‌മിനിസ്‌ട്രേറ്റർ വ്യാഖ്യാനിക്കുന്നത്. വർഷങ്ങളായുള്ള ഈ കുടിലുകൾ പൊളിച്ചതിന് പറയുന്നത് കൈയേറ്റത്തിന്റെ നിയമ പ്രശ്‌നമാണ്. ഇതോടെ ദ്വീപ് നിവാസികളിൽ അമർഷം കൂടുകയാണ്. ഈ വിഷയത്തിൽ ഹൈക്കോടതി നിലപാടാകും നിർണ്ണായകം.

ലക്ഷദ്വീപിൽ തീരപ്രദേശത്ത് അനധികൃത കയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചതെന്നും കവരത്തിയിൽ സർക്കാർ ഭൂമിയിൽ കയ്യേറ്റങ്ങൾ വ്യാപകമാണെന്നും ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ അറിയിച്ചു. തീരമേഖലയിലെ കുടിയൊഴിപ്പിക്കൽ തടയണമെന്ന ഹർജികളിലാണ് ഇക്കാര്യം വ്യക്തമാക്കി ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ അങ്കിത് കുമാർ അഗർവാൾ എതിർ സത്യവാങ്മൂലം നൽകിയത്. ഹർജികൾ ജസ്റ്റിസ് വി.ജി. അരുൺ അടുത്ത ദിവസം പരിഗണിക്കാൻ മാറ്റി. മത്സ്യബന്ധനത്തിന്റെ പേര് പറഞ്ഞ് സർക്കാർ ഭൂമി സ്ഥിരമായി കൈവശപ്പെടുത്താനുള്ള ശ്രമമാണു നടക്കുന്നതെന്നു സത്യവാങ്മൂലത്തിൽ അറിയിച്ചു.

ക്രമേണ സ്ഥിര സ്വഭാവമുള്ള നിർമ്മിതികളാക്കി മാറ്റാനുള്ള ലക്ഷ്യത്തോടെയാണു താൽക്കാലിക ഷെഡ്ഡുകൾ നിർമ്മിച്ചതെന്നു വ്യക്തമായതോടെയാണു ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചത്. കയ്യേറ്റക്കാർ ഒഴികെ, പൊതുജനങ്ങൾ മുഴുവനും അനധികൃത കയ്യേറ്റം മൂലം ബുദ്ധിമുട്ടിലായിരുന്നെന്നും ജനങ്ങൾക്ക് തീരത്തേക്ക് പോകാൻ കഴിയാത്ത നിലയായിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അതിനിടെ ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യാൻ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷൻ അനുമതി നിരസിക്കുന്നതിന് എതിരെ എംപിമാരായ ടി.എൻ. പ്രതാപനും ഹൈബി ഈഡനും ഹൈക്കോടതിയിൽ ഹർജി നൽകി. അഡ്‌മിനിസ്‌ട്രേറ്റർക്ക് കോവിഡ് മാനദണ്ഡങ്ങളും ക്വാറന്റീൻ നിയമങ്ങളും ബാധകമല്ലാത്തപ്പോൾ പാർലമെന്റ് അംഗങ്ങളുടെ സന്ദർശനം നിരസിക്കുന്നത് അനീതിയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.

ലക്ഷദ്വീപിലേക്ക് ഒരാഴ്ചത്തെ സന്ദർശനത്തിന് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ എത്തി. ഇന്നലെ ഉച്ചയ്ക്ക് അഗത്തിയിൽ വിമാനമിറങ്ങിയ അഡ്‌മിനിസ്‌ട്രേറ്റർ അവിടെ നിന്നു ഹെലികോപ്റ്ററിൽ തലസ്ഥാനമായ കവരത്തിയിലെത്തി. ദ്വീപുവാസികളുടെ പ്രതിഷേധം ശക്തമായതിനു ശേഷം ആദ്യമായാണു പട്ടേൽ ലക്ഷദ്വീപ് സന്ദർശിക്കുന്നത്. സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്ത പ്രതിഷേധദിനാചരണത്തിനിടെ കനത്ത സുരക്ഷയിലാണു പട്ടേൽ കവരത്തിയിലെത്തിയത്. ബംഗ്ലാവിലേക്കുള്ള വഴിയിലുടനീളം വീടുകൾക്കു മുന്നിൽ കരിങ്കൊടി ഉയർത്തിയും കറുത്ത വസ്ത്രങ്ങളും മാസ്‌കും ബാഡ്ജും അണിഞ്ഞും ജനങ്ങൾ കാത്തുനിന്നു. മറ്റു ദ്വീപുകളിലും ആയിരങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്തു.

അദ്ദേഹം രാവിലെ 9ന് നെടുമ്പാശേരിയിലെത്തി അവിടെനിന്നു കവരത്തിയിലേക്കു പോകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, രാവിലെ ഈ തീരുമാനം മാറ്റി ദാമൻ ദിയുവിൽ നിന്നു ഗോവ വഴി അഗത്തിയിലെത്തുകയായിരുന്നു. അതേസമയം, ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി സംവിധായിക ആയിഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചു. ദ്വീപുകളിൽ കോവിഡ് ലോക്ഡൗൺ, രാത്രി കർഫ്യൂ എന്നിവ ഒരാഴ്ചത്തേക്കു കൂടി നീട്ടി ഭരണകൂടം ഉത്തരവായി.

അഡ്‌മിനിസ്ട്രേറ്ററായി ചുമതലയേറ്റെടുത്ത ശേഷമുള്ള അദ്ദേഹത്തിന്റെ മൂന്നാമത്തെ സന്ദർശനമാണ് ഇത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഔദ്യോഗിക സന്ദർശനത്തിനാണ് പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലെത്തുന്നത്. ദ്വീപിലെ ഊർജസ്വകാര്യവത്കരണം, സ്മാർട്ട് സിറ്റി പദ്ധതികൾ, ഇക്കോ ടൂറിസം പദ്ധതികൾ, എൻ.ഐ.ഒ.ടി. പ്ലാന്റുകൾ, കവരത്തി ഹെലിബേസ് എന്നിവയിൽ വിവിധ വകുപ്പുമേധാവികളുമായി ചർച്ച നടത്തും. കവരത്തിയിലെ ആശുപത്രി നിർമ്മാണസ്ഥലം സന്ദർശിക്കും. അഗത്തിയിൽനിന്ന് 20-ന് തിരിച്ചുവരും. പ്രതിഷേധങ്ങൾ ഉണ്ടാകാനിടയുണ്ടെന്നതിനാൽ അഗത്തിയിൽ വിമാനമിറങ്ങി കവരത്തിയിലേക്കു മാത്രമാണ് യാത്ര. മറ്റു ദ്വീപുകൾ അദ്ദേഹം സന്ദർശിക്കുന്നില്ല.

ഭരണപരിഷ്‌കാരങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഡ്‌മിനിസ്ട്രേറ്ററെ കാണാൻ സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികൾ അനുമതി തേടിയിരുന്നു. ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. അതേസമയം, ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ ദ്വീപിൽ നടപ്പാക്കിയ ഭരണപരിഷ്‌കാരങ്ങളെ പ്രഫുൽ പട്ടേൽ ന്യായീകരിച്ചിരുന്നു. ലക്ഷദ്വീപിനെ ടൂറിസം കേന്ദ്രമാക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടുള്ള പരിഷ്‌കാരങ്ങളാണ് നടത്തുന്നതെന്നും മാലദ്വീപ് പോലെ മികച്ച ടൂറിസം കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.