- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷദ്വീപിൽ കൂട്ടപിരിച്ചു വിടൽ; ടൂറിസം, സ്‌പോർട്ട്‌സ് വകുപ്പുകളിലെ 151 താൽക്കാലിക ജീവനക്കാർ പുറത്തേക്ക്; സാമ്പത്തിക സ്ഥിതി മോശമെന്ന് വിശദീകരണം; കോൺഗ്രസ് എംപിമാർക്ക് യാത്രാനുമതി നിഷേധിച്ച് കലക്ടർ
കൊച്ചി: ലക്ഷദ്വീപിൽ കൂട്ടപിരിച്ചു വിടൽ. ടൂറിസം, സ്‌പോർട്ട്‌സ് വകുപ്പുകളിലെ 151 താൽക്കാലിക ജീവനക്കാരെയാണ് ലക്ഷദ്വീപ് ഭരണകൂടം കൂട്ടത്തോടെ പിരിച്ചു വിട്ടത്. സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് നടപടിയെന്നാണ് വിശദീകരണം. വിനോദ സഞ്ചാര മേഖല നിശ്ചലമായതിനാലാണ് പിരിച്ചുവിടലെന്നും പറയുന്നു. മുൻ വർഷങ്ങളിലും സമാന നടപടി സ്വീകരിച്ചിരുന്നെന്നും അധികൃതർ വ്യക്തമാക്കി.
അതിനിടെ കേരളത്തിൽനിന്നുള്ള എംപിമാർക്കു ലക്ഷദ്വീപ് സന്ദർശനത്തിനുള്ള യാത്രാനുമതി രണ്ടാമതും നിഷേധിച്ച് കലക്ടറുടെ ഉത്തരവ് പുറത്തിറങ്ങി. എംപിമാരായ ടി.എൻ.പ്രതാപൻ, ഹൈബി ഈഡൻ എന്നിവരുടെയും മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ ലീഗൽ അഡൈ്വസർ രാകേഷ് ശർമയുടെയും അപേക്ഷകളാണു കലക്ടർ എസ്.അസ്ഗർ അലി നിരസിച്ചത്.
ഇവരുടെ സന്ദർശനം രാഷ്ട്രീയപ്രേരിതവും ഭരണകൂടത്തിനെതിരെ പ്രക്ഷോഭം സൃഷ്ടിക്കാനുമാണെന്നും സന്ദർശനാനുമതി നൽകിയാൽ ക്രമസമാധാനം തകരുമെന്നും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. കഴിഞ്ഞ മാസം ഇവർ ലക്ഷദ്വീപ് യാത്രയ്ക്ക് അനുമതി തേടിയപ്പോൾ 7 ദിവസം ക്വാറന്റീൻ നിർബന്ധമാണെന്നു ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചിരുന്നു.
ക്വാറന്റീനും കോവിഡ് മാനദണ്ഡങ്ങളും പാലിക്കാൻ തയാറാണെന്ന് എംപിമാർ അറിയിച്ചിട്ടും അനുമതി നൽകാൻ അഡ്‌മിനിസ്‌ട്രേഷൻ തയാറായില്ല. ഇതിനെതിരെ എംപിമാർ ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണനയ്ക്കു വന്നപ്പോൾ എംപിമാർക്കു സന്ദർശനത്തിനുള്ള അനുമതി നിരസിച്ചിട്ടില്ലെന്നും കോവിഡ് സാഹചര്യം പരിഗണിച്ചു യാത്ര മാറ്റിവയ്ക്കാൻ ആവശ്യപ്പെടുക മാത്രമാണു ചെയ്തതെന്നും അധികൃതർ ഹൈക്കോടതിയെ അറിയിച്ചു.
10 ദിവസത്തിനകം തീരുമാനമെടുത്ത് അറിയിക്കണമെന്നു ഹൈക്കോടതി അഡ്‌മിനിസ്‌ട്രേഷനോടു നിർദേശിച്ചു. പിന്നീട് ചില രേഖകൾ കൂടുതലായി സമർപ്പിക്കണമെന്നു ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷൻ ആവശ്യപ്പെട്ടു. ആവശ്യപ്പെട്ട രേഖകളുൾപ്പെടെ വീണ്ടും സമർപ്പിച്ച അപേക്ഷകളാണു ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി കലക്ടർ തള്ളിയത്. കലക്ടറുടെ നടപടിക്കെതിരെ അപ്പീൽ സമർപ്പിക്കുമെന്നും അന്യായമായ ഉത്തരവ് ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും എംപിമാരും രാകേഷ് ശർമയും അറിയിച്ചു.
ന്യൂസ് ഡെസ്ക്