- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷദ്വീപിൽ സ്കൂളുകളുടെ വെള്ളിയാഴ്ച്ച അവധി റദ്ദാക്കി അഡ്മിനിസ്ട്രേഷൻ ഉത്തരവ്; രണ്ടാം ശനിയും ഞായറും അവധിയാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്; വെള്ളിയാഴ്ച പ്രാർത്ഥനയുടെ സൗകര്യാർത്ഥം ഉച്ചയ്ക്ക് രണ്ട് മണി വരെയെങ്കിലും ഇടവേള വേണമെന്ന് പ്രദേശവാസികളും
കവരത്തി: ലക്ഷദ്വീപിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ചയുണ്ടായിരുന്ന അവധി അഡ്മിനിസ്ട്രേഷൻ റദ്ദാക്കി. രണ്ടാം ശനിയും ഞായറും അവധിയാക്കി അഡ്മിനിസ്ട്രേഷന്റെ നിർദേശപ്രകാരം പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. നേരത്തേ ശനിയും ഞായറും ഉച്ചവരെ സ്കൂൾ പ്രവർത്തിച്ചിരുന്നു. ക്ലാസ് സമയം രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാക്കി കൊണ്ടുമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ജില്ലാപഞ്ചായത്തുമായോ ജനപ്രതിനിധികളുമായോ ആലോചിക്കാതെയാണ് പരിഷ്കാരം. എതിർപ്പറിയിച്ച് ജില്ലാപഞ്ചായത്ത് അഡ്മിനിസ്ട്രേഷന് കത്ത് നൽകി. മഹാഭൂരിപക്ഷം മുസ്ലിം ജനങ്ങളുള്ള ദ്വീപിൽ സ്കൂളുകൾ ആരംഭിച്ച കാലംമുതൽ വെള്ളി അവധിയാണ്. പരിഷ്കാരത്തിനെതിരെ പ്രത്യക്ഷ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ദ്വീപുനിവാസികൾ. വെള്ളിയാഴ്ച്ച ഉച്ചവരെ എങ്കിലും അവധി വേണമെന്നാണ് ഇവരുടെ പക്ഷം.
സ്കൂൾ അവധി ദിനങ്ങൾ ക്രമീകരിച്ചുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പ്രിൻസിപ്പൽമാർക്കും ഹെഡ്മാസ്റ്റർമാർക്കും വിദ്യാഭ്യാസ വകുപ്പ് അയച്ചത്. മാറ്റങ്ങൾക്കെതിരെ രക്ഷിതാക്കൾ രംഗത്തെത്തി. മുസ്ലിം വിഭാഗം തിങ്ങിപ്പാർക്കുന്ന ലക്ഷദ്വീപിൽ കാലങ്ങളായി തുടർന്നുവരുന്നത് വെള്ളിയാഴ്ച അവധി എന്ന രീതിയായിരുന്നു. രാവിലെ ഒമ്പതുമുതൽ 12.30 വരെ ക്ലാസുകൾ നടത്താനാണ് പുതിയ തീരുമാനം.
12.30 മുതൽ 1.30 വരെ ഉച്ചഭക്ഷണ സമയം. 1.30 മുതൽ 4.30 വരെ വീണ്ടും ക്ലാസുകൾ തുടരും. അവധി ഒഴിവാക്കിയ സാഹചര്യത്തിൽ ഈ രീതി വെള്ളിയാഴ്ചത്തെ പ്രാർത്ഥനയെ ബാധിക്കുമെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച ദിവസങ്ങളിൽ ഉച്ചക്ക് വിദ്യാർത്ഥികളും അദ്ധ്യാപകരുമടങ്ങുന്ന വിശ്വാസികൾക്ക് പള്ളികളിൽ എത്തേണ്ടതുണ്ട്. വിദ്യാലയങ്ങളിലെ പുതിയ രീതിയനുസരിച്ചുള്ള സമയത്ത് പ്രാർത്ഥനകൾ പൂർത്തിയാക്കി മടങ്ങിയെത്താൻ കഴിയില്ല. അതിനാൽ പള്ളിയിൽ പോയി മടങ്ങിയെത്താൻ ഉച്ചക്ക് രണ്ടുവരെയെങ്കിലും സമയം അനുവദിക്കണമെന്നുമാണ് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
സ്കൂൾ സമയ മാറ്റത്തിനെതിരെ ലക്ഷദ്വീപ് എംപിയും രംഗത്തുവന്നു. പ്രദേശവാസികളുമായി കൂടുതൽ ചർച്ച നടത്താതെയുള്ള തീരുമാനം തെറ്റാണെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ പറഞ്ഞു.
മറുനാടന് ഡെസ്ക്