- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ലക്ഷദ്വീപ് സന്ദർശനത്തിന് സ്വഭാവ സർട്ടിഫിക്കറ്റ്': ജനാധിപത്യ വ്യവസ്ഥിതി ഇന്ത്യയിൽ തകരുന്നു എന്ന് പറഞ്ഞപ്പോൾ തെളിവ് ചോദിച്ചവർ ഇത് കാണണം'; മറുപടിയുമായി എ എം ആരിഫ്
കൊച്ചി: ലക്ഷദ്വീപ് സന്ദർശനത്തിന് എംപിരുടെ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ദ്വീപ് ഭരണകൂടത്തിന്റെ നിർദേശത്തിനെതിരെ എ എം ആരിഫ് എംപി. വിചിത്രമായ നിബന്ധനകൾ രാജ്യത്തിലെ പാർലമെന്റ് അംഗങ്ങൾക്ക് ഏർപ്പെടുത്തുവാൻ ശ്രമിക്കുന്നത് പാർലമെന്റിനോടുള്ള അവഹേളനം മാത്രമല്ല ജനാധിപത്യ വ്യവസ്ഥിതിക്ക് എതിരെയുള്ള വെല്ലുവിളി കൂടിയാണെന്ന് ആരിഫ് പറഞ്ഞു.
ദ്വീപ് സന്ദർശിക്കാൻ എംപിമാർക്ക് സ്വഭാവ സർട്ടിഫിക്കറ്റ് വേണമെന്ന് ഒരു ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന നിലയിലേക്കാണ് ഇന്ത്യൻ ജനാധിപത്യത്തെ കേന്ദ്രസർക്കാർ എത്തിച്ചിരിക്കുന്നത്. ജനാധിപത്യ വ്യവസ്ഥിതി ഇന്ത്യയിൽ തകരുന്നുയെന്ന് ലോകത്ത് പലരും പറഞ്ഞപ്പോൾ തെളിവെവിടെ എന്നു ചോദിച്ചവർ ഇതു കാണേണ്ടതാണെന്നും എഎം ആരിഫ് പറഞ്ഞു. എംഎൽഎയായിരിക്കെ നിയമസഭാ സമിതിയിലെ അംഗമെന്ന നിലയിൽ ലക്ഷദ്വീപ് സന്ദർശിച്ചിട്ടുണ്ട്. അന്നൊന്നുമില്ലാത്ത നിബന്ധനകളാണ് ഇപ്പോൾ ഉള്ളതെന്നും ആരിഫ് കുറ്റപ്പെടുത്തി.
എഎം ആരിഫ് പറഞ്ഞത്: ''പാർലമെന്ററി ജനാധിപത്യത്തിൽ ജനപ്രതിനിധികൾക്കുള്ള അവകാശങ്ങളെപ്പറ്റി പറയുമ്പോൾ അടിസ്ഥാനപരമായി അറിയേണ്ടുന്ന രണ്ടു കാര്യങ്ങളുണ്ട്. ഒരു സംസ്ഥാനത്തെ ഏറ്റവും വലിയ ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറിയേക്കാൾ പ്രോട്ടോക്കോളിൽ മുകളിലാണ് ഒരു നിയമസഭാ അംഗം.. അതുപോലെ തന്നെ രാജ്യത്തെ ഏറ്റവും വലിയ ഉദ്യോഗസ്ഥനായ ക്യാബിനറ്റ് സെക്രട്ടറിയേക്കാൾ പ്രോട്ടോക്കോളിൽ മുകളിലാണ് ഒരു പാർലമെന്റ് അംഗം.''
''ജനാധിപത്യ വ്യവസ്ഥിതി ഇന്ത്യയിൽ തകരുന്നു എന്ന് ലോകത്ത് പലരും പറഞ്ഞപ്പോൾ തെളിവെവിടെ എന്നു ചോദിച്ചവർ ഇതു കാണേണ്ടതാണ്. ലക്ഷദ്വീപ് സന്ദർശിക്കാൻ എംപിമാർക്ക് സ്വഭാവ സർട്ടിഫിക്കറ്റ് വേണമെന്ന് ദ്വീപ് അഡ്മിനിസ്ട്രേഷഷനിലെ ഒരു ഉദ്യോഗസ്ഥൻ ആവിശ്യപ്പെടുന്ന നിലയിലേക്കാണ് ഇന്ത്യൻ ജനാധിപത്യത്തെ കേന്ദ്രസർക്കാർ എത്തിച്ചിരിക്കുന്നത്. ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി പത്രം വേണമെന്ന നിർദ്ദേശത്തിനു പുറമേയാണ് അതിനായി എംപിമാർ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വിചിത്ര വാദവുമായി ദ്വീപ് അഡ്മിനിസ്ട്രേഷൻ എത്തുന്നത്. കേരളത്തിൽനിന്നുള്ള ഇടതുപക്ഷ എംപിമാർക്ക് സന്ദർശനാനുമതി നിഷേധിച്ച് ശനിയാഴ്ച നൽകിയ മറുപടിയിലാണിത് വ്യക്തമാക്കുന്നത്.''
''എംപിയുടെ സ്വഭാവ സർട്ടിഫിക്കറ്റ് സ്പോൺസർ ഹാജരാക്കണമെന്നും അത് മജിസ്ട്രേട്ടോ നോട്ടറിയോ സാക്ഷ്യപ്പെടുത്തണമെന്നും പറയുന്നു. 2014 സെപ്റ്റംബർ 19ലെ നിയമപ്രകാരമാണ് നിബന്ധനയെന്നും ലക്ഷദ്വീപ് എഡിഎം നൽകിയ മറുപടിയിലുണ്ട്. ദ്വീപിന് പുറത്തുനിന്നെത്തുന്ന തൊഴിലാളികൾക്കായി ഇറക്കിയ ഉത്തരവാണിത്. ഇതാണ് ദ്വീപിലെ കാര്യങ്ങൾ വിലയിരുത്താൻ പോകുന്ന എംപിമാർക്കും ബാധകമാക്കുന്നത്. മറ്റൊന്ന് ദ്വീപിനുപുറത്തുനിന്നുള്ള എല്ലാവർക്കും ബാധകമായ ഫോം നമ്പർ ഒന്നാണ്. ഈ രേഖ ഇല്ലാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്നും ഇത് ഹാജരാക്കാനും കത്തിൽ പറയുന്നു. അനുമതി നിഷേധിച്ചതിനെതിരെ എംപിമാരുടെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടയിലാണ് ഈ മറുപടി.''
''എംഎൽഎ ആയിരിക്കെ നിയമസഭാ സമിതിയിലെ അംഗമെന്ന നിലയിൽ ലക്ഷദ്വീപ് സന്ദർശിച്ചിട്ടുണ്ട്. അന്നൊന്നുമില്ലാത്ത വിചിത്രമായ നിബന്ധനകൾ രാജ്യത്തിലെ പാർലമെന്റ് അംഗങ്ങൾക്ക് ഏർപ്പെടുത്തുവാൻ ശ്രമിക്കുന്നത്, പാർലമെന്റിനോടുള്ള അവഹേളനം മാത്രമല്ല ജനാധിപത്യ വ്യവസ്ഥിതിക്ക് എതിരെയുള്ള വെല്ലുവിളി കൂടിയാണ് അത്യന്തം പ്രതിഷേധാർഹമാണിത്. ഇത് നാം അനുവദിച്ചു കൊടുത്തു കൂടാ..'
ന്യൂസ് ഡെസ്ക്