ന്യൂഡൽഹി: ലക്ഷദ്വീപിനെ മാലിദ്വീപുകളെ പോലെ ലോകത്തെ അറിയപ്പെടുന്ന ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുക എന്ന പദ്ധതികൾക്ക് പച്ചക്കൊടി കാട്ടി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി വൻ വികസന പദ്ധതിയാണ് ലക്ഷദ്വീപിനെ കാത്തിരിക്കുന്നത്. ലക്ഷദ്വീപിലെ നിയന്ത്രണങ്ങൾ എടുത്തുമാറ്റിയതിന് പിന്നാലെയാണ് വമ്പൻ ടൂറിസം പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയത്.

സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിൽ മിനിക്കോയ് ദ്വീപിലാണ് പദ്ധതി നടപ്പാക്കുന്നത്. 319 കോടി രൂപ ചെലവിലാണ് ഇവിടെ റിസോർട്ട് നിർമ്മിക്കുക. റിസോർട്ടിനായി സ്വകാര്യമേഖലക്ക് 15 ഹെക്ടറോളം ഭൂമി 75 വർഷത്തേക്ക് വിട്ടുകൊടുക്കും. മൂന്ന് വർഷം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കുക. ലേലത്തിലൂടെയാണ് സ്വകാര്യ കമ്പനിയെ തെരഞ്ഞെടുത്തത്.

കടലോരത്ത് വില്ലകൾ നിർമ്മിക്കാൻ 8.53 ഹെക്ടറും വാട്ടർവില്ലകൾക്കായി പവിഴപ്പുറ്റുകൾ നിലകൊള്ളുന്ന ആറ് ഹെക്ടറുമാണ് നൽകുക. റിസോർട്ടിൽ 150 വില്ലകൾ ഉണ്ടാകും. ഇതിൽ 110 എണ്ണം ബീച്ചിലും 40 എണ്ണം കടലിലേക്ക് ഇറങ്ങിയുമാകും ഉണ്ടാവുക. മാലദ്വീപിനോട് കിടപിടിക്കുന്ന വില്ലകളാണ് ഇവിടെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്.

രണ്ട് വർഷംമുമ്പ് ആസൂത്രണം ചെയ്ത പദ്ധതിയാണിത്. സ്വകാര്യകമ്പനിക്ക് ഒട്ടേറെ ഇളവുകൾ നൽകിയാണ് ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ സമിതി പദ്ധതി അംഗീകരിച്ചത്. പദ്ധതിയിൽ ദ്വീപ് വാസികൾക്ക് നിശ്ചിതശതമാനം തൊഴിൽ സംവരണം ചെയ്യണമെന്ന് മുമ്പ് നിർദേശിച്ചിരുന്നു. ഈ വ്യവസ്ഥ നീക്കംചെയ്തു.

വർഷംതോറും ലൈസൻസ് ഫീസിൽ 10 ശതമാനം വർധനയെന്നത് അഞ്ച് ശതമാനമായി കുറച്ചു. പരിസ്ഥിതി സൗഹൃദ റിസോർട്ടുകൾ നിർമ്മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുന്നു. ലക്ഷദ്വീപ് അഥോറിറ്റി മുന്നോട്ടുവച്ച പദ്ധതിനിർദ്ദേശം ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടെയാണ് ധനമന്ത്രാലയത്തിൽ എത്തിയത്.

അതേസമയം ലക്ഷദ്വീപിലെ ദ്വീപു ജനതയുടെ തൊഴിൽപരമായി കൂടുതൽ അവസരം തുറക്കുന്നതാണ് ഈ പദ്ധതി. അഭ്യസ്തവിദ്യരായ ദ്വീപു വാസികൾക്ക് ഇനി വൻ തൊഴിൽ അവസരങ്ങളാകും ലഭിക്കുക. അതേസമയം തീരത്തുനിന്ന് മത്സ്യത്തൊഴിലാളികളെ ഒഴിപ്പിക്കുന്നത് സ്വകാര്യടൂറിസം പദ്ധതിക്കുവേണ്ടിയാണെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു. ഇതോടൊപ്പം മാലദ്വീപ് മോഡൽ വികസനം നടപ്പാക്കിയാൽ പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന ആശങ്കയും ഇല്ലാതില്ല.