- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങൾക്ക് അടിയന്തര സ്റ്റേ ഇല്ല; കേന്ദ്ര സർക്കാരും ലക്ഷദ്വീപ് ഭരണകൂടവും നിലപാട് അറിയിക്കട്ടെയെന്ന് ഹൈക്കോടതി; ഉത്തരവുകൾ നയപരമായ വിഷയം; പൊതുതാത്പര്യ ഹർജിയിൽ കേസിന്റെ മെറിറ്റിലേക്കോ വാദങ്ങളിലേക്കോ കടക്കാതെ വിശദീകരണം നൽകാൻ രണ്ടാഴ്ച സമയം അനുവദിച്ച് കോടതി
കൊച്ചി: ലക്ഷദ്വീപിലെ പുതിയ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വിവാദ പരിഷ്‌കരണ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി. കേന്ദ്ര സർക്കാരും ലക്ഷദ്വീപ് ഭരണകൂടവും ഇക്കാര്യത്തിൽ വിശദീകരണം നൽകട്ടെയെന്നും ഇതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജി പരിഗണിച്ച ഹൈക്കോടതി ഉത്തരവായി.
ഉത്തരവുകൾ നയപരമായ വിഷയമാണെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. ലക്ഷദ്വീപിലെ ജനങ്ങളുടെ പരമ്പരാഗത ജീവിതരീതിയും സംസ്‌കാരവും തകർക്കുന്ന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതു തടയണം എന്നാവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി കെ.പി. നൗഷാദ് അലി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതി നിർദ്ദേശം.
കേസിന്റെ യാതൊരു മെറിറ്റിലേക്കോ വാദങ്ങളിലേക്കോ കടക്കാതെയാണു കോടതി കേന്ദ്രത്തോടു വിശദീകരണം തേടിയത്. ഇതിനു കൂടുതൽ സമയം ആവശ്യമുണ്ടെന്നു കേന്ദ്ര സർക്കാരിനു വേണ്ടി അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ കോടതി ആവശ്യപ്പെട്ടത്.
വിഷയത്തിൽ വിശദീകരണം നൽകുന്നതിന് കേന്ദ്രത്തിനും ലക്ഷദ്വീപ് ഭരണകൂടത്തിനും രണ്ടാഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. ഹർജിയിൽ എതിർ സത്യവാങ്മൂലമുണ്ടെങ്കിൽ സമർപ്പിക്കാൻ കേന്ദ്രത്തിനായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം.നടരാജനോട് കോടതി നിർദേശിക്കുകയായിരുന്നു.
വിശദീകരണം നൽകുന്നത് വരെ വിവാദ ഉത്തരവുകൾ സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി തള്ളി. അതിന് ഈ ഘട്ടത്തിൽ കഴിയില്ലെന്നും വിശദീകരണം പരിശോധിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ലക്ഷദ്വീപ് വിഷയത്തിൽ മറ്റൊരുപൊതുതാത്പര്യ ഹർജി കൂടി ഇന്ന് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും കോടതി തള്ളി.
ന്യൂസ് ഡെസ്ക്