- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷദ്വീപിൽ പടുകൂറ്റൻ ജയിൽ വരുന്നു; കവരത്തിയിൽ ജയിൽ സമുച്ചയത്തിനായി ലക്ഷദ്വീപ് ഭരണകൂടം ടെൻഡർ ക്ഷണിച്ചു
കൊച്ചി: രാജ്യത്ത് കുറ്റകൃത്യങ്ങൾ ഏറ്റവും കുറഞ്ഞ ലക്ഷദ്വീപിൽ പടുകൂറ്റൻ ജയിൽ വരുന്നു. കവരത്തിയിൽ ജയിൽ സമുച്ചയത്തിനായി ലക്ഷദ്വീപ് ഭരണകൂടം ടെൻഡർ ക്ഷണിച്ചു. നിർമ്മാണച്ചെലവായി കണക്കാക്കിയിരിക്കുന്നത് 26.27 കോടി രൂപയാണ്. കവരത്തി പൊലീസ്സ്റ്റേഷനു സമീപത്തായാണ് സ്ഥലം കണ്ടെത്തിയത്.
കവരത്തിയിൽ നിലവിലുള്ള ജയിലിൽപ്പോലും തടവുപുള്ളികൾ ഇല്ലാതിരിക്കുമ്പോഴാണ് അതിനടുത്തു തന്നെ പടുകൂറ്റൻ ജയിൽ നിർമ്മിക്കുന്നത്. ലക്ഷദ്വീപ്, ലഡാക്ക്, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഇന്ത്യയിൽ ഏറ്റവും കുറവ് കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തുന്ന സ്ഥങ്ങൾ. നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 2020-ൽ കൊലപാതകമോ കൊലപാതകശ്രമമോ ലക്ഷദ്വീപിൽ രജിസ്റ്റർ ചെയ്തിട്ടില്ല. സ്ത്രീകൾക്കെതിരേയുള്ള അക്രമത്തിന്റെ പേരിൽ ഒരു കേസുപോലും രജിസ്റ്റർ ചെയ്തിട്ടില്ല.
സ്വകാര്യവ്യക്തികളിൽനിന്ന് സ്ഥലമേറ്റെടുത്താലെ നിർമ്മാണം സാധ്യമാകൂ. സ്ഥലത്തിന് നഷ്ടപരിഹാരംകൂടി കൊടുക്കുമ്പോൾ നിർമ്മാണച്ചെലവ് 30 കോടി രൂപയിലധികമാകുമെന്നാണ് കരുതുന്നത്. ലക്ഷദ്വീപ് പൊതുമരാമത്ത് വകുപ്പിന്റെ പേരിലാണ് ടെൻഡർ വിളിച്ചത്. ഒരുവർഷംകൊണ്ട് നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
മറുനാടന് മലയാളി ബ്യൂറോ