- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫസീല ഇബ്രാഹിമിന്റെ കുടുംബത്തെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല; വിളിച്ചത് പരിചയപ്പെടാൻ, മിനിക്കോയ് സ്വദേശിനിയാണോ എന്ന് അറിയില്ലായിരുന്നു; അഭിഭാഷകക്കെതിരെ അന്വേഷണം നടത്തണമെന്ന് നിർദേശവുമില്ല; ഫസീലയുടെ വെളിപ്പെടുത്തലിന് പിന്നാലെ തടിയൂരി ലക്ഷദ്വീപ് പൊലീസ്
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഭരണ പരിഷ്കാരങ്ങൾക്കെതിരെ മാധ്യമങ്ങളിൽ സംസാരിച്ചതിന് പൊലീസ് ഭീഷണി നേരിടേണ്ടി വന്നുവെന്ന് ലക്ഷദ്വീപ് സ്വദേശിനിയായ ഫസീല ഇബ്രാഹിം വെളിപ്പെടുത്തിയതോടെ വെട്ടിലായ ലക്ഷദ്വീപ് പൊലീസ് തടിയൂരാൻ മറ്റു ന്യായങ്ങളുമായി രംഗത്തെത്തി. ഫസീല ഇബ്രാഹിമിന്റെ വെളിപ്പെടുത്തൽ വിവാദമായതിന് പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി പൊലീസ് രംഗത്തുവരികയായിരുന്നു.
ഫസീല ഇബ്രാഹീമിന്റെ കുടുംബത്തെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് മിനിക്കോയ് സിഐ അക്ബർ പറഞ്ഞു. ചാനലുകളിൽ എത്തിയ യുവതിയെ പരിചയപ്പെടാൻ മാത്രമാണ് ഫസീലയെ വിളിച്ചതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. മിനിക്കോയ് സ്വദേശിനിയാണോയെന്ന് അറിയില്ലായിരുന്നു. അഭിഭാഷകക്കെതിരെ അന്വേഷണം നടത്തണമെന്ന് നിർദ്ദേശം കിട്ടിയിട്ടില്ലെന്നും സിഐ അക്ബർ വിശദീകരിച്ചു.
അഡ്മിനിസ്ട്രേറ്റർക്കെതിരെ മാധ്യമങ്ങളിൽ സംസാരിച്ചതിന് പൊലീസ് തനിക്കെതിരെ അന്വേഷണം തുടങ്ങിയെന്നും മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയെന്നും ഫസീല ഇബ്രാഹീം ചാനൽ ചർച്ചയിൽ വെളിപ്പെടുത്തിയിരുന്നു. മാധ്യമങ്ങളിലൂടെ സംസാരിക്കുന്നതിനാൽ തനിക്കെതിരെ അന്വേഷണത്തിന് ഉത്തരവുണ്ടെന്ന് പറഞ്ഞാണ് സിഐ പിതാവിനെ വിളിച്ചതെന്ന് ഫസീല പറഞ്ഞു.
ആദ്യം പിതാവിനെ വിളിച്ച് തന്നെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വിവരങ്ങൾ ആരാഞ്ഞു. പിന്നാലെ തന്നെ നേരിട്ട് വിളിച്ച ഉദ്യോഗസ്ഥൻ ഏതൊക്കെ മാധ്യമങ്ങളിലാണ് സംസാരിച്ചതെന്നും എന്തൊക്കെ കാര്യങ്ങളാണ് സംസാരിച്ചതെന്നും ചോദിച്ചറിഞ്ഞു. ഫോൺ വിളിച്ചാൽ എടുക്കണമെന്നും തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായും ഫസീല വെളിപ്പെടുത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ