കൊച്ചി: ലക്ഷദ്വീപിലെ അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടിക്കെതിരെ എതിർപ്പ് ശക്തമാകുമ്പോഴും നടപടികളുമായി മുന്നോട്ടു പോകാൻ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ നിർദ്ദേശം. എതിർപ്പ് വകവെക്കാതെ മുന്നോട്ടു പോകാനാണ് അദ്ദേഹം ഒരുങ്ങുന്നത്. ഇന്നലെ നടന്ന ഓൺലൈൻ മീറ്റിങ്ങിലാണ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. പ്രതിഷേധം വൈകാതെ കെട്ടടങ്ങുമെന്നാണ് അഡ്‌മിനിസ്‌ട്രേറ്റർ യോഗത്തിൽ പറഞ്ഞത്. അഡ്‌മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നടപടികൾക്കെതിരെ കേരളത്തിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഉൾപ്പെടെ പ്രതിഷേധം ഉയരുന്നതിനിടെയാണ് പിന്നോട്ടില്ലെന്ന് പ്രഫുൽ പട്ടേൽ ഉദ്യോഗസ്ഥരുടെ വ്യക്തമാക്കിയത്.

രാഷ്ട്രപതിയുടെ മുൻപിൽ ഉൾപ്പെടെ പരാതി എത്തിയിട്ടും ഇതെല്ലാം അവഗണിക്കാനാണ് പ്രഫുൽ പട്ടേലിന്റെ നിർദ്ദേശം. അതിനിടെ ലക്ഷദ്വീപിലെ റിക്രൂട്ട്‌മെന്റുകൾ പുനപ്പരിശോധിക്കാൻ അഡ്‌മിനിസ്‌ട്രേറ്റീവ് സെക്രട്ടറി നിർദേശിച്ചു. നിലവിലുള്ള റിക്രൂട്ട്‌മെന്റ് കമ്മിറ്റിയിലെ അംഗങ്ങളെ കുറിച്ചും കാലാവധിയും അറിയിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ലക്ഷദ്വീപിലേക്ക് സ്ഥലംമാറ്റം ലഭിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യണം. സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത നിർണയിച്ച് കഴിവ് കുറഞ്ഞവർക്കെതിരെ നടപടിയെടുക്കണം. അഡ്‌മിനിസ്‌ട്രേറ്റീവ് സെക്രട്ടറിയുടേതാണ് ഉത്തരവ്. എല്ലാ വകുപ്പുതല മേധാവികൾക്കുമാണ് നിർദ്ദേശം നൽകിയത്.

അതേസമയം അഡ്‌മിനിസ്‌ട്രേറ്റർക്കെതിരായ പ്രതിഷേധം ചർച്ച ചെയ്യാൻ ലക്ഷദ്വീപിൽ നാളെ സർവകക്ഷിയോഗം ചേരും. ദ്വീപിലെ ബിജെപി അടക്കം മുഴുവൻ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തിയാണ് യോഗം ചേരുക. ജെ.ഡി.യുവിന്റെ നേതൃത്വത്തിൽ വൈകിട്ട് നാലിന് ഓൺലൈനിലാണ് യോഗം ചേരുക. രാഷ്ട്രീയ പാർട്ടികളുടെ മുതിർ നേതാക്കളും മുഹമ്മദ് ഫൈസൽ എംപിയും യോഗത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

അതിനിടെ അഡ്‌മിനിസ്‌ട്രേറ്റർക്ക് എതിരായ പ്രതിഷേധത്തെ തുടർന്ന് ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജിയാണ് ഉണ്ടായിരിക്കുന്നത്. ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് എം മുത്തുക്കോയ, ബി ഷുക്കൂർ, പിപി മുഹമ്മദ് ഹാഷിം, എംഐ മൊഹമ്മദ്, പിപി ജംഹാർ, അൻവർ ഹുസൈൻ, എൻ അഫ്സൽ, എൻ റമീസ് തുടങ്ങിയ നേതാക്കളാണ് രാജി പ്രഖ്യാപിച്ചത്. ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിക്കാണ് ഇവർ രാജി കത്ത് നൽകിയിരിക്കുന്നത്. ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷൻ ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങൾ ദ്വീപിന്റെ സമാധാനത്തിന് ഹാനികരമായതുകൊണ്ട് രാജി സമർപ്പിക്കുന്നുയെന്നാണ് ബിജെപി നേതാക്കൾ അറിയിച്ചത്.