- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷദ്വീപിലെ ഫിഷറീസ് ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം; 39 പേരെ സ്ഥലം മാറ്റി ഉത്തരവിറക്കി; പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനാണ് സ്ഥലംമാറ്റമെന്ന് വിശദീകരണം; ദ്വീപ് സന്ദർശിക്കാൻ എഐസിസി സംഘത്തിന് അനുമതിയും നിഷേധിച്ചു; ആരെയും കൂസാതെ പ്രഫുൽ ഖോട പട്ടേൽ മുന്നോട്ട്
കവരത്തി: ലക്ഷദ്വീപിലെ എതിർപ്പുകൾ വകവെക്കാതെ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോട പട്ടേൽ മുന്നോട്ട്. ലക്ഷദ്വീപിലെ ഫിഷറീസ് ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ സ്ഥലംമാറ്റമണ് അഡ്‌മിനിസ്‌ട്രേറ്ററുടെ വകയായി ഉണ്ടായിരിക്കുന്നത്. 39 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റി ഉത്തരവിറക്കിയത്. ഫിഷറീസ് മേഖലയിലെ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനാണ് സ്ഥലംമാറ്റിയതെന്നാണ് വിശദീകരണം. ഇതിനിടെ ലക്ഷദ്വീപ് സന്ദർശിക്കാൻ എഐസിസി സംഘത്തിന് അഡ്‌മിനിസ്ട്രേഷൻ അനുമതിയും നിഷേധിച്ചു.
ഫിഷറീസിലെ കൂട്ടസ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഉത്തരവ് ചൊവ്വാഴ്ചയാണ് പുറത്തിറങ്ങിയത്. ഫിഷറീസ് വകുപ്പ് സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്. എത്രയും പെട്ടെന്ന് നിർദ്ദേശിച്ചിരിക്കുന്ന സ്ഥലത്ത് ജോലിക്ക് പ്രവേശിക്കണമെന്നും ഉത്തരവിൽ പറയുന്നു. പകരം ഉദ്യോഗസ്ഥർ വരാൻ കാത്തുനിൽക്കാതെ എത്രയും പെട്ടെന്ന് സ്ഥലംമാറ്റം ലഭിച്ചവർക്ക് വിടുതൽ നൽകണമെന്ന് മേലുദ്യോഗസ്ഥർക്ക് നിർദ്ദേശമുണ്ട്.
ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഫിഷറീസ് ഡിപ്പാർട്ട്മെന്റിലെ കൂട്ട സ്ഥലംമാറ്റം. നേരത്തെ വിവിധ വകുപ്പുകളിലെ കരാർ ജീവനക്കാരെ പിരിച്ചുവിടുകയും ജീവനക്കാരുടെ കാര്യക്ഷമത പരിശോധിക്കാൻ അഡ്‌മിനിസ്ട്രേറ്റർ ഉത്തരവിടുകയും ചെയ്തിരുന്നു.
ലക്ഷദ്വീപ് സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ എഐസിസി സംഘത്തിന് ലക്ഷദ്വീപ് സന്ദർശിക്കാനുള്ള അനുമതി നിഷേധിച്ചു.
കോവിഡ് സാഹചര്യവും കർഫ്യൂ പ്രഖ്യാപിച്ചതും ചൂണ്ടിക്കാട്ടിയാണ് എഐസിസി സംഘത്തിന് അനുമതി നിഷേധിച്ചത്. ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകൾ പൂട്ടാനും എയർ ആംബുലൻസുകൾ സ്വകാര്യവത്കരിക്കാനും തീരുമാനം കൈക്കൊണ്ടു എന്നുള്ള വാർത്തകളും ഇതിനോടകം പുറത്തുവരുന്നുണ്ട്.
അദ്ധ്യാപകരുടെയും ജീവനക്കാരുടെയും കുറവു പറഞ്ഞാണ് സ്‌കൂളുകൾ അടച്ചുപൂട്ടുന്നത്. സ്‌കൂളുകൾ ലയിപ്പിക്കുന്നതിന്റെ മറവിലാണ് അടച്ച് പൂട്ടൽ. 15 ഓളം സ്‌കൂളുകളാണിതുവരെ പൂട്ടിയത്. കിൽത്താനിൽ മാത്രം നാല് സ്‌കൂളുകൾക്കാണ് താഴ്‌വീണത്. മറ്റ് ചില സ്‌കൂളുകൾ കൂടി ഇത്തരത്തിൽ പൂട്ടാനും പദ്ധതിയുള്ളതായി ദ്വീപ് നിവാസികൾ പറയുന്നു.
വിദഗ്ധ ചികിത്സക്കായി ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് രോഗികളെ കൊണ്ടുവരുന്ന എയർ ആംബുലൻസുകൾ സ്വകാര്യവത്കരിക്കാനും നീക്കമുണ്ട്്്. ഇതിന്റെ ഭാഗമായി ലക്ഷദ്വീപ് ഭരണകൂടം ടെണ്ടർ വിളിച്ചു. നിലവിൽ രണ്ട് എയർ ആംബുലൻസുകളാണ് ലക്ഷദ്വീപിൽ നിന്ന് രോഗികളെ കൊച്ചിയിലെയും മറ്റും ആശുപത്രികളിലേക്ക് എത്തിക്കാനുള്ളത്. ഇതിന്റെ സേവനം അവസാനിപ്പിച്ച് സ്വകാര്യമേഖലക്ക് നൽകാനാണ് നീക്കം.
മറുനാടന് മലയാളി ബ്യൂറോ