ന്യൂഡൽഹി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ പുറപ്പെടുവിച്ച വിവാദ ഉത്തരവുകൾക്കെതിരെ പ്രതിഷേധം ഇരുമ്പുമ്പോൾ അത് രാഷ്ട്രീയത്തിന് അപ്പുറമുള്ള കാര്യങ്ങളാണെന്ന തിരിച്ചറിവിൽ കേന്ദ്രസർക്കാർ. ഇതോടെ എതിർപ്പു ശക്തമാകവേ വിവാദ പരിഷ്‌ക്കരണങ്ങളിൽ നിന്നും കേന്ദ്രസർക്കാർ പിന്നോട്ടു പോയേക്കുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. അഡ്‌മിനിസ്‌ട്രേറ്റർ പുറത്തിറക്കിയ വിവാദമായ കരടുവിജ്ഞാപനങ്ങൾ അതേപടി നടപ്പാക്കില്ലെന്നും ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പു ലഭിച്ചതായും പി.പി. മുഹമ്മദ് ഫൈസൽ എംപി അറിയിച്ചു.

കരടുനിർദേശങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. ദ്വീപുകാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നിയമനിർമ്മാണവും നടത്തുകയില്ലെന്നും പഞ്ചായത്തുമായും ജനങ്ങളുമായും കൂടിയാലോചിച്ച ശേഷമേ നിയമങ്ങൾ നടപ്പാക്കുവെന്നും ആഭ്യന്തര മന്ത്രി ഉറപ്പു നൽകിയതായി കൂടിക്കാഴ്ചയ്ക്കു ശേഷം ലക്ഷദ്വീപ് എംപി അറിയിച്ചു.

അതേസമയം അന്തിമ തീരുമാനം വരുന്നത് വരെ പ്രതിഷേധം തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.'സേവ് ലക്ഷദ്വീപ്' ഫോറത്തിന്റെ യോഗം നാളെ കൊച്ചിയിൽ നടക്കും. ആഭ്യന്തര മന്ത്രിയുടെ ഉറപ്പ് വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെങ്കിലും മറിച്ചുള്ള തീരുമാനമുണ്ടായാൽ സമരം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷദ്വീപ് വികസന അഥോറിറ്റി റെഗുലേഷനിലെ ചില നിർദേശങ്ങൾ ദ്വീപിന് ഉപകരിക്കുന്നതാണ്. മോശം കാര്യങ്ങൾ ഒഴിവാക്കി, പഞ്ചായത്തും ജനങ്ങളുമായി സഹകരിച്ചുള്ള വികസന അഥോറിറ്റി പോലുള്ള നിർദേശങ്ങൾ നടപ്പാക്കുന്നതിൽ എതിർപ്പില്ല. വികസനവുമായി ബന്ധപ്പെട്ട് താൻ നേരത്തെ നൽകിയ നിവേദനവും അഡ്‌മിനിസ്‌ട്രേറ്ററുടെ കരടു നിർദേശവുമായി ബന്ധമില്ല. അഡ്‌മിനിസ്‌ട്രേറ്ററുമായി ഒത്തുപോകാൻ കഴിയില്ല. മാറ്റണമെന്ന ആവശ്യത്തിൽ തുടർ നടപടിയുമായി മുന്നോട്ടുപോകും. കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരമല്ല അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടികൾ.

ലക്ഷദ്വീപിൽ ഇന്റർനെറ്റ് വേഗം കുറഞ്ഞതിൽ പങ്കില്ലെന്ന മറുപടിയാണ് ബിഎസ്എൻഎൽ നൽകിയതെന്ന് മുഹമ്മദ് ഫൈസൽ എംപി വ്യക്തമാക്കി. ഇതറിയാൻ ബിഎസ്എൻഎല്ലുമായി ബന്ധപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളുടെ ഉപയോഗം കാര്യമായി കൂടിയതു കൊണ്ടുള്ള പ്രശ്‌നമാണ് ഇപ്പോഴത്തേതെന്നാണ് മറുപടി. അതേസമയം, പരാതി ഉയർന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ബിഎസ്എൻഎല്ലിനോടു വിശദീകരണം ചോദിച്ചതായാണ് വിവരമെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു.

അതേസമയം അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടിയിൽ ലക്ഷദ്വീപ് ബിജെപി ഘടകവും കടുത്ത അതൃപ്തിയിലാണ്. പാർട്ടിയിൽ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് കേന്ദ്രം അയഞ്ഞ നിലപാടിലേക്ക് നീങ്ങുന്നത്. ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പു നൽകിയതായി ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ അബ്ദുൽ ഖാദർ ഹാജിയും ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടിയും പറഞ്ഞു.

ഇപ്പോൾ വന്നത് കരടു വിജ്ഞാപനം മാത്രമാണ്. ഇക്കാര്യങ്ങൾ അന്തിമ വിജ്ഞാപനത്തിൽ അതേപടിയുണ്ടാകില്ല. സർക്കാർ ലക്ഷദ്വീപ് നിവാസികൾക്കൊപ്പമാണെന്നും ഇരുവരും പറഞ്ഞു. അതിനിടെ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാലാണ് എംപിമാരുടെ സംഘത്തിന് സന്ദർശനാനുമതി നിഷേധിച്ചതെന്ന് കലക്ടർ വ്യക്തമാക്കി. അതേസമയം ലക്ഷദ്വീപിൽ ലോക്്ഡൗണും രാത്രി കർഫ്യൂവും നീട്ടി.

കോവിഡ് രോഗ വ്യാപനം രൂക്ഷമാകുന്നതിനാലാണ് എംപിമാർക്ക് സന്ദർശനാനുമതി നിേഷധിച്ചതെന്നും, രോഗവ്യാപനം കുറയുന്ന മുറയ്ക്ക്. സന്ദർശനത്തിന് അനുമതി നൽകുമെന്നും ലക്ഷദ്വീപ് കലക്ടർ എസ്.അസ്‌കർ അലി പറഞ്ഞു. അതേസമയം പ്രശ്‌നം ലോക്‌സഭയിൽ ഉന്നയിക്കുമെന്ന് എൻ.കെ.പ്രേമചന്ദ്രനും, പ്രവേശനം നിഷേധിച്ചത് ശരിയല്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. അതേസമയം കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ലക്ഷദ്വീപിൽ ലോക്്ഡൗണും രാത്രി കർഫ്യൂവും നീട്ടി. കവരത്തി, ആന്ത്രോത്ത്, കൽപേനി, അമിനി, മിനിക്കോയ് ദ്വീപുകളിലെ ലോക്ഡൗണാണ് ഒരാഴ്ചത്തേക്ക് നീട്ടിയത്. കിൽത്താൻ, ചെത്തലത്ത്, ബിത്ര, കടമത്ത്, അഗത്തി ദ്വീപുകളിലാണ് രാത്രികാല കർഫ്യൂ.