കരവത്തി: ലക്ഷദ്വീപിലെ മത്സ്യബന്ധന ബോട്ടുകളിൽ രഹസ്യവിവരം ശേഖരിക്കാൻ സർക്കാർ ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള ഉത്തരവ് പിൻവലിച്ചു. വിവാദ ഉത്തരവിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം കടുത്തതോടെയാണ് ഉത്തരവ് തിരുത്താൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ ജീവനക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം.

ലക്ഷദ്വീപിലെ പ്രതിഷേധങ്ങൾ പരസ്യമായി തുടങ്ങിയതോടെയാണ് പ്രാദേശിക മത്സ്യബന്ധന ബോട്ടുകളിൽ രഹസ്യവിവര ശേഖരണത്തിന് സർക്കാർ ഉദ്യോഗസ്ഥരെ നിയമിച്ചത്. എല്ലാ പ്രാദേശിക ബോട്ടുകളിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഉണ്ടാവണമെന്നും വിവരങ്ങൾ ശേഖരിച്ച് സർക്കാരിന് കൈമാറണം എന്നുമായിരുന്നു നിർദ്ദേശം.

ജീവനക്കാർ ബോട്ടിൽ കയറുന്നതിനോട് തൊഴിലാളികൾ നേരത്തെ തന്നെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ ഉത്തരവിനെതിരെ സർക്കാർ ജീവനക്കാരുടെ സംഘടനയും രംഗത്ത് വന്നത്.

ലക്ഷദ്വീപ് ഗവ എംപ്ലോയീസ് സെൻട്രൽ സെക്രട്ടറിയേറ്റ് ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഷിപ്പിങ് ആൻഡ് ഏവിയേൻ ഡയറക്ടർക്ക് കത്ത് നൽകി. സുരക്ഷയാണ് ഉത്തരവിന് പിറകിലെങ്കിൽ സംശയാസ്പദമായ നീക്കങ്ങൾ കണ്ടെത്താൻ വിവിധ കേന്ദ്ര ഏജൻസികൾ അടക്കം നിലവിൽ പരിശോധന നടത്തുന്നുണ്ട്. ലോക്കൽ പൊലീസും പരിശോധന നടത്തുന്നു. ഇതിന് പുറമെ ജീവനക്കാരെകൂടി ബോട്ടുകളിൽ നിയോഗിക്കാനുള്ള തീരുമാനം പ്രതിഷേധാർഹമാണ്.