വേനൽക്കാലമല്ലേ, ഇപ്പോൾ എവിടെയും വത്തക്കയാണ്. വഴിയോരംമുതൽ സോഷ്യൽ മീഡിയവരെ. വ്യത്യാസം ഇതേയുള്ളൂ, വഴിവക്കിലെ വത്തക്ക ദാഹം ശമിപ്പിച്ചു കുളിർ പകരുമെങ്കിൽ സമൂഹ മാധ്യമങ്ങളിലെ വത്തക്ക തൊട്ടാൽ പൊള്ളുകയും കഴിച്ചാൽ ചൂടു വർദ്ധിക്കുകയും ചെയ്യും. വാസ്തവത്തിൽ അത്രക്കങ്ങോട്ടു ഉറഞ്ഞുതുള്ളാനും മാത്രം 'ഫീകര'മാണോ ജൗഹർ സാറിന്റെ ഉപമ. അതേതായാലും ഒരു ആശയമാകാൻ വഴിയില്ല. സമാനചിന്താഗതിക്കാരുടെ ഇടയിൽ നിന്നപ്പോൾ വന്നുപോയൊരു ചമൽക്കാരമാകാം. ഇത്തരത്തിലുള്ള ഉപമകൾ രാഷ്ടീയ - മതപ്രസംഗങ്ങളിൽ സാധാരണമാണ്.

ഇതിൽനിന്നു വ്യത്യസ്തമായി സാഹിത്യകൃതികളിൽ ചമൽക്കാരങ്ങൾ വിശിഷ്ട സൗന്ദര്യാനുഭവങ്ങൾ സൃഷ്ടിക്കുന്നു. ഉപമയുടെ മഹാരാജാവായ കാളിദാസ മഹാകവിയുടെ കാവ്യങ്ങളിലെ ചില ഉപമകൾ വായിച്ചാൽ ഇന്നത്തെ തീവ്രവാദികളായ പെണ്ണുങ്ങൾ വാളെടുത്തുപോകും. 'കുമാരസംഭവ'ത്തിലെ പാർവതിയുടെ ശരീരവർണന ഒരു ഉദാഹരണംമാത്രം. ഇപ്പറഞ്ഞതിനർത്ഥം ജൗഹർ മാഷ് പറഞ്ഞ കാര്യങ്ങളോടു ഞാൻ യോജിക്കുന്നു, സമസരപ്പെടുന്നു എന്നേയല്ല. അതിനെതിരെ കൊടുവാളും ത്രിശൂലവുമായി വരുന്നവരുടെ ഉള്ളിലിരുപ്പിനെപ്പറ്റിയാണ് ഞാൻ ചിന്തിക്കുന്നത്. വർഷങ്ങൾക്കുമുൻപ് കലാകൗമുദി വാരികയിൽ ഞാൻ ലെഗ്ഗിൻസിനെക്കുറിച്ചെഴുതിയ ലേഖനം ഈ സന്ദർഭത്തിൽ സോഷ്യൽ മീഡിയയിൽ ധാരാളമായി ഉദ്ധരിക്കപ്പെടുന്നതുകൊണ്ടും ഈ വിഷയത്തിൽ ഇടപെടാമെന്നു തോന്നി.

ജൗഹർ മാഷിനെതിരെ സമൂഹമാധ്യമങ്ങളിൽ വന്ന പ്രതികരണങ്ങൾ സശ്രദ്ധം വായിച്ചതിൽനിന്നു ഞാൻ മനസിലാക്കുന്ന സത്യം, ഈ വിമർശനങ്ങളുടെ ലക്ഷ്യം വേറൊന്നാണ്. സമാധാനമായി സമരം ചെയ്യുന്നവരുടെ ഇടയിൽ നുഴഞ്ഞുകയറി ചില സാമൂഹികവിരുദ്ധർ പൊലീസിനുനേരെ കല്ലെറിയുന്നതും ഒടുവിൽ നിരപരാധികൾ തല്ലിച്ചതക്കപ്പെടുകയും ചെയ്യുന്ന തരത്തിലുള്ള ഒരു നിഗൂഢരാഷ്ട്രീയം ജൗഹർ വിരുദ്ധപ്രചരണങ്ങളിലുണ്ട്. എന്നാൽ തീവ്രഫെമിനിസ്റ്റുകളുടെ പ്രീതിയും കടാക്ഷവും ലഭിക്കാൻ വ്യഗ്രത കാട്ടുന്ന കപട ബുദ്ധിജീവികൾ, ഗ്രാംഷിയെയും ഫൂക്കോയെയും എഡ്വേർഡ് സെയ്ദിനെയും അജാസ് അഹമ്മദിനെയും കുറച്ചൊക്കെ പഠിച്ചവർ ജൗഹർ മാഷിനെതിരെ ചന്ദ്രഹാസം മുഴക്കുമ്പോൾ അൽഭുതം തോന്നുന്നു. ഞാൻ അവരോടു നാലു ചോദ്യങ്ങൾ ചോദിക്കുന്നു.

1. ജൗഹർ മാഷിനെതിരെയുള്ള പ്രതികരണങ്ങൾ വ്യാപകമായി ഇസ്ലാമികവിരുദ്ധ പ്രചാരണത്തിലേക്കു വഴി മാറുന്നില്ലേ?
2. ഇതിന്റെ മറവിലെ കടുത്ത ഫെമിനിസ്റ്റ് -അരാജക - തീവ്രവാദം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നില്ലേ? അതിനു നിങ്ങൾ പരോക്ഷമായെങ്കിലും പ്രോത്സാഹനം നൽകുന്നില്ലേ?
3. ജൗഹർ മാഷിനെ വിമർശിക്കുമ്പോൾതന്നെ മുസ്ലിം സമുദായത്തെ മുഴുവൻ സ്ത്രീവിരുദ്ധരും അപരിഷ്‌കൃതരും മതഭ്രാന്തരുമായി ചിത്രീകരിക്കുന്നതിനെതിരെയും ജാഗ്രത പുലർത്തണം എന്നു നിങ്ങൾ എന്തുകൊണ്ടു ചിന്തിക്കുന്നില്ല?
4. അവഗണിച്ചുതള്ളാൻ കഴിയുന്ന വ്യക്തിപരങ്ങളായ വീക്ഷണങ്ങളെ ലൈംലൈറ്റിൽ നിർത്തി വാ തോരാതെ ചർച്ചചെയ്യുമ്പോൾ അതിനിടയിലൂടെ ഗൗരവമുള്ള സാമൂഹികവിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ കടന്നു പോകുകയല്ലേ?

പ്രതീകവൽക്കരണംആശയ പ്രചരണങ്ങളിലെ ഒരു ഉപായമാണ്. ഗാന്ധിജി ഉപ്പിനെയും രാമനെയും അങ്ങനെ ഉപയോഗിച്ചു. ബാലഗംഗാധര തിലകൻ ഭഗവദ്ഗീതയെ ഉപയോഗിച്ചു. ഇസ്ലാമിക ആർക്കിടെക്ചറിലെ ഭീമാകാരങ്ങളായ സൗധങ്ങൾ ആധിപത്യത്തെ പ്രതീകവൽക്കരിക്കുന്നു. നാസിസം, ഫാസിസം എന്നിവക്കെതിരെ നിർമ്മിക്കപ്പെട്ട വിശ്വവിഖ്യാത ശിൽപ്പങ്ങൾ, ലോകത്തെമ്പാടുമുള്ള മഹാന്മാരുടെ പ്രതിമകൾ തുടങ്ങിയവയെല്ലാം ആശയങ്ങളുടെ രൂപത്തിലാണ് സമൂഹത്തിൽ നിലനിൽക്കുന്നത്. ത്രിപുരയിൽ ലെനിന്റെ പ്രതിമ മറച്ചിട്ടപ്പോൾ നമ്മൾ ജാഗരൂകരായതും ആ വിഷയം ചർച്ചചെയ്തതും അതു കേവലം പ്രതിമ എന്നതിലുപരി ഒരു ആശയത്തിന്റെ പ്രതീകം ആയതുകൊണ്ടാണ്. ജൗഹർ മാഷിന്റെ വിഷയത്തിൽ കാര്യങ്ങൾ മറിച്ചാണ്. അദ്ദേഹത്തിന്റെ വാക്കുകളെ ആധുനികവിദ്യാഭ്യാസം നേടിയ, പൊതു സമൂഹവുമായി ഇടകലർന്നു ജീവിക്കുന്ന, പൊതുവായ സാംസ്‌കാരിക മൂല്യങ്ങൾ പങ്കുവയ്ക്കുന്ന ഇന്നത്തെ മുസ്ലിം സമുദായത്തിന്റെ കാഴ്ചപ്പാടായി സാമാന്യവൽക്കരിക്കാനോ പ്രതീകവൽക്കരിക്കാനോ കഴിയുകയില്ല. അവരുടെ ഇടയിൽതന്നെ ജൗഹർ മാഷിനെതിരായ വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിലെ ഭൂരിപക്ഷം പ്രതികരണങ്ങളും ജൗഹർ മാഷിന്റെ വാക്കുകളെ ഇസ്ലാമികചിന്തയായി പ്രതീകവൽക്കരിക്കുന്നു.

അതിന്റെ മറവിൽ വിശുദ്ധ ഗ്രന്ഥവും പ്രവാചകനും അവഹേളിക്കപ്പെടുന്നു. ഫേസ്‌ബുക്കിൽ കണ്ട ഒരു പ്രതികരണം ഉദാഹരണമായി നൽകുന്നു. 'കാണുന്ന സ്ത്രീകളോടെല്ലാം കാമം തോന്നുന്ന, അതിനുനേരെ ബ്രേക്ക് പൊട്ടിനടന്ന നബിയെപ്പോലെ സ്വന്തം വർഗത്തിലെ ആണുങ്ങൾ തന്നെ ശരിയല്ല. അതുകൊണ്ട് സ്വന്തം അനുയായികളും മുസ്ലിം സ്ത്രീകളെ വാഴക്കുല പോലെ പൊതിഞ്ഞുനടത്തുന്നത്. ഇതൊക്കെ വകവെച്ചുകൊടുക്കുന്ന മുസ്ലിം സ്ത്രീകൾ വെറും അടിമകൾ.' ഇതിനോടു ചേർത്തു പറയാൻ കഴിയുന്ന സംഭവമാണ് അൽപകാലംമുമ്പ് മലപ്പുറത്തു നടന്ന മുസ്ലിം പെൺകുട്ടികളുടെ ഫ്‌ളാഷ്‌മോബ്. എയ്ഡ്‌സ് ബോധവൽക്കരണ പരിപാടിയിൽ ആളുകളുടെ ശ്രദ്ധകൊണ്ടുവരാൻ ആ കുട്ടികൾ തീർച്ചയായും സഹായിച്ചു. പക്ഷേ എന്തുകൊണ്ട് തട്ടമിട്ട മൂന്നു പെൺകുട്ടികളെമാത്രം സംഘാടകർ തെരുവിലിറക്കി, കൂട്ടത്തിൽ തട്ടമില്ലാത്ത ഒരു ഹിന്ദുപെൺകുട്ടിയെക്കൂടി ചേർക്കാമായിരുന്നില്ലേ ? വാസ്തവത്തിൽ അവിടെ ഇസ്ലാമികശരീരത്തെയും അടയാളങ്ങളെയും പേരുകളെയും ചിലർ ചൂഷണം ചെയ്യുകയായിരുന്നു. ആ വസ്തുത പക്ഷേ ആരും ശ്രദ്ധിച്ചില്ല.

വീടിനു തീപിടിക്കുമ്പോൾ വാഴ വെട്ടുന്നതുപോലെയുള്ള ചില കാഴ്ചകളും ഈ വിവാദത്തിനിടയിൽ കണ്ടു. അതിലൊന്നാണ് മാറു തുറക്കൽ സമരം. വിദ്യാസമ്പന്നകളായ രണ്ടു ഹൈ-ഫൈ സ്ത്രീകളാണ് തങ്ങളുടെ ദാരിദ്രംപിടിച്ച ,തൂങ്ങിയ സ്തനങ്ങളുടെ തുറന്ന പ്രദർശനവുമായി മുന്നോട്ടു വന്നത്. അവർക്കെല്ലാം വീട്ടിലും നാട്ടിലും നഗ്‌നരായി നടക്കാനുള്ള സ്വാതന്ത്ര്യം വേണംപോലും. അതിനുവേണ്ടി കോടതിയിൽ കേസിനുപോകാനും അവർ തയ്യാറായി നിൽക്കുന്നു. ഇത്തരം ഉപരിപ്ലവങ്ങളായ ആഹ്വാനങ്ങളിലൂടെ ഇന്നാട്ടിലെ സാധുക്കളായ, തൊഴിലാളികളായ, കുടുംബം പുലർത്തുവാൻ രാപകൽ പണിയെടുക്കുന്ന മധ്യവർഗത്തിലുള്ള കുടുംബിനികളായ മുഴുവൻ സ്ത്രീകളെയും സമൂഹമധ്യത്തിൽ തരംതാഴ്‌ത്തിക്കാട്ടാൻ ശ്രമിക്കുന്ന ഇവറ്റകൾക്കെതിരെയല്ലേ കേസെടുക്കേണ്ടത്, യഥാർത്ഥ സ്ത്രീശക്തി ഉണരേണ്ടത്?.

മേൽപ്പറഞ്ഞവരിൽ ഒരു സ്ത്രീ നടിയാണ്. രാജ്യാന്തരപ്രശസ്തി നേടാനുള്ള കുറുക്കുവഴി മാത്രമായിട്ടേ അവർ സത്യത്തിൽ മാറു തുറക്കലിനെ കാണുന്നുള്ളൂ. കാരണം കേരളം ഈയിടെ ഒട്ടേറെ മാതൃകാപരങ്ങളായ പ്രവർത്തനങ്ങളിലൂടെ അന്തർദ്ദേശീയശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു. കൊച്ചി മെട്രോ റെയിൽവേയിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ള നൂറോളം പേർക്കു തൊഴിൽ നൽകിയ തീരുമാനം ഉദാഹരണം. ഇതു മുതലെടുക്കാൻ നടി നടത്തിയ തറവേല മനസിലായില്ല എന്നതുപോകട്ടെ, അവരുടെ നഗ്‌നചിത്രങ്ങൾ ഫോട്ടോഷോപ്പിൽ ഉണ്ടാക്കിയതാണെന്ന സത്യംപോലും പലരും ചിന്തിച്ചില്ല. ഈ ഫോട്ടോകൾ കാണിച്ചപ്പോൾ ഗ്രാഫിക് ഡിസൈൻരംഗത്തു വർഷങ്ങളായി പ്രവർത്തിക്കുന്ന സുഹൃത്തുക്കളെല്ലാം ഇവ ഫോട്ടോഷോപ്പിൽ നിർമ്മിച്ചതാണെന്നു തീർത്തുപറഞ്ഞു.

സാധാരണ സ്മാർട്ട് ഫോണിൽപോലും ഫോട്ടോ എഡിറ്റിങ്ങിനു ധാരാളം സാധ്യതയുണ്ടെന്നിരിക്കെ ഈ തട്ടിപ്പിനെ ജനങ്ങൾ മനസ്സിലാക്കിയില്ലേ എന്ന സംശയം തോന്നുന്നു. ജഗതിയുടെ ഭാഷയിൽ പറഞ്ഞാൽ ഇമ്മാതിരി 'ഫ്രാഡ്' പണി കാണിക്കുന്നവരെ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും വേണ്ടതല്ലേ? നടി ഷക്കീലയുടെ നഗ്‌നശരീരം ഡ്യൂപ്പിനെവച്ചു ചിത്രീകരിച്ചതാണെന്നു നടിതന്നെ പിന്നീടു വെളിപ്പെടുത്തിയ കാര്യം നമ്മൾ മറന്നോ? ഇനി മാറിടം തുറന്നുള്ള അവരുടെ പ്രതിഷേധം സത്യസന്ധ്യമാണെങ്കിൽ എന്തുകൊണ്ട് ഒരു ഫേസ്‌ബുക്ക് ലൈവ് ഇട്ടുകൂടാ ? അതിനുകുറേ പുളിക്കും. കെട്ടിയോന്മാർ അത്രയും മോഡേൺ ആയിട്ടില്ല എന്നവർക്കും അറിയാം.

ഇന്ത്യൻ സാഹചര്യത്തിൽ വർഗീയവാദത്തിനെതിരെയുള്ള ഒരേയൊരു ഫലപ്രദമായ ആയുധം മതനിരപേക്ഷതയാണ്, മതവിരുദ്ധതയല്ല. വർഗീയഫാസിസ്റ്റുശക്തികൾ രാജ്യത്തു ഭരണകൂട ഭീകരതക്കു മുതിരുമ്പോൾ മതനിരപേക്ഷക്കുവേണ്ടി പോരാടാൻ ഇടതു പ്രസ്ഥാനങ്ങൾക്കു മാത്രമേ കഴിയൂ. ഇതിൽ വിജയംനേടാൻ ന്യൂനപക്ഷ - ദളിത്- ആദിവാസി വിഭാഗങ്ങളുടെ വിശ്വാസവും പിൻതുണയും പ്രധാനമാണ്. സി.പി. എം നേതൃത്വം നൽകുന്ന ഇടതുപ്രസ്ഥാനങ്ങൾ ആ വഴിയിൽ ശക്തമായി മുന്നേറുമ്പോൾ അവരുടെ സഹയാത്രികരായി വേഷം കെട്ടിയ ചിലരെങ്കിലും ജൗഹർമാഷിന്റെ വിഷയത്തിൽ എടുത്ത വ്യക്തിപരവും വൈകാരികവും വികലവുമായ നിലപാടുകൾ മുസ്ലിം സമുദായത്തെ ഏറെ വേദനിപ്പിക്കുന്നു എന്ന സത്യം പൊതു സമൂഹം മനസ്സിലാക്കണം.

ഹിന്ദുത്വ തീവ്രവാദികളെ തല്ലാനുള്ള വാടക ഗുണ്ടകളായി, കൂലിത്തല്ലുകാരായി മുസ്ലീങ്ങളെ കാണാൻ പാടില്ല. സോഷ്യൽ മീഡിയയിലെ ഇടതുപക്ഷ അനുഭാവികൾ ഇതിൽ ജാഗ്രത പുലർത്തുമെന്നും ചർച്ച ചെയ്യേണ്ടതുമാത്രം ചർച്ചചെയ്യാനും അവഗണിച്ചു തള്ളേണ്ടതിനെ വിട്ടുകളയാനുമുള്ള വിവേകം ഭാവിയിൽ കാണിക്കുമെന്നും കരുതുന്നു. കൂട്ടത്തിൽ പറയട്ടെ, ഇടതുപക്ഷത്തിന്റെ തോൽക്കുപ്പായമിട്ട ചില വിശാല ശങ്കര വർമമാർ, അവരുടെ ചിന്തയിൽ സദാ ധരിക്കുന്ന തീവ്ര സവർണ ഹിന്ദുത്വബോധത്തിന്റെ മുഷിഞ്ഞ കൗപീനവാൽ പുറത്തുകാട്ടിയ സന്ദർഭമായും വത്തക്ക വിവാദത്തെ ഞാൻ നിരീക്ഷിക്കുന്നു.