തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്‌ക്കറിന്റെ മരണത്തിന്നിടയാക്കിയ അപകട സമയത്ത് കാർ ഓടിച്ചത് ഡ്രൈവർ അർജുൻ ആണെന്ന കാര്യത്തിൽ സംശയമില്ലെന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ കുടുംബം മറുനാടനോട് പ്രതികരിച്ചു. ബാലഭാസ്‌കറിന്റെ മരണം നടന്നു നാളുകൾ കഴിഞ്ഞിട്ടും ബാക്കി നിൽക്കുന്നത് ഒട്ടനവധി ദുരൂഹതകളാണ്. ഈ ദുരൂഹതകൾ വർധിപ്പിക്കുന്നതാണ് അപകട സമയത്ത് കാർ ഓടിച്ചത് ആരെന്ന കാര്യത്തിൽ ഇപ്പോഴും തുടരുന്ന തർക്കം.

അപകടസമയത്ത് കാർ ഓടിച്ചത് ഡ്രൈവർ അർജുൻ തന്നെയായിരുന്നു. അപകടത്തിന് ശേഷം ആശുപത്രിയിൽ ലക്ഷ്മിയുടെ 'അമ്മ സന്ദർശിച്ചപ്പോൾ ഡ്രൈവർ അർജുൻ പറഞ്ഞിട്ടുണ്ട് കാർ ഓടിച്ചത് താൻ തന്നെയായിരുന്നുവെന്ന്. അറിയാതെ കണ്ണ് ചിമ്മി പോയി. അപ്പോഴാണ് അപകടം സംഭവിച്ചത്. ഡ്രൈവർ അർജുൻ പറഞ്ഞതായി കുടുംബം പറയുന്നു. അതിനു ശേഷം എന്തിനാണ് അർജുൻ മൊഴി മാറ്റി പറയുന്നത് എന്ന് ഇവർക്ക് അറിയില്ല. ബാക്കിയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ച് കണ്ടുപിടിക്കേണ്ടതാണ്. കുടുംബം പ്രതികരിക്കുന്നു. അപകട സമയത്ത് കാർ ഓടിച്ചത് ഡ്രൈവർ അർജുൻ ആണെന്ന് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

പക്ഷെ മൊഴിമാറ്റത്തിന്റെ കാരണം ലക്ഷ്മിക്കും അറിയില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. അപകട സമയത്ത് ബാലഭാസ്‌കർ കാറിന്റെ പിറകിൽ കിടന്നു ഉറങ്ങുകയായിരുന്നു. പക്ഷെ നല്ല ഉറക്കത്തിലായതിനാൽ അപകടസമയത്ത് ബാലഭാസ്‌കർ തെറിച്ച് മുൻവശത്ത് വന്നിരുന്നു. അതിനാലാണ് കാർ ഓടിച്ചത് ആരെന്ന കാര്യം ആദ്യം തിരിച്ചറിയാതിരുന്നത്. പക്ഷെ രക്ഷാപ്രവർത്തനം നടത്തിയ ഹൈവേ പൊലീസിന് കാര്യങ്ങൾ അറിയാം. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ ഒരു വിവാദത്തിനു ഇടമില്ലെന്നാണ് ലക്ഷ്മിയുടെ കുടുംബം കരുതുന്നത്.

ബാലഭാസ്‌കറിന്റെ പരിചയം വഴിയാണ് അർജുൻ ഡ്രൈവർ ആയി എത്തുന്നത്. ഏതോ ഒരു സ്വകാര്യ സ്ഥാപനത്തിൽ അര്ജുന് ജോലിയും ബാലഭാസ്‌കർ പറഞ്ഞു നലകിയിരുന്നു. ബാലഭാസ്‌ക്കറിന്റെയും ലക്ഷ്മിയുടേതും പ്രണയ വിവാഹം ആയിരുന്നെങ്കിലും മരണശേഷവും കുടുംബങ്ങൾ തമ്മിലുള്ള ചേർച്ചക്കേട് അങ്ങിനെ തന്നെ തുടരുന്നു എന്നാണ് സൂചനകൾ. ബാലഭാസ്‌കറിന്റെ സംസ്‌ക്കാര ചടങ്ങുകൾ നടക്കുമ്പോഴും അതിനു ശേഷവുമെല്ലാം കുടുംബാംഗങ്ങൾ നിലയുറപ്പിക്കുന്നത് രണ്ടു തട്ടിലാണ്. പ്രണയ വിവാഹം കഴിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഈ അവസ്ഥയ്ക്ക് മാറ്റം വന്നിരുന്നില്ല.

അറിയപ്പെടുന്ന സംഗീതജ്ഞന്റെ അറിയപ്പെടാത്ത ജീവിതാവസ്ഥകളായി ഈ രസക്കേടുകൾ അവരുടെ ജീവിതത്തെ ചൂഴ്ന്നു നിന്നിരുന്നു. പുറത്ത് അധികം ആർക്കും അറിയാത്ത കാര്യങ്ങളിൽ ഒന്ന് ഇതായിരുന്നു. ഇപ്പോൾ ബാലഭാസ്‌ക്കറിന്റെ മരണത്തെ ചൊല്ലിയുള്ള സമഗ്ര അന്വേഷണവും സ്വത്ത് വകകളുടെ അന്വേഷണവും തേടിയുമെല്ലാം ബാലഭാസ്‌കറിന്റെ അച്ഛനും കുടുംബാംഗങ്ങളും രംഗത്ത് വന്നതിൽ ലക്ഷ്മിയുടെ കുടുംബത്തിനു അസ്വസ്ഥകൾ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ. ബാലഭാസ്‌കറിന്റെ അനന്തരാവകാശിയായി ഭാര്യയുണ്ട്. ഇവരെ അറിയിക്കാതെ ഏകപക്ഷിയമാണ് ബാലഭാസ്‌കറിന്റെ കുടുംബം നീങ്ങുന്നത്.

മുൻപേ തന്നെയുള്ള സ്വരച്ചേർച്ചയില്ലായ്മ കൂടുതലാകുന്ന രീതിയിലാണ് നിലവിൽ ബാലഭാസ്‌കറിന്റെ കുടുംബം നീങ്ങുന്നത്, ബാലഭാസ്‌കർ ജീവിച്ചിരുന്ന സമയത്തും ലക്ഷ്മി ബാലഭാസ്‌കറിന്റെ കുടുംബ വീട്ടിൽ പോകുമായിരുന്നില്ല. ലക്ഷ്മിയും ജീവിതത്തിലേക്ക് നടന്നു വരുന്നതേയുള്ളൂ. ഇപ്പോഴും നടക്കാനുള്ള പ്രാപ്തി ലക്ഷ്മിക്ക് ആയിട്ടില്ല. മൾട്ടിപ്പിൾ ഫ്രാക്ചർ ആണ് ലക്ഷ്മിക്ക് അപകടത്തിൽ സംഭവിച്ചത്. ഇനിയും ആറുമാസം എങ്കിലും വേണം ലക്ഷ്മിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ. സ്വത്തിന്റെ കാര്യത്തിൽ ദുരൂഹതയില്ലെന്നും ലക്ഷ്മിയുടെ കുടുംബം പറയുന്നുണ്ട്.

എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. പക്ഷെ ഇപ്പോൾ ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബാലഭാസ്‌കറിന്റെ കുടുംബം രംഗത്ത് വന്നതോടെയാണ് മരണം കൂടുതൽ ദുരൂഹതയിലേക്ക് നീങ്ങുന്നത്. മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് സി.കെ.ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. ഒക്ടോബർ രണ്ടിനാണ് വിവാദമായി തുടരുന്ന കാർ അപകടം നടന്നത്.

ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്ഷന് സമീപം സെപ്റ്റംബർ 25ന് പുലർച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. മകൾ തേജസ്വിനി ബാല സംഭവസ്ഥലത്തു തന്നെ മരിച്ചു സാരമായി പരുക്കേറ്റ ബാലഭാസ്‌കറും പിന്നീട് മരണത്തിന് കീഴടങ്ങി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയും ഡ്രൈവർ അർജുനും ഏറെ നാൾ ചികിത്സയിലായിരുന്നു.