'വിവാഹം കഴിക്കണമെന്നുണ്ട്. പക്ഷേ, നടക്കുന്നില്ലെന്നു മാത്രം. ചെറിയ കാര്യങ്ങളിലൂടെ തന്റെ വിവാഹം മുടങ്ങുകയാണെന്ന് സിനിമാമംഗളത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്ന നടി ലക്ഷ്മി ഗോപാലസ്വാമി തേടുന്നത് സന്തോഷത്തിലും ദുഃഖത്തിലും കൂടെ നിൽക്കുന്ന ആളെ. ഭർത്താവ് പെർഫെക്ട് ആയിരിക്കണമെന്നും കലയെ അറിയുന്ന കലാകാരിയെന്ന നിലയിൽ മനസ്സിലാക്കുന്ന ഒരാൾക്കുവേണ്ടിയാണ് കാത്തിരിക്കുന്നതെന്നും ലക്ഷ്മി തുറന്നുപറയുന്നു.

നിരവധി ആലോചനകൾ വരുന്നുണ്ടെങ്കിലും അവയെല്ലാം അവസാന നിമിഷം എന്തെല്ലാമോ കാരണങ്ങൾ കൊണ്ട് മുടങ്ങുകയാണെന്നതാണ് നടിയുടെ പ്രധാന സങ്കടം. ഇപ്പോൾ കാത്തിരിക്കുന്നത് എന്നിലെ കലാകാരിയെ തിരിച്ചറിയുന്ന, അറിയാൻ താൽപര്യമുള്ള ഒരു സഹൃദയനെയാണ്. പലരോടും പ്രണയം തോന്നിയിട്ടുണ്ട്. പരിചയവും സൗഹൃദവും പലപ്പോഴും പ്രണയത്തിൽ നിന്നും വഴിമാറിയിട്ടുണ്ട്. മിക്‌സഡ് സ്‌കൂളിൽ പഠിച്ച ഞാൻ ഗേൾസ് സ്‌കൂളിലാണ് പഠിച്ചിരുന്നതെങ്കിൽ ആരെയെങ്കിലും പ്രണയിച്ച് എപ്പോഴേ കല്യാണം കഴിച്ച് കുടുംബമായി ജീവിച്ചേനെ - ലക്ഷ്മി വ്യക്തമാക്കുന്നു.

മലയാള സിനിമയിൽ നിന്ന് ഒരാളെ വിവാഹം കഴിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെും മോഹൻലാലിനെയോ സുരേഷ്‌ഗോപിയെയോ പോലുള്ള ഒരാളെ ഭർത്താവായി കിട്ടുന്നത് ഭാഗ്യമാണെന്നും മുമ്പ് തുറന്നടിച്ച നടി നേരത്തെ പലപ്പോഴും തന്റെ വിവാഹസ്വപ്‌നങ്ങളും ഭർത്താവിനെക്കുറിച്ചുള്ള സങ്കൽപങ്ങളും പങ്കുവച്ചിട്ടുണ്ട്. മലയാള സിനിമയിൽ നിന്ന് ഒരാളെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്നതായും അയാൾ ക്രിയേറ്റീവ് ആർട്ടിസ്റ്റായിരിക്കണമെന്നും മുമ്പ് പറഞ്ഞിരുന്നു. നടനാണെങ്കിലും സംഗീതജ്ഞനായാലും കുഴപ്പമില്ല. അയാൾ അടുത്തറിയുന്ന ആളായിരിക്കണമെന്നായിരുന്നു ലക്ഷ്മിയുടെ അഭിപ്രായം.

തന്റ കൂടെ അഭിനയിച്ച ചില നടന്മാരോട് താൽപ്പര്യം തോന്നിയിട്ടുണ്ടെന്നും ചില നടന്മാരോടൊപ്പം അടുത്ത് ഇടപഴകുമ്പോൾ ഇങ്ങനെയൊരാളെ ലൈഫ് പാർട്ണറായി ലഭിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നും ലക്ഷമി തുറന്നടിച്ചതും മുമ്പ് വാർത്തയായി. വല്ലാത്ത ഒരിഷ്ടമാണ് അത്. അതേസമയം, ഒരു നടനെയും എന്റെ സഹോദരനെപ്പോലെ എനിക്ക് തോന്നിയിട്ടില്ലെന്നും ലക്ഷമി ഗോപാലസ്വാമി തുറന്നുപറഞ്ഞിരുന്നു.

നിരവധി ചിത്രങ്ങളിൽ നായികയായ നടിയുടെ പ്രണയ സങ്കൽപങ്ങളും വാർത്തകളിൽ ഇടംനേടി. ീവിതം ആസ്വദിച്ച് മുന്നോട്ടുകൊണ്ടുപോകാൻ പ്രണയം അനിവാര്യമാണ്. പ്രായമൊന്നും ബാധകമല്ല. പുരുഷനും സ്ത്രീയും തമ്മിൽ ബ്യൂട്ടിഫുൾ റിലേഷൻഷിപ്പ് വേണം. ആദ്യം സൗഹൃദം, പിന്നെ വിവാഹം എന്ന ആശയത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. ഇതായിരുന്നു നടി മുൻപുതന്നെ തുറന്നുപറഞ്ഞ നിലപാടുകൾ.

ലാലേട്ടൻ വളരെ കെയറിംഗാണ്. സ്ത്രീകളോട് ഇത്രയും റെസ്‌പെക്ടുള്ള ഒരാളെ കണ്ടിട്ടില്ല. കൂടെ അഭിനയിക്കുമ്പോൾ വളരെ കെയറിംഗാണ്. ഒപ്പം അഭിനയിക്കുന്ന ചിലരുടെ കെയറിംഗും പെരുമാറ്റവും കാണുമ്പോൾ അതുപോലൊരു ഹസ്ബന്റിനെ കിട്ടിയാൽ കൊള്ളാമെന്ന് തോന്നിയിട്ടുണ്ട്. രാധികയും മക്കളുമാണ് തന്റെ ലോകമെന്ന് വിശ്വസിക്കുന്നയാളാണ് സുരേഷേട്ടൻ. അതുപോലെ തന്നെയാണ് ജയറാമും. പാർവതിയും മക്കളും അവരുടെ സ്‌നേഹവുമൊക്കെ കാണുമ്പോൾ കൊതിവരും. ഇത്രയും കുടുംബസ്‌നേഹികളായ നായകന്മാരെ കാണുമ്പോൾ അതുപോലെ ഒരാളെ കിട്ടിയിരുന്നെങ്കിലെന്ന് നമ്മളും ആഗ്രഹിക്കില്ലേ - മുൻപ് നൽകി ഒരഭിമുഖത്തിൽ നടി തുറന്നുപറഞ്ഞ അഭിപ്രായം ഇങ്ങനെയായിരുന്നു.

ലോഹിതദാസിന്റെ അരയന്നങ്ങളുടെ വീട്ടിലൂടെ മലയാളത്തിൽ നായികയായെത്തിയ ലക്ഷ്മിക്ക് ഒരുവർഷത്തോളം മലയാളത്തിൽ സിനിമയൊന്നും ഇല്ലായിരുന്നു. ഇപ്പോൾ ഒരു ഇടവേളയ്ക്കുശേഷം വിനോദ് മങ്കരയുടെ കാംബോജിയിൽ വിനീതിന്റെ നായികയായി വീണ്ടുമെത്തുന്ന ലക്ഷ്മി മത്തായി കുഴപ്പക്കാരനല്ല എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.