യ്ഹിന്ദ് ചാനൽ ലൈസൻസ് ചട്ടങ്ങൾക്ക് വിരുദ്ധമായി അഡൾട്‌സ് ഓൺലി സർട്ടിഫിക്കറ്റുള്ള ഹിന്ദി സിനിമ പ്രദർശിപ്പിച്ചതന്റെ പേരിൽ നടപടി നേരിട്ടിട്ട് അധികനാളായിട്ടില്ല. കേന്ദ്ര വാർത്താ വിതരണപ്രക്ഷേപണ മന്ത്രാലയം 48 മണിക്കൂർ നേരത്തേക്ക് ലൈസൻസ് തന്നെ സസ്‌പെന്റ് ചെയ്ത സംഭവം മായുംമുമ്പ് മോഷണവിവാദവും ചാനലിനെ കുഴപ്പത്തിലാക്കുന്നു. ഓണക്കാലത്ത് സംപ്രേഷണം ചെയ്ത നടൻ ജയസൂര്യയുടെ അഭിമുഖപരിപാടിയാണ് പുതിയ പ്രശ്‌നങ്ങളുടെ ആധാരം. പ്രശസ്ത ബ്ലോഗർ ലക്ഷ്മി മേനോനാണ് ജയസൂര്യയെ ഇന്റർവ്യൂ ചെയ്ത് ജ്ജ ജ്ജ ജ്ജ ജയസൂര്യ, തിത്തിത്തി തിരുവോണം എന്ന പേരിൽ പരിപാടി അവതരിപ്പിച്ചത്.

ജയസൂര്യയുടെ ഓണക്കാല ഓർമകളും സിനിമാജീവിത അനുഭവങ്ങളും പരാമർശിക്കുന്ന ഇന്റർവ്യൂവിന് ഉപയോഗിച്ച പേരും കാരിക്കേച്ചറുമാണ് മോഷണവിവാദത്തിന് കാരണമായിരിക്കുന്നത്. തന്റെ കലാസൃഷ്ടിയാണ് ജയസൂര്യയുടെ ആ കാരിക്കേച്ചർ എന്നും അത് തന്റെ അനുവാദമില്ലാതെ ചാനൽ ഉപയോഗിക്കുകയായിരുന്നുവെന്നും ആരോപിച്ച് കലാകാരനായ മാന്വൽ ടോം രംഗത്തെത്തിയിരിക്കുകയാണ്. അഭിമുഖപരിപാടിക്ക് മുമ്പ് ചാനൽ പ്രമോഷൻ പരസ്യങ്ങൾ നൽകിയ നേരത്തടക്കം താൻ ഇക്കാര്യം വിളിച്ച് ചാനൽ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതാണെന്ന് മാന്വൽ ഫേസ്‌ബുക്കിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം ചാനൽ അധികൃതർ തന്നെ അപമാനിക്കുകയും അസഭ്യം പറയുകയുമാണ് ചെയ്തത്. ഒരു കലാകാരന്റെ സൃഷ്ടി ഇത്രയും വ്യക്തമായി പച്ചയ്ക്ക് മോഷ്ടിക്കുന്നതിനെതിരെ പ്രതികരിക്കാൻ മാന്വൽ ഫേസ്‌ബുക്കിലൂടെ തയാറായിട്ടുമുണ്ട്.മാത്രമല്ല, ആവശ്യമായ നിയമനടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലുമാണ് ഈ കലാകാരൻ. അതേ സമയം മാന്വൽ ടോമിന് പിന്തുണയുമായി നടൻ ജോയ്മാത്യു രംഗത്തെത്തി. കള്ളന്മാർ എന്ന തലക്കെട്ടിൽ ചാനലിന്റെ മോഷണത്തെ ജോയ്മാത്യു ഫേസ്‌ബുക്കിലൂടെ പരിഹസരിക്കുന്നു.

ജയ്ഹിന്ദ് ടിവിയെ മോഷ്ടാവായി അവതരിപ്പിച്ചുകൊണ്ട് മാന്വൽ ടോം ഫേസ്‌ബുക്കിലിട്ട പോസ്റ്റങ്ങനെ:

രു കലാകാരനും അവന്റെ സർഗാത്മകതയ്ക്കും ഒരു മോഷ്ടാവ് ഇടുന്ന വിലയെന്ത്? ഈ ഓണത്തിനു ജയ്ഹിന്ദ് ചാനലിൽ വന്ന ജയസൂര്യയുടെ ഇന്റർവ്യൂ ആണിത്..തുടക്കത്തിലും ഇടവേളകളിലും ഇന്റർവ്യൂവിൽ ഉടനീളം ജയഹിന്ദ് ടൈറ്റിൽ ഗ്രാഫിക്‌സ് ആയി ഉപയോഗിച്ച ജയസൂര്യയുടെ കാരികേച്ചർ എന്റെ ക്രീയേറ്റീവ് മോൻക്‌സ് എന്ന കമ്പനിക്കു വേണ്ടി ഞാൻ വരച്ചതാണ്. എന്റെ അനുവാദമോ അറിവോ കൂടാതെ ആണിത് ചെയ്തിട്ടുള്ളത്. എന്റെ ഒപ്പും ക്രെഡിറ്റ്‌സും വിദഗ്ദമായി മായിച്ച് ബാക് ഗ്രൗണ്ട് മാറ്റി അവർ ടൈറ്റിൽ എളുപ്പത്തിലാണ് ഉണ്ടാക്കിയത്. ഇതിനു പരസ്യങ്ങളും യൂ ടൂബിലിട്ടും അവർ ഓണം കൊഴുപ്പിച്ചു. ചാനലിലേക്ക് വിളിച്ചു മാന്യമായി സംസാരിച്ചപ്പോൾ തട്ടിക്കയറുകയും ഇങ്ങനെ ഒരുപാടു കണ്ടിട്ടുണ്ട് എന്ന ധാർഷ്ട്യം നിറഞ്ഞ മറുപടിയുമാണ് കിട്ടിയത്. ഏതു തരത്തിലുള്ള കലാസൃഷ്ടിയാണെങ്കിലും അത് കലാകാരന്റെ അധ്വാനത്തിന്റെയും ആത്മാവിന്റെയും ഭാഗമാണ്. ഇങ്ങനെയുള്ള മോഷണങ്ങൾക്ക് ഒരു കലാകാരൻ പ്രതികരിക്കേണ്ടത് എങ്ങനെയാണ്? അടിയാൻ സ്വന്തം പറമ്പിൽ നട്ടു വളർത്തിയ വാഴയിൽ നിന്ന് വേലിയില്ലെന്ന കാരണം പറഞ്ഞ് മുതലാളി കുല വെട്ടിയത് ചോദിക്കുന്നത് തെറ്റാണോ? കലയ്ക്ക് അർഹിക്കുന്ന മൂല്യം കൊടുക്കാത്ത ഇവിടത്തെ വ്യവസ്ഥിതിയിൽ ഇതിനപ്പുറമുള്ള തെമ്മാടിത്തങ്ങൾ ഇനിയുമരങ്ങേറും!
മാന്വൽ ടോമിന്റെ ഫേസ്‌ബുക്ക് ലിങ്ക്‌:-