തിരുവനന്തപുരം: കഴിഞ്ഞ രണ്ടാഴ്‌ച്ചയിൽ ഏറെയായി തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരം വാർത്തകളിൽ നിറയുകയാണ്. ചാനലുകളും സജീവമായി സെലബ്രിറ്റി ഷെഫ് ലക്ഷ്മി നായരുടെ കോളേജിലെ സമരം വിശദമായി കവർ ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ആക്ഷേപഹാസ്യ പരിപാടികളുടെ പ്രധാന വിഷയവും ലോ അക്കാദമി തന്നെയാണ്. മനോരമ ന്യൂസ് ചാനലിന്റെ ചിത്രം തിരുവാ എതിവായും ഈ വിഷയം ശരിക്കും ആഘോഷിക്കുന്നുണ്ട്. എന്തായാലും വി എസ് രാഷ്ട്രീയ ലക്ഷ്യത്തോടെ ഏറ്റെടുത്തതും വിഷയത്തിൽ പ്രതികരിക്കാതെ മുങ്ങി നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും സ്ഥലം സന്ദർശിച്ച കോടിയേരി ബാലകൃഷ്ണനെയും കണക്കിന് കളിയാക്കിയാണ് ഇന്നലെ ജയമോഹൻ നായർ പരിപാടി അവതരിപ്പിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരുന്നു മനോരമയുടെ ഒരു പ്രധാന ഉന്നവും. ലോ അക്കാദമി സമരം ഇത്രയും ആയിട്ടും മുഖ്യമന്ത്രി ഈ വിഷയത്തിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ടോംസിനെ കുറിച്ചും വിദ്യാർത്ഥികളുടെ പീഡനത്തെ കുറിച്ചുമൊക്കെ പറഞ്ഞപ്പോൾ പറഞ്ഞപ്പോഴും അദ്ദേഹം ലോ അക്കാദമിയെ കുറിച്ച് ഒരക്ഷരം മിണ്ടിയിരുന്നില്ല. ഇങ്ങനെ വിഷയം കൊടുമ്പിരി കൊണ്ടിരിക്കുന്ന വേളയിലാണ് മുഖ്യമന്ത്രി തന്റെ കോളേജ് കാലത്തെ കുറിച്ച് അനുസ്മരിച്ചത്. അന്നത്തെ നല്ലവനായ പ്രിൻസിപ്പലിനെയും മുഖ്യമന്ത്രി ഓർത്തു. ഈ സംഭവത്തെ ലോ അക്കാദമിയിൽ പ്രതികരിച്ചതാണോ എന്ന സന്ദേഹമാണ് ചിത്രംവിചിത്രം രേഖപ്പെടുത്തിയത്.

പ്രിൻസിപ്പലിനെ വില്ലത്തിയാക്കി സമരം നടത്തുമ്പോൾ തന്നെ പിണറായി തന്റെ കോളേജിലെ ഓർമ്മകൾ ഓർത്തെടുക്കുകയായിരുന്നു. പിണറായി പഠിക്കുന്ന കാലത്ത് ബ്രണ്ണൻ കോളേജിലെ പ്രിൻസിപ്പൽ വളരെ നല്ലവനായിരന്നു എന്നാണ് പിണറായി പറഞ്ഞത്. അന്നത്തെ പ്രിൻസിപ്പലിന്റെ നന്മയെ കുറിച്ചായിരുന്നു പിണറായിയുടെ പ്രസംഗം. എംഎൽഎ ആയ ശേഷം കോളേജിൽ പോയ വേളയിൽ ഡിസ് കണ്ടിന്യൂ ചെയ്ത സബ്ജക്ട് വീണ്ടും തുടരാൻ അദ്ദേഹം ആവശ്യപ്പെട്ട കാര്യ ഓർത്തെടുക്കുകയായിരുന്നു.

കോളേജ് പഠിക്കുന്ന കാലത്തെ സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ രക്ഷിതാക്കളെ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞ കാര്യവും പിണറായി ഓർത്തെടുത്തു. അദ്ദേഹന്റെ മനസ് നല്ലതായിരുന്നെന്നും മുഖ്യൻ പറഞ്ഞപ്പോൾ ഈ വാക്കുകൾക്ക് പിന്നിൽ എന്താണെന്ന് വ്യാഖ്യാനിക്കുകയായിരുന്നു തിരുവാ എതിർവാ.. ഒന്നുകിൽ ലക്ഷ്്മി നായരെ മാറ്റേണ്ട എന്നാണ് പിണറായി പറഞ്ഞതെന്നും അല്ലെങ്കിൽ തന്റെ പ്രിൻസിപ്പലിന്റെ മാതൃക ലോ അക്കാദമി പ്രിൻസിപ്പലും തുടരണമെന്നാണ് അഭിപ്രായമാകാമെന്നും അവതാരകൻ പറഞ്ഞു വെക്കുന്നു. മഹത്തുക്കൾ നേരേ ചൊവ്വേ കാര്യങ്ങൾ പറഞ്ഞില്ലെങ്കിൽ പിന്നെ എന്തു ചെയ്യുമെന്നാണ് അവതാരകന്റെ ചോദ്യം.

അതേസമയം കോടിയേരിയുടെ ലോ അക്കാദമി സന്ദർശനത്തെയും തിരുവാ എതിർവാ പരിഹസിച്ചു. വിദ്യാർത്ഥി സമരത്തെ അങ്ങനെ കണ്ടാൽ മതിയെന്ന പരാമർശത്തിനായിരുന്നു പരിഹാസം. എന്നാൽ, ഭൂമി തിരിച്ചു പിടിക്കണെന്ന പറഞ്ഞ വിഎസിനെ അയാൾ കഥയെഴുതുകയാണ് സിനിമയിലെ നായകനോടാണ് പരിപാടി ഉപമിച്ചത്. എം സ്വരാജിനും കണക്കിനു കിട്ടി. ഡിവൈഎഫ്‌ഐ നേതാക്കളെ കണ്ടുകിട്ടിയെന്ന് പരിസിച്ചാണ് സ്വരാജിനെ തിരുവാ എതിർവാ പരിഹസിച്ചത്. ലോ അക്കാദമി വിഷയത്തിലെ അഭിപ്രായം മാദ്ധ്യമ ഓഫീസുകളിൽ എത്തിച്ചുവെന്നുമാണ് സ്വരാജ് പറഞ്ഞത്. സ്വരാജിന്റെ ഫിലോസഫിക്കലായ അഭിപ്രായത്തിനും കിട്ടി കണക്കറ്റ് പരിഹാസം. ലോ അക്കാദമിയിൽ പഠിച്ച കാലം ഓർത്തെടുത്ത സി ദിവാകരന്റെ പ്രസംഗവുമായിരുന്നു തിരുവാ എതിർവായിലെ അടുത്ത ഐറ്റം.