കൊച്ചി: തന്നെ ഒരു പ്രശസ്ത മലയാള സിനിമാ സംവിധായകൻ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചെന്ന് വ്യക്തമാക്കി പ്രശസ്ത നടിയും സംവിധായകയുമായ ലക്ഷ്മി രാമകൃഷ്ണൻ. പ്രശസ്ത നായിക നടിയെ ആക്രമിച്ച സംഭവം അടുത്തിടെ ദക്ഷിണേന്ത്യൻ സിനിമാലോകത്ത് വലിയ ചർച്ചയായി മാറിയതിന് പിന്നാലെയാണ് ഇത്തരം വെളിപ്പെടുത്തലുകൾ വരുന്നത്.

മലയാള സിനിമാ ലോകത്ത് നടിമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന വെളിപ്പെടുത്തലുകളുമായി നടിമാർ ഒന്നൊന്നായി രംഗത്തെത്തുന്നു. സിനിമയിൽ ചാൻസ് കിട്ടാൻ കിടക്കയിലേക്ക് ക്ഷണിച്ചുവെന്ന വെളിപ്പെടുത്തലുമായി നടി ചാർമിള കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ലക്ഷ്മി രാമകൃഷ്ണൻ എന്ന നടിയും ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്.

തമിഴിലും ചിത്രങ്ങൾ ചെയ്തിട്ടുള്ള ആ മലയാളി സംവിധായകന്റെ ആവശ്യത്തിന് വഴങ്ങാതെ വന്നപ്പോൾ പലരീതിയിൽ അതിന് പ്രതികാരം ചെയ്തെന്നും ലക്ഷ്മി വ്യക്തമാക്കി. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. സംവിധായകന് വഴങ്ങാതെ വന്നപ്പോൾ സിനിമയുടെ സെറ്റിൽവച്ച് പരസ്യമായി അപമാനിച്ചുവെന്നും അസഭ്യം പറഞ്ഞെന്നും ലക്ഷ്മി പറയുന്നു.

''അയാളുടെ ആവശ്യം നിരസിച്ചതിന് പ്രതികാരമായി സിനിമയുടെ സെറ്റിൽവച്ച് പരസ്യമായി ചീത്തവിളിച്ചു. അഭിനയിച്ച രംഗങ്ങൾ വീണ്ടും വീണ്ടും ചിത്രീകരിച്ചു. 25 തവണ വരെ റീടേക്ക് എടുപ്പിച്ചിട്ടുണ്ട്. അത് മനപ്പൂർവ്വമായിരുന്നു. മോശമായി പെരുമാറിയതിന് മാപ്പ് പറയണമെന്ന് ഞാൻ ആവശ്യപ്പെട്ടപ്പോൾ കൂടുതൽ മോശമായിയിരുന്നു പിന്നീടുള്ള പെരുമാറ്റം''.- ലക്ഷ്മി പറയുന്നു.

സിനിമയുടെ കാര്യം സംസാരിക്കാൻ സംവിധായകൻ അയച്ച ഒരാൾ ഫ്ളാറ്റിലെത്തി മോശമായി സംസാരിച്ചതായും അയാളെ ഉടൻ പുറത്താക്കിയതായും ലക്ഷ്മി പറഞ്ഞു. ''അടുത്തകാലത്ത് ഒരു സംവിധായകൻ അയച്ച വ്യക്തി സിനിമയെ കുറിച്ച് സംസാരിക്കാൻ എന്റെ ഫ്ളാറ്റിലെത്തി. ആദ്യം സിനിമയെ കുറിച്ച് സംസാരിച്ചു. പിന്നെ ചില അഡ്ജസ്റ്റ്മെന്റുകൾ നടത്തണമെന്ന് ആവശ്യപ്പെട്ടു. ഡേറ്റിന്റെ വിഷയമാണെന്നാണ് ഞാൻ ഉദ്ദേശിച്ചത്. പിന്നീടാണ് മനസിലാക്കിയത് അയാൾ സംസാരിക്കുന്നത് മറ്റുചില കാര്യങ്ങളെ കുറിച്ചാണെന്ന്. ഉടൻ അയാളെ പുറത്താക്കി''.

സിനിമാ മേഖലയിലെ ചിലരുടെ ഇത്തരം സമീപനങ്ങളാണ് സിനിമ കുറയ്ക്കാൻ കാരണമെന്ന് ലക്ഷ്മി വ്യക്തമാക്കി. ബുദ്ധിമതിയായ സ്ത്രീകളോടൊപ്പം ജോലിചെയ്യാൻ പല സംവിധായകർക്കും താത്പര്യമില്ലെന്ന് അവർ കുറ്റപ്പെടുത്തി. ജോലിചെയ്യുന്നതിന്റെ പ്രതിഫലം ചോദിച്ച് വാങ്ങുന്നത് പോലും പലർക്കും ഇഷ്ടമല്ല. തുല്യതയെ കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും സിനിമയിൽ മാറ്റമൊന്നും ഉണ്ടാകുന്നില്ല. അവിടെ സ്ത്രീകളെ ഇപ്പോഴും കീഴടക്കി വച്ചിരിക്കുകയാണ്. അഭിമുഖത്തിൽ ലക്ഷ്മി വ്യക്തമാക്കുന്നു.

ലോഹിതദാസിന്റെ ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് ലക്ഷ്മി അഭിനയ രംഗത്തേക്ക് എത്തുന്നത്. ജേക്കബിന്റെ സ്വർഗ്ഗരാജ്യമാണ് മലയാളത്തിൽ ഒടുവിൽ അഭിനയിച്ച ചിത്രം. തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. തമിഴിൽ മൂന്ന് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.

ശൊൽവതെല്ലാം ഉൺമൈ (പറയുന്നതെല്ലാം സത്യം) എന്ന ടിവി ഷോയിൽ ഹോസ്റ്റ് ആണ് ഇപ്പോൾ ലക്ഷ്്മി രാമകൃഷ്ണൻ. സമൂഹത്തിലെ ലിംഗവിവേചനത്തിന് എതിരെയും പീഡനങ്ങൾക്കും ലൈംഗിക അരാജകത്വങ്ങൾക്കുമെതിരെയും ശക്തമായി പ്രതികരിക്കുന്ന ഷോയാണ് ഇത്.