പനാജി: ലക്ഷ്മീകാന്ത് പർസേക്കർ ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മനോഹർ പരീക്കർ രാജിവച്ചതിനെത്തുടർന്നാണ് പർസേക്കർ മുഖ്യമന്ത്രി പദത്തിലെത്തിയത്. ഗോവയിലെ ആരോഗ്യമന്ത്രിയായിരുന്നു പർസേക്കർ. കേന്ദ്രമന്ത്രിസഭയിൽ അംഗമാകാൻ വേണ്ടിയാണ് മനോഹർ പരീക്കർ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്.

നേരത്തെ പർസേക്കറിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. ഗോവയിൽ ചേർന്ന ബിജെപി നിർവാഹക സമിതി യോഗത്തിലായിരുന്നു തീരുമാനം. മുഖ്യമന്ത്രി പദവിയിലെത്തിയതിൽ സന്തോഷമുണ്ടെന്ന് പർസേക്കർ പറഞ്ഞു. മാൻഡ്രേമിൽ നിന്നുള്ള നിയമസഭാംഗമാണ് ഈ അമ്പത്തെട്ടുകാരൻ.

ഞായറാഴ്ചയാണ് കേന്ദ്ര മന്ത്രിസഭാവികസനം. മനോഹർ പരീക്കരെ പ്രതിരോധമന്ത്രിയാക്കുമെന്നാണ് സൂചന. ഇന്ന് ഉച്ചക്ക് രാജ്ഭവനിലെത്തിയ പരീക്കർ രാജിക്കത്ത് സംസ്ഥാന ഗവർണർ മൃദുല സിൻഹയ്ക്ക് കൈമാറിയിരുന്നു.