കൊച്ചി: വീട്ടിലുള്ള സ്ത്രീകളെ സ്ത്രീകളായും കൂടെ ജോലിചെയുന്ന സ്ത്രീകളെ ഉപകരണങ്ങളായും കാണുന്ന സീരിയൽ സംവിധായകർക്കൊപ്പം ജോലി ചെയ്യാൻ ഇനി താനില്ലെന്നു നടി ലക്ഷ്മി പ്രിയ. 'അലുവയും മത്തിക്കറിയും' സീരിയൽ ലൊക്കേഷനിൽ നടന്ന സംഭവങ്ങളോടു മറുനാടൻ മലയാളിയോട് പ്രതികരിക്കുകയായിരുന്നു ലക്ഷ്മി പ്രിയ.

സീരിയലിൽ നിന്ന് നായികയായ ലക്ഷ്മി പ്രിയയെ മാറ്റിയ സംവിധായകൻ പ്രസാദ് നൂറനാടിന്റെ തീരുമാനം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. സഹപ്രവർത്തകരുടെ മുന്നിൽവച്ചു തന്നെ അപമാനിച്ച നടിയെ പുറത്താക്കുക എന്നത് ഒപ്പം ജോലിചെയ്യുന്ന എല്ലാവരുടെയും തീരുമാനം ആയിരുന്നുവെന്നു കഴിഞ്ഞ ദിവസം സംവിധായകൻ മറുനാടനോട് പ്രതികരിച്ചിരുന്നു.

എന്നാൽ ജൂൺ 30നു നടന്ന സംഭവത്തിനു ശേഷം സീരിയലിൽ നിന്ന് തന്നെ മാറ്റിയത് അറിയുന്നത് രണ്ടു ദിവസം മുൻപ് ആണെന്നു ലക്ഷ്മി പ്രിയ പറഞ്ഞു. ഞാൻ ഒരു കലാകാരി മാത്രമല്ല ഏഴുമാസം പ്രായമായ പ്രീ-മെച്വർ ആയി ജനിച്ച കുട്ടിയുടെ അമ്മ യുമാണ്. രാത്രി ഒമ്പതിനു മുൻപ് ഷൂട്ട് തീരുമെന്നാണ് പറയാറുള്ളത്. എങ്കിലും പലപ്പോഴും രാത്രി വൈകാറുണ്ട്. എന്നാൽ താൻ അതിനെ കുറിച്ച് പരാതിയൊന്നും പറഞ്ഞിട്ടില്ലെന്നും ലക്ഷ്മി പറഞ്ഞു.

അന്നത്തെ സംഭവം ലക്ഷ്മി പ്രിയ പറയുന്നത് ഇങ്ങനെയാണ്: റൂമിൽ നിന്നു വരുമ്പോൾ തന്നെ 7 മാസം മാത്രമായ തന്റെ കുട്ടിക്ക് അസുഖങ്ങൾ ഉണ്ടായിരുന്നു. ഏഴാം മാസത്തിൽ പിറന്ന കുഞ്ഞിന് രോഗപ്രതിരോധശേഷി കുറവാണ്. അതുകൊണ്ടു താനും ഭർത്താവും മാത്രമേ കുട്ടിയുടെ കാര്യങ്ങൾ ശ്രദ്ധിക്കാറുള്ളൂ. വൈകുന്നേരം സീരിയൽ ചിത്രീകരണ വേളയിൽ കുട്ടിയോടൊപ്പം റൂമിലുള്ള ഭർത്താവ് ഫോണിലേക്കു വിളിച്ചു. ഷൂട്ടിങ് സമയത്തു അങ്ങനെ ഫോൺ വിളിക്കാറില്ലാത്ത ഭർത്താവ് വിളിച്ചപ്പോൾ മുതൽ മകളുടെ കാര്യം ഓർത്തു ടെൻഷൻ ആയി. തന്റെ ഷൂട്ട് കഴിഞ്ഞപ്പോൾ തിരിച്ചു വിളിച്ചപ്പോൾ ഭർത്താവ് പരിധിക്കു പുറത്തും. വേഗം എത്താം എന്ന് കരുതിയാണ് അന്നു തന്നെ വാഹനത്തിൽ നേരത്തെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടത്.

എല്ലാദിവസവും ഒരു പരാതിയുമില്ലാതെ അവസാനമാണ് അനുവദിച്ച വാഹനത്തിൽ വീട്ടിൽ എത്തുന്നത്. അന്നത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണു തനിക്കു വേഗം വിട്ടിൽ പോകണമെന്ന് പ്രൊഡക്ഷൻ കൺട്രോളറോട് ആവശ്യപ്പെട്ടത്. എന്നാൽ സീരിയലിലെ മറ്റു ചിലരെ ആദ്യം വീട്ടിൽ എത്തിച്ചതിനു ശേഷമേ ലക്ഷ്മിയെ വിടാൻ പറ്റുകയുള്ളു എന്നാണ് മറുപടി ലഭിച്ചത്. തുടർന്നു തന്റെ അവസ്ഥ കരഞ്ഞു പറഞ്ഞു. ഈ സമയത്താണു പ്രസാദ് നൂറനാട് അവിടെ എത്തിയത്.

ടെക്‌നിഷ്യന്മാർ മനുഷ്യരാണെന്നും ആർടിസ്റ്റുകൾ മാത്രമല്ല അവരും പണിയാണ് എടുക്കുന്നതെന്നും അവർക്കും വിട്ടിൽ പോകണം എന്നും പ്രസാദ് പറഞ്ഞു. എല്ലാവരും മനുഷ്യർ ആണെന്നു മറുപടി പറഞ്ഞപ്പോൾ തന്നെ പോടീ എന്ന് സംവിധായകൻ വിളിച്ചു. വീട്ടിൽ ഉള്ളവരെ അങ്ങനെ വിളിച്ചാൽ മതി എന്നാണ് മറുപടി പറഞ്ഞത്.

തിരിച്ചു റൂമിൽ എത്തിയപ്പോൾ ഭർത്താവും മകളുമില്ല. അവർ ആശുപത്രിയിൽ ആയിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു. ഏഷ്യാനെറ്റിൽ ഇതേ സീരിയലിൽ തനിക്കു അവാർഡ് കിട്ടിയിരുന്നു. അതിന്റെയൊക്കെ സന്തോഷം നിറഞ്ഞു നിന്ന സമയത്താണ് ഈ സംഭവം നടന്നത്. ഇതിനുശേഷം 15 ദിവസം കഴിഞ്ഞാണ് വാർത്തകൾ വന്നത്. ഇതിനു പിന്നിൽ എന്തോ ഉദ്ദേശ്യമുണ്ടെന്നു സംശയിക്കുന്നു എന്നും ലക്ഷ്മിപ്രിയ പറഞ്ഞു.