കുടുംബജീവിതത്തിൽ ദമ്പതികൾ തമ്മിലുള്ള താളപ്പിഴകൾ പരിഹരിക്കുന്ന റിയാലിറ്റി ഷോയായ 'സൊൽവതെല്ലാം ഉൺമൈയെയും അതിന്റെ അവതാരികയായ തന്നെയും സിനിമയിലൂടെ അപമാനിച്ചുവെന്ന ആരോപണവുമായി നടി ലക്ഷ്മി രാമകൃഷ്ണൻ രംഗത്ത്. മലയാളത്തിൽ കഥയല്ലിത് ജീവിതം എന്ന പരിപാടിയുമായി സാമ്യമുള്ള ഷോയാണ് സീ തമിഴ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സൊൽവതെല്ലാം ഉൺമ പരിപാടി.

അരുൺപ്രഭു ഒരുക്കിയ തമിഴ് ചിത്രം 'അരുവി'യിലാണ് വിവാദ സീനുള്ളത്. ഇതിനെതിരെയാണ് ഇപ്പോൾ നടി രംഗത്ത് വന്നത്.സിനിമയിൽ തന്നെ പരിഹസിക്കുന്നുണ്ടെന്ന് സെൻസർ ബോർഡിൽ നിന്നും ചിലർ വിളിച്ച് അറിയിച്ചിരുന്നു. നല്ല കാര്യങ്ങൾക്ക് വേണ്ടിയല്ലേ എന്ന് കരുതി വിട്ടു. നിങ്ങളെ മോശമാക്കി കാണിക്കാനല്ലെന്ന് സംവിധായകനും പറഞ്ഞു. 'സൊൽവതെല്ലാം ഉൺമൈ' വളരെ പ്രചാരമുള്ള പരിപാടിയാണ്. ഒരു സിനിമയിലൂടെ അതിനെ തകർക്കാൻ കഴിയില്ലെന്നൊക്കെ പറഞ്ഞ് എന്നെ ബോധ്യപ്പെടുത്തി. ഞാനും അംഗീകരിച്ചു. പക്ഷേ സിനിമ പുറത്തിറങ്ങിയതോടെ ട്വിറ്ററിൽ പ്രേക്ഷകർ എന്നോട് മോശമായി പ്രതികരിക്കാൻ തുടങ്ങിയെന്നും നടി പറഞ്ഞു.

സൊൽവതെല്ലാം സത്യം എന്ന പേരിൽ ചാനൽപരിപാടിയെ വേണ്ടുവോളം സിനിമയിൽ പരിഹസിച്ചിട്ടുണ്ട്. അത് തന്നെ അപമാനിച്ചതാണെന്നാണ് ലക്ഷ്മി പറയുന്നത്.നിന്റെ കള്ളത്തരങ്ങൾ പുറത്തായി, പോയി ചാവടി എന്നൊക്കെ ആളുകൾ തെറിവിളിക്കാൻ തുടങ്ങി. ഇതൊന്നും എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. എന്റെ വീട്ടുകാരടക്കം ഈ വിഷയത്തിൽ പ്രതികരിക്കരുതെന്നാണ് പറഞ്ഞത്. പക്ഷേ എത്രത്തോളം കേട്ട് നിൽക്കാനാവും. ക്ഷമ നശിച്ചപ്പോൾ ഞാൻ സംവിധായകനെതിരെ പറഞ്ഞതെന്ന് ലക്ഷ്മി പറയുന്നു.

വളരെ കഷ്ടപ്പാടുകൾ സഹിച്ചാണ് ഞാൻ ആ പ്രോഗ്രാം ചെയ്യുന്നത്. ഒരു ദിവസം 6 മണിക്കൂറോളം ജോലി ചെയ്യാറുണ്ട്. ഒരു മണിക്കൂർ ഷോയ്ക്ക് ഇത്രയും നേരം ഇരിക്കുന്നതിന് സംവിധായകനും മറ്റുള്ളവരും എന്നെ ചീത്ത പറയാറുണ്ട്. പക്ഷേ ഒരു പ്രശ്‌നത്തിന് പരിഹാരം കിട്ടാതെ എങ്ങനെയാണ് അവസാനിപ്പിക്കുന്നതെന്നും ലക്ഷ്മി ചോദിക്കുന്നു.