കൊല്ലം/ കുവൈറ്റ് : ലാൽ കെയെഴ്‌സ് കുവൈറ്റും വിശ്വശാന്തി ഫൗണ്ടേഷനും ചേർന്ന് നിർമ്മിച്ച് നൽകുന്ന 'ശാന്തിഭവനം' ത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. കൊല്ലം വെളിയം പഞ്ചായത്തിലെ വാളിയോട് മറവൻകോട് മിച്ചഭൂമി കോളനിയിൽ അജോ ഭവനിൽ ജോസിനും കുടുംബത്തിനും ആണ് ലാൽ കെയെഴ്‌സ് വീട് നിർമ്മിച്ച് നൽകുന്നത്. ഇന്ന് രാവിലെ 11 മണിക്ക് വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർ ബിനോജിന്റെ അധ്യക്ഷതയിൽ എൻ കെ പ്രേമചന്ദ്രൻ എംപി ആണ് ശിലാസ്ഥാപനം നിർവഹിച്ചത്. പ്രസ്തുത ചടങ്ങിൽ വെളിയം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം എം.ബി. പ്രകാശ്, ഗ്രാമ പഞ്ചായത്തംഗം അനിൽ മാലയിൽ, കെ പി സി സി അംഗം വെളിയം ശ്രീകുമാർ എന്നിവർ ആശംസകൾ നേർന്നു. ലാൽകെയേർസ്സ് സെന്റ്രൽ കമ്മിറ്റി അംഗം അനിൽ നന്ദി അറിയിച്ചു

മാനവികതയുടെ ഉദാത്ത മാതൃകയാണ് ലാൽ കെയെഴ്‌സ് വീട് നിർമ്മിച്ച് നൽകുന്നത്. നേരത്തെ അടച്ചുറപ്പില്ലാത്ത കൂരയിൽ ഓൺലൈൻ പഠനത്തിനായി താല്ക്കാലിക വൈദ്യുതി കണക്ഷനിൽ സിനിമ മൊബൈൽ ചാർജ് ചെയ്തപ്പോൾ ഷോക്കേറ്റ് ജോസ് അനിതാ ദമ്പതികളുടെ മകൾ അഞ്ജന മരിച്ചിരുന്നു. ഈ ദുരന്ത വാർത്ത ശ്രദ്ധയിൽപ്പെട്ട ലാൽ കെയെഴ്‌സ് ഭാരവാഹികളാണ് 'ശാന്തി ഭവനം' നിർമ്മിച്ച് നൽകുവാൻ തീരുമാനം എടുത്തത്.

ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന മോഹൻലാൽ ആരാധകരുടെ സംഘടന ലാൽ കെയെഴ്‌സ് കുവൈറ്റ് ഘടകം ഒട്ടനവധി സന്നദ്ധ സേവനങ്ങൾ നടത്തി മാതൃക പ്രവർത്തനം കാഴ്ചവെക്കുന്നു.