ലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പർ ഹിറ്റ് സംവിധായകനാണ് ലാൽ ജോസ്.1998-ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ലാൽ ജോസിന്റെ മീശ മാധവൻ, ക്ലാസ്‌മേറ്റ്‌സ്, അറബികഥ എന്നിങ്ങനെ നീളുന്നു ലാൽ ജോസ് ഒരുക്കിയിട്ടുള്ള ഹിറ്റുകളുടെ നിര.

അറബിക്കഥ പോലെ പച്ചയായ രാഷ്ട്രീയം പറഞ്ഞ സിനിമയെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ഏതെങ്കിലുമൊരു രാഷ്ട്രീയ കക്ഷിയോടോ സംഘടനയോടോ പരസ്യമായ കൂറോ പ്രകടിപ്പിക്കാത്ത ആളാണ് സംവിധായകൻ ലാൽ ജോസ്. എന്നാൽ, സ്‌കൂളിൽ പഠിക്കുന്ന കാലത്ത് താൻ ഒന്ന് രണ്ട് വർഷം ആർ.എസ്.എസിന്റെ ശാഖയിൽ പോയിട്ടുണ്ടെന്നും തനിക്ക് കഥ പറയാനുള്ള കഴിവ് ലഭിച്ചത് അവിടെ നിന്നാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ലാൽ ജോസിപ്പോൾ.

ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അനുഭവം ലാൽജോസ് വെളിപ്പെടുത്തിയത്.എൻ.എസ്.എസ് ഹൈസ്‌കൂളിലെ പഠനകാലത്ത് വെള്ളിയാഴ്ചകളിൽ സഹപാഠികൾ ശാഖയിലേക്ക് പോകുന്ന പതിവുണ്ടായിരുന്നു. രാമായണത്തിലെയും മഹാഭാരതത്തിലെയുമൊക്കെ നല്ല കഥകൾ അവിടെ കേൾക്കാറുണ്ടെന്ന് കൂട്ടുകാർ പറഞ്ഞതിനെ തുടർന്നാണ് ഞാനും ശാഖയിലേക്ക് പോകാൻ തീരുമാനിച്ചത്. വിജയകുമാർഎന്ന് പറഞ്ഞ ഒരു ചേട്ടനാണ് ഈ കഥകൾ പറഞ്ഞു കൊടുക്കുന്നത്. വളരെ സാത്വികമായി പെരുമാറുന്ന, കുട്ടികളുമായി നല്ല പോലെ ഇടപെടുന്ന, നല്ല കഥകൾ പറഞ്ഞു തരുന്ന ഒരാൾ ആയിരുന്നു വിജയകുമാർ. ഏതാണ്ട് ഒന്നോ രണ്ടോ വർഷം പതിവായി വെള്ളിയാഴ്ചകളിൽ അവിടെ കഥകൾ കേൾക്കാൻ ഞാൻപോയിട്ടുണ്ട്-ലാൽജോസ് വ്യക്തമാക്കി.