തിരുവനന്തപുരം: ലാലിസത്തിനു വാങ്ങിയ മുഴുവൻ തുകയും തിരികെ നൽകുമെന്നു നടൻ മോഹൻലാൽ. സംസ്ഥാന സർക്കാരിനെയാണ് മോഹൻലാൽ ഇക്കാര്യം അറിയിച്ചത്. പരിപാടിക്ക് ചെലവാക്കിയ രണ്ടുകോടി രൂപയോളം സർക്കാരിന് തിരികെ നൽകുമെന്നാണ് ലാൽ അറിയിച്ചത്. ആരോപണ ശരങ്ങൾ ദുഃഖിപ്പിച്ചെന്നും വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും മോഹൻലാൽ ആവശ്യപ്പെട്ടു.

കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് അയച്ച ഇ മെയിൽ സന്ദേശത്തിലാണ് പണം തിരികെ നൽകാമെന്നു മോഹൻലാൽ അറിയിച്ചത്. സർക്കാർ തന്നോട് അവസാന നിമിഷം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ലാലിസം പരിപാടി അവതരിപ്പിക്കാൻ തയ്യാറായതെന്നും മോഹൻലാൽ മെയിലിൽ അറിയിച്ചു.

അതുവരെ പരിപാടി അവതരിപ്പിക്കാം എന്നു പറഞ്ഞ സംഗീത സംഘം പിന്മാറിയതിനെ തുടർന്നാണ് തന്റെ പരിപാടിയായ ലാലിസം അവതരിപ്പിക്കാനാകുമോ എന്നാവശ്യപ്പെട്ട് സംഘാടക സമിതി സമീപിച്ചതെന്നു മോഹൻലാൽ പറയുന്നു. അതിനാൽ വേണ്ടത്ര തയ്യാറെടുപ്പില്ലാതെയാണ് പരിപാടി അവതരിപ്പിച്ചതെന്ന ധ്വനിയാണ് മോഹൻലാൽ പങ്കുവച്ചത്.

മോഹൻലാലിന്റെ ഇ-മെയിൽ സന്ദേശം ഇങ്ങനെ: ''ഓരോ മലയാളിയുടേയും സ്‌നേഹവും കരുതലും പ്രാർത്ഥനയും വാൽസല്യവുമാണ് കഴിഞ്ഞ 36 വർഷങ്ങളായി എന്നെ ഞാനായി നിലനിർത്തുന്നത് എന്ന ഉത്തമ ബോധ്യത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷം കേരളം, ദേശിയ ഗെയിംസിന് ആതിഥ്യം അരുളുമ്പോൾ എന്റെ പൂർണമായ സഹകരണവും സാന്നിധ്യവും മഹത്തായ ഈ കായിക മാമാങ്കത്തിന് ഉണ്ടാവണമെന്ന് ബഹുമാന്യരായ മുഖ്യമന്ത്രിയും കായിക വകുപ്പുമന്ത്രിയും എന്നോടാവശ്യപ്പെട്ടു.

അവസാന നിമിഷം, അതുവരെ ആസൂത്രണം ചെയ്ത വലിയൊരു സംഗീത വിരുന്ന് നടക്കാതെ പോകുമെന്ന് വന്നപ്പോൾ, അധികാരികളെന്നെ സമീപിച്ച്, ഞാനേറെ താൽപര്യത്തോടെ തയ്യാറെടുത്തുവന്ന 'ലാലിസം എന്ന ഷോ, ദേശിയ ഗെയിംസിന്റെ
ഉത്ഘാടന വേദിയിൽ അവതരിപ്പിക്കാനാവുമോ എന്നഭ്യർത്ഥിച്ചു. സർക്കാരിന്റെ ഇത്തരം പരിപാടികളുമായി എന്നും സന്തോഷത്തോടെ സഹകരിച്ചിട്ടുള്ള ഞാൻ, കെട്ടിലും മട്ടിലും, ഏറെ വിഭിന്നമായ ലാലിസം എന്ന പെർഫോമൻസ്, ഉള്ളടക്കത്തിലും അവതരണത്തിലും സാങ്കേതിക സങ്കീർണതകൾ ഒഴിവാക്കി ലളിതമായി അവതരിപ്പിക്കാമെന്നേറ്റു. ഒപ്പം, കുഞ്ഞാലിമരയ്ക്കാരെന്ന ധീര ദേശസ്‌നേഹിക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന ഷോയിലും പങ്കെടുക്കാമെന്നേറ്റു.

യാതൊരു പ്രതിഫലവും പറ്റാതെ ഈ രണ്ടു പരിപാടികളിലും പങ്കെടുത്ത്, കായിക കലയുടെ മഹാമേളയോടുള്ള എന്റെ വിനീതമായ പ്രതിബദ്ധത പ്രകാശിപ്പിക്കാനായിരുന്നുഎന്റെ തീരുമാനം.. എന്നാൽ, ഈ പരിപാടികളിൽ പങ്കെടുക്കുന്ന കലാകാരന്മാർക്കും, അണിയറയിൽ അഹോരാത്രം പണിയെടുക്കുന്ന സാങ്കേതിക പ്രവർത്തകർക്കും പ്രതിഫലം നൽകേണ്ടതുണ്ട്.

കൃത്യമായി ഇനം തിരിച്ച് കണക്കാക്കി, ഈ കലാപരിപാടികളുടെ പ്രൊഡക്ഷൻ നിർവഹിച്ച ആളുകൾ പറഞ്ഞ തുക, ഒരു കോടി അറുപതുലക്ഷം രൂപ (സർവീസ് ടാക്‌സ് പുറമെ) സർക്കാരിൽ നിന്നും കൈപ്പറ്റി. അതിൽ ഇതുവരെ ചെലവാക്കിയ തുകയുടെ കണക്ക് ഈ കുറിപ്പിനൊപ്പം വയ്ക്കുന്നു.

ലാലിസം അവതരിപ്പിച്ച് തീർന്ന രാത്രി മുതൽ, ഇതുവരെ ഉയരുന്ന വിവാദ കോലാഹലങ്ങളും വിമർശങ്ങളും ഞാൻ കണ്ടും കേട്ടും,
അറിഞ്ഞുകൊണ്ടേയിരിക്കുന്നു. കേരളത്തിലെ, എന്റെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ഹർഷാരവങ്ങളിലൂടെ, അഭിനന്ദനങ്ങളിലൂടെ, സ്‌നേഹശാസനകളിലൂടെ നടനെന്ന നിലയിൽ പരുവപ്പെട്ട ആളാണ് ഞാൻ. അതിൽ നിന്നെല്ലാം വിഭിന്നമായി നിങ്ങളിൽ ചിലരെങ്കിലും എന്റെ നേർക്ക് തൊടുത്ത ആരോപണശരങ്ങൾ, എന്നെ ദുഃഖിപ്പിക്കുന്നു. ഏറ്റവും നല്ല ഉദ്ദേശത്തോടെ ചെയ്ത കർമ്മത്തെ വളരെ നിസ്സാരമായി, നിരുത്തരവാദപരമായി കളങ്കപ്പെടുത്തിയത്, എന്നെ അഗാധമായി വ്യസനിപ്പിച്ചു.

കഴിഞ്ഞ മൂന്ന് ആഴ്ചകളായി, രാവും പകലും, ഈ പരിപാടിക്കായി നിറഞ്ഞ മനസ്സോടെ ഞാൻ ചെലവിട്ട അധ്വാനത്തെയും എന്റെ ആത്മാർത്ഥതയെയും നിസ്സാരവത്കരിക്കുന്നവരോട്, ഞാൻ സർക്കാരിന്റെ പണം അവിഹിതമായി കൈപ്പറ്റിയെന്ന് ആരോപിക്കുന്നവരോട് എനിക്ക് പരിഭവമോ, പരാതിയോ ഇല്ല. പക്ഷേ, എന്നെ എന്നും സ്‌നേഹ വാൽസല്യങ്ങൾക്കൊണ്ട്
മൂടിയിട്ടുള്ള എന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്ക് എന്നെപ്പറ്റി പ്രേക്ഷകരുടെയുള്ളിൽ സംശയത്തിന്റെ ലാഞ്ചനപോലും
ഉണ്ടാവരുത് എന്നെനിക്ക് നിർബന്ധമുണ്ട്. ഒരു കലാകാരൻ എന്ന നിലയിൽ മാത്രം അസ്തിത്വമുള്ള എന്റെ പേര് വിവാദങ്ങളിലേക്കോ രാത്രി ചർച്ചകളിലേക്കോ ഇനി വലിച്ചിഴയ്‌ക്കേണ്ടതില്ല.

സർക്കാരിൽ നിന്നും ഞാൻ കൈപ്പറ്റിയ മുഴുവൻ തുകയും 1,63,77,600 (ഒരു കോടി അറുപത്തിമൂന്ന് ലക്ഷത്തി എഴുപത്തിയേഴായിരത്തി അറുന്നൂറ്) രൂപ ഞാൻ സർക്കാരിലേക്ക് തിരച്ചടയ്ക്കുന്നു. ഇതോടെ ഇതുസംബന്ധിക്കുന്ന എല്ലാ വിവാദങ്ങളും തീരട്ടെ.'' ദേശീയകായിമേളയ്ക്ക് എല്ലാവിധഭാവുകങ്ങളും നേർന്നുകൊണ്ടാണ് ലാൽ സന്ദേശം അവസാനിപ്പിക്കുന്നത്.

ഇതോടെ ദേശീയ ഗെയിംസിന്റെ പേരിൽ മറ്റൊരു വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ് മോഹൻലാൽ. മറ്റാരും പരിപാടി അവതരിപ്പിക്കാൻ എത്താത്തതിനാൽ തട്ടിക്കൂട്ടു പരിപാടി അവതരിപ്പിക്കേണ്ട ഗതികേടിലാണ് സർക്കാർ തന്നെ കൊണ്ടെത്തിച്ചതെന്ന വിശദീകരണമാണ് ലാലിന്റെ ഇ മെയിൽ നൽകുന്നത്. മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കുമൊക്കെ ഇ മെയിൽ സന്ദേശം അയച്ചിട്ടുണ്ട്.

ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദിയിൽ മോഹൻലാൽ അവതരിപ്പിച്ച ലാലിസം ബാൻഡിനെതിരെ ഒന്നിനു പിറകേ മറ്റൊന്നായി വിമർശനങ്ങൾ ഉയർന്നതോടെ വിവാദത്തിൽ കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ കൈകഴുകിയിരുന്നു. ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച ലാലിസം പരിപാടി നിലവാരമില്ലാതായതിന്റെ ഉത്തരവാദി താനല്ലെന്ന് പറഞ്ഞാണ് തിരുവഞ്ചൂർ സ്വന്തം കാര്യം 'സേഫ്' ആക്കിയത്.

ലാലിസത്തിനെതിരെയുള്ള വിമർശനങ്ങൾക്കുള്ള മറുപടി നടൻ മോഹൻലാൽ പറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലാലിസത്തിന്റെ പേരിൽ ഉദ്ഘാടന ചടങ്ങിന്റെ മികവ് കാണാതെ പോവരുതെന്നും മന്ത്രി പറഞ്ഞു. സംഗീത മാന്ത്രികൻ എ.ആർ.റഹ്മാൻ അടക്കമുള്ളവരുടെ പരിപാടികൾ പരിഗണനയിൽ ഉണ്ടായിരുന്നു. എന്നാൽ കുറഞ്ഞ ചെലവും താരമൂല്യവും കണക്കിലെടുത്താണ് മോഹൻലാലിന്റെ പരിപാടി തിരഞ്ഞെടുത്തത്. പരിപാടി നല്ലതായിരുന്നോ മോശമായിരുന്നോ എന്ന് വിലയിരുത്താനുള്ള വൈദഗ്ദ്ധ്യം തനിക്കില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.

ദേശീയ ഗെയിംസ് നടത്തിപ്പിനെതിരെ ഭരണകക്ഷി നേതാക്കളിൽ നിന്നു തന്നെ വിമർശനം ശക്തമായ സാഹചര്യത്തിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം. അതേസമയം തിരുവഞ്ചൂരിനെ പിന്തുണച്ചുകൊണ്ട് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ രംഗത്തെത്തി. നാഷണൽ ഗെയിംസ് വിവാദമാക്കരുതെന്നു സുധീരൻ പറഞ്ഞു. കേരളം ഒറ്റക്കെട്ടായിനിന്നു ഗെയിംസ് വിജയിപ്പിക്കണം. ആരോപണങ്ങളെക്കുറിച്ചുള്ള ചർച്ച ഗെയിംസിനു ശേഷമാകാമെന്നും സുധീരൻ പറഞ്ഞു.

ഗെയിംസിന്റെ ഉദ്ഘാടന വേദിയിൽ അവതരിക്കപ്പെട്ട മോഹൻലാൽ രതീഷ് വേഗ കൂട്ടുകെട്ടിന്റെ ലാലിസത്തിനെതിരെ സോഷ്യൽ മീഡിയയിൽ അതിശക്തമായ പ്രതിഷേധമാണ് അലയടിക്കുന്നത്. രണ്ട് കോടിയോളം രൂപ നൽകിയ ലാലിസത്തിന് നിലവാരമില്ലെന്നായിരുന്നു വിമർശനം. മോഹൻലാലും സംഘവും ലാലിസം വേദിയിൽ അവതരിപ്പിക്കുമ്പോൾ കേൾപ്പിച്ചത് റെക്കോർഡു ചെയ്ത ഗാനമായിരുന്നു. പാട്ടിനൊപ്പം മോഹൻലാലിന്റെ ചുണ്ടുകൾ അനങ്ങാത്തിന്റെ വീഡിയോ ദൃശ്യങ്ങളിലൂടെ പിഴവുകളിലേക്കുള്ള തെളിവുകൾ പുറത്തുവന്നതോടെ ഭരണരംഗത്തുള്ളവർ തന്നെ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

മോഹൻലാലിനെ മുൻനിർത്തി യുഡിഎഫ് അഴിമതി നടത്തിയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ ഇന്ന് ആരോപിച്ചിരുന്നു മോഹൻലാൽ അഴിമതി നടത്തിയെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്ഘാടന ചടങ്ങിലെ ലാലിസത്തിനത്തിനെതിരെ കെ മുരളീധരൻ എംഎൽഎയും രംഗത്ത് വരികയുണ്ടായി.